കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഹമ്മദിന്റെ മരണം വേഗത്തിലാക്കി; വിദഗ്ധ ചികില്‍സ തടഞ്ഞ് ബിജെപി? വിവരങ്ങള്‍ പുറത്ത്!!

അഹമ്മദിന്റെ നാഡിമിടിപ്പ് നിലച്ചിട്ടും പിറ്റേന്ന് പുലര്‍ച്ചവരെ ആശുപത്രിയില്‍ കിടത്തിയത് വിദഗ്ധ ചികില്‍സ നല്‍കാനാണെന്ന കേന്ദ്രസര്‍ക്കാര്‍ വാദം വ്യാജമാണെന്ന് തെളിയിക്കുന്നതാണ് പുറത്തുവരുന്ന കാര്യങ്ങള്‍.

  • By Ashif
Google Oneindia Malayalam News

ദില്ലി: പാര്‍ലമെന്റില്‍ നിന്ന് നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞുവീണ മുന്‍ കേന്ദ്രമന്ത്രിയും മുസ്ലിംലീഗ് ദേശീയ അധ്യക്ഷനുമായിരുന്ന ഇ അഹമ്മദിന് രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ വിദഗ്ധ ചികില്‍സ ലഭിച്ചില്ലെന്ന് റിപോര്‍ട്ട്. കാര്‍ഡിയാക് ഐസിയുവിലേക്ക് മാറ്റേണ്ടിയിരുന്ന അഹമ്മദിനെ പ്രവേശിപ്പിച്ചത് ട്രോമ ഐസിയുവിലേക്ക്. കേന്ദ്രസര്‍ക്കാരിന്റെ സമ്മര്‍ദ്ദഫലമായാണ് ഈ നടപടിയെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

അഹമ്മദിന്റെ നാഡിമിടിപ്പ് നിലച്ചിട്ടും പിറ്റേന്ന് പുലര്‍ച്ചവരെ ആശുപത്രിയില്‍ കിടത്തിയത് വിദഗ്ധ ചികില്‍സ നല്‍കാനാണെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ വാദം. എന്നാല്‍ ഇക്കാര്യം വ്യാജമാണെന്ന് തെളിയിക്കുന്നതാണ് പുറത്തുവരുന്ന കാര്യങ്ങള്‍. പ്രധാനമന്ത്രിയുടെ ഓഫിസ് ചുമതലയുള്ള കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ഇടപ്പെട്ടതോടെയാണ് ചികില്‍സാ കാര്യങ്ങള്‍ താളംതെറ്റാന്‍ തുടങ്ങിയതെന്നാണ് വിവരം.

കാര്‍ഡിയാക് ഐസിയുവില്‍ അഹമ്മദിനെ പ്രവേശിപ്പിച്ചില്ല

രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ഹൃദയാഘാതമുണ്ടായവരെ പ്രവേശിപ്പിക്കുന്ന കാര്‍ഡിയാക് ഐസിയുവില്‍ അഹമ്മദിനെ പ്രവേശിപ്പിച്ചില്ല. മുന്‍ കേന്ദ്രമന്ത്രി എന്ന പരിഗണനയോ പാര്‍ലമെന്റംഗം എന്ന പദവിയോ ഒന്നുംതന്നെ ആശുപത്രി അധികൃതര്‍ പരിഗണിച്ചില്ല. മുസ്ലിം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ എത്തിയിട്ടും ആശുപത്രി ജീവനക്കാര്‍ പരുഷമായാണ് പെരമാറിയത്.

 ഉന്നത ഇടപെടലുകള്‍

വിഐപികളെയും വിവിഐപികളെയും പ്രവേശിപ്പിക്കാറുള്ള രാം മനോഹര്‍ ലോഹ്യ ആശുപത്രി നഴ്‌സിങ് ഹോമിലെ ഐസിയുവിലേക്ക് തന്നെയായിരുന്നു കുഴഞ്ഞുവീണ അഹമ്മദിനെ പാര്‍ലമെന്റില്‍ നിന്നു കൊണ്ടുപോയത്. തുടക്കത്തില്‍ വിദഗ്ധ ഡോക്ടര്‍മാര്‍ ചികില്‍സക്കെത്തുകയും ചെയ്തു. എന്നാല്‍, കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ആശുപത്രി അധികൃതരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ട്രോമ ഐസിയുവിലേക്ക് മാറ്റിയത്.

കാര്യങ്ങള്‍ തകിടം മറിഞ്ഞു

നഴ്‌സിങ് ഹോമിന്റെ ചുമതലയുള്ള സീനിയര്‍ ഡോക്ടര്‍, അനസ്‌തേഷ്യ വിഭാഗം മേധാവി, കാര്‍ഡിയാക് വിഭാഗം തലവന്‍ എന്നിവര്‍ക്കായിരുന്നു ചികില്‍സാ ചുമതല. നഴ്‌സിങ് ഹോം ഐസിയുവില്‍ വച്ച് പേസ്‌മേക്കര്‍ ഘടിപ്പിച്ചത് കാര്‍ഡിയാക് വിഭാഗമാണ്. ഹൃദയാഘാതമുണ്ടായവരെ പരിശോധിക്കാറുള്ളത് പതിവായി ഇവര്‍ തന്നെയാണ്. പിന്നീടാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്.

