ചിപ്പ് ഘടിപ്പിച്ച പുതിയ ഇ-പാസ്‌പോര്‍ട്ട്; വ്യക്തിവിവരങ്ങള്‍ ഉള്ളടക്കം, എങ്ങനെ അപേക്ഷിക്കാം, ഫീസ് എത്ര
ചിപ്പ് ഘടിപ്പിച്ച പുതിയ ഇ-പാസ്‌പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെയാണ് തുടങ്ങിയത്. വ്യക്തി വിവരങ്ങളെല്ലാം ചിപ്പില്‍ അടങ്ങിയിരിക്കും. വിമാനത്താവളങ്ങളിലും മറ്റും പരിശോധന വേഗത്തിലാക്കാനും യാത്ര എളുപ്പമാക്കാനും സഹായിക്കുന്നതാണ് ഇ പാസ്‌പോര്‍ട്ട്. സാധാരണ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് പോലെ തന്നെയാണ് കെട്ടിലും മട്ടിലും തോന്നിക്കുക.
എന്നാല്‍ പിന്‍കവറില്‍ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടാകും എന്നതാണ് പ്രത്യേകത. ഫോട്ടോ, വിരലടയാളം, തിരിച്ചറിയല്‍ വിവരങ്ങള്‍ എന്നിവയെല്ലാം ഉള്‍ക്കൊള്ളിച്ചുള്ളതാണ് ചിപ്പ്. മറ്റുള്ളവര്‍ക്ക് നിയമവിരുദ്ധമായി വിവരങ്ങള്‍ ചോര്‍ത്താന്‍ സാധിക്കാത്ത വിധം അന്താരാഷ്ട്ര നിലവാരത്തിലുള്ളതാണ് ചിപ്പ്. പാസ്‌പോര്‍ട്ട് തട്ടിപ്പ് ഇല്ലാതാക്കുക എന്ന ലക്ഷ്യവും ഇതിലൂടെ സര്‍ക്കാരിനുണ്ട്.

സാധാരണ പാസ്‌പോര്‍ട്ട് എടുക്കാന്‍ വേണ്ട യോഗ്യതകള്‍ തന്നെയാണ് ഇ-പാസ്‌പോര്‍ട്ടിനും വേണ്ടത്. പുതിയ പാസ്‌പോര്‍ട്ട് എടുക്കുന്നവര്‍ക്ക് ഇ-പാസ്‌പോര്‍ട്ടിന് ആവശ്യപ്പെടാം. പഴയ പാസ്‌പോര്‍ട്ട് പുതുക്കി ഇ-പാസ്‌പോര്‍ട്ട് ആക്