കേന്ദ്രമന്ത്രിയുടെ രഹസ്യചര്‍ച്ച

കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ആശുപത്രിയിലെത്തിയതിന ശേഷമാണ് കാര്യങ്ങള്‍ താളംതെറ്റിയത്. ഐസിയുവിലുണ്ടായിരുന്ന എല്ലാ എംപിമാരെയും തൊട്ടടുത്ത മുറിയിലാക്കി വാതിലടച്ചു. ശേഷം മന്ത്രി ഡോക്ടര്‍മാരുമായി രഹസ്യചര്‍ച്ച നടത്തി. തുടര്‍ന്നാണ് തീരുമാനങ്ങള്‍ മാറിമറിഞ്ഞത്. ഈ ചര്‍ച്ചക്ക് ശേഷമാണ് അതുവരെ തീവ്രപരിചരണം നല്‍കിയിരുന്ന നഴ്‌സിങ് ഐസിയുവില്‍ നിന്ന് മാറ്റിയത്.

മാറ്റേണ്ടത് കാര്‍ഡിയാക് ഐസിയുവിലേക്ക്

കാര്‍ഡിയാക് ഐസിയുവിലേക്ക് കൊണ്ടുപോവാനാണ് ഇവിടെ നിന്ന് മാറ്റുന്നതെന്നായിരുന്നു കരുതിയത്. ഹൃദയാഘാതമുണ്ടായ വ്യക്തിയെ കാര്‍ഡിയാക് ഐസിയുവിലേക്ക് മാറ്റാനാണ് യഥാര്‍ഥത്തില്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കേണ്ടതും. ഈ ഐസിയു അഹമ്മദിനെ ആദ്യം കിടത്തിയ സ്ഥലത്തിന്റെ തൊട്ടടുത്താണുതാനും.

മാറ്റിയത് ട്രോമ ഐസിയുവിലേക്ക്

പിന്നീട് അഹമ്മദിനെ മാറ്റിയത് ആശുപത്രിയുടെ മറ്റൊരു ഭാഗത്തുള്ള ട്രോമ ഐസിയുവിലേക്കാണ്. അതിഗുരുതരാവസ്ഥയിലുള്ള രോഗിയാണെന്ന് ചൂണ്ടിക്കാട്ടി സന്ദര്‍ശകരെ വിലക്കുകയും ട്രോമ ഐസിയുവിന് മുന്നില്‍ പ്രവേശനമില്ലെന്ന് കാണിച്ച് നോട്ടീസ് പതിക്കുകയും ചെയ്തു. എന്നാല്‍ ഈ വേളയില്‍ തന്നെ അഹമ്മദ് മരിച്ചിട്ടുണ്ടാവുമെന്നാണ് ബന്ധുക്കള്‍ കരുതുന്നത്.

ആരെയും കാണാന്‍ അനുവദിച്ചില്ല

ഈ സമയമൊന്നും ആശുപത്രിയില്‍ അദ്ദേഹത്തെ കാണാനെത്തിയ രാഷ്ട്രീയ നേതാക്കളെയും മക്കളെയും ബന്ധുക്കളെയും അകത്തേക്ക് പ്രവേശിപ്പിച്ചില്ല. കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ഒന്നടങ്കമെത്തി സംസാരിച്ചിട്ടും അനുമതി നല്‍കിയില്ല. ആശുപത്രി ജീവനക്കാര്‍ ഗുണ്ടകളെ പോലെയാണ് പെരുമാറിയതെന്ന് ആന്റോ ആന്റണി എംപി സാക്ഷ്യപ്പെടുത്തുന്നു.

സോണിയയും രാഹുലുമെത്തി, പക്ഷേ...

രാത്രി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നേരിട്ടെത്തിയിട്ടും ആശുപത്രി അധികൃതര്‍ പ്രവേശനം അനുവദിച്ചില്ല. അവര്‍ കാര്യങ്ങള്‍ വിശദമായി ചോദിച്ചറിയാന്‍ ശ്രമിച്ചപ്പോള്‍ വ്യക്തമായ മറുടപി നല്‍കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ല. രാഹുല്‍ ഗാന്ധി വന്നപ്പോഴും ഇതുതന്നെയായിരുന്നു സ്ഥിതി.

വാഗ്വാദങ്ങള്‍, സംഘര്‍ഷ നിമിഷങ്ങള്‍

ഏറെ നേരത്തെ വാഗ്വാദത്തിന് ശേഷം ഐസിയുവില്‍ അദ്ദേഹത്തെ കാണാന്‍ അവസരം ലഭിച്ച ബന്ധുക്കള്‍ക്കും എംപിമാര്‍ക്കും കാണാന്‍ സാധിച്ചത് അഹമ്മദ് സാഹിബിന്റെ മൃതദേഹമായിരുന്നു. യാതൊരു ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായവുമില്ലാതെ കിടക്കയില്‍ കിടത്തിയിരുന്ന കാഴ്ചയാണ് അവര്‍ക്ക് കാണാനായത്. മൃതദേഹത്തിന്റെ മുഖം രൂപം മാറിയിരുന്നു.

അവസാന ആഗ്രഹങ്ങളും തടഞ്ഞു

പുണ്യജലമായ സംസം വെള്ളം പകര്‍ന്നുനല്‍കുന്നതിനോ വിശ്വാസപരമായ മറ്റു ചടങ്ങുകള്‍ നിര്‍വഹിക്കുന്നതിനോ ഉള്ള അവസരം അദ്ദേഹത്തിനു നിഷേധിക്കപ്പെട്ടു. ഇതൊന്നും യാദൃച്ഛികമായി സംഭവിച്ചതല്ല എന്നു തെളിയിക്കുന്നതായിരുന്നു വെള്ളിയാഴ്ച പാര്‍ലമെന്റില്‍ നടന്ന സംഭവങ്ങളെന്ന് ആന്റോ ആന്റണി പറയുന്നു. ബജറ്റ് അവതരണം മാറ്റില്ലെന്ന് കടുത്ത തീരുമാനമെടുക്കുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍.

തുറന്നുപറഞ്ഞ് മക്കളുടെ കത്ത്

രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പിതാവിന് മെഡിക്കല്‍ ധാര്‍മികതയ്ക്ക് വിരുദ്ധമായാണ് പരിചരണം ലഭിച്ചതെന്ന് അഹമ്മദ് എംപിയുടെ മക്കള്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യം വിശദീകരിച്ച് അവര്‍ ആശുപത്രിക്ക് കത്തയച്ചു. മക്കളായ ഡോ.ഫൗസിയ, ഷര്‍ഷാദ്, റഈസ് അഹമ്മദ്, നസീര്‍ അഹമ്മദ് എന്നിവരാണ് ഇക്കാര്യം അറിയിച്ചത്. ഡല്‍ഹിയിലെ എംപി ഓഫിസിലേക്കാണ് കത്തയച്ചത്. ഇത് ആശുപത്രി അധികൃതര്‍ക്ക് കൈമാറും.

ജൂനിയര്‍ ഡോക്ടര്‍മാര്‍ മാത്രം

ഗുരുതരാവസ്ഥയിലായിരുന്ന പിതാവിനെ കാണാനാവില്ലെന്നാണ് രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞത്. എന്നാല്‍ ആശുപത്രിയില്‍ പരിചരണത്തിനുണ്ടായിരുന്നത് ജൂനിയര്‍ ഡോക്ടര്‍മാര്‍ മാത്രമായിരുന്നു. രോഗിയെ കാണാന്‍ ആരെയും അനുവദിക്കരുതെന്ന് മുകളില്‍ നിന്ന് നിര്‍ദേശമുണ്ടന്നാണ് വിശദാംശങ്ങള്‍ ചോദിച്ചപ്പോള്‍ ഒരു ജൂനിയര്‍ ഡോക്ടര്‍ പറഞ്ഞതെന്ന് കത്തില്‍ വ്യക്തമാക്കുന്നു.

ഞെട്ടിക്കുന്ന മറുപടികള്‍

മകളും ഭര്‍ത്താവും വിദഗ്ധ ഡോക്ടര്‍മാരാണെന്ന് പരിചയപ്പെടുത്തിയിട്ടും ഇസിഎംഒ വിധേയമാക്കുന്നതിനുള്ള അനുമതി ചോദിക്കാതെ അത് ചെയ്യുകയാണെന്ന വിവരം തങ്ങളെ ഞെട്ടിച്ചു. ഇസിഎംഒ ചെയ്യുന്നതിനുമുമ്പ് ബ്രൈന്‍സ്റ്റം ഫങ്ഷനിങ് നോക്കിയോ എന്ന് ചോദിച്ചപ്പോള്‍ ഇല്ല എന്ന ഞെട്ടിക്കുന്ന മറുപടിയാണ് കിട്ടിയത്. രാത്രി 12ന് ബ്രൈന്‍സ്റ്റം ടെസ്റ്റിനെക്കുറിച്ച് ചോദിച്ചിട്ടും ഇല്ലെന്നായിരുന്നു മറുപടി. രാത്രി രണ്ടിനും അത് ചെയ്തില്ല എന്ന മറുപടി ആവര്‍ത്തിച്ചു. ഇത്ര ഗുരുതരമായ താമസം എന്തിനാണുണ്ടായതെന്ന് കത്തില്‍ ചോദിക്കുന്നു.

English summary
Former state External affairs minister E Ahamed's last times in Ram Manohar Lohia Hospital is revealed by MP's. They accused dead body hand over delayed by Central government. ahamed was represent Manjeri, Malappuram, Ponnani in Lok sabha. also industrial minister in kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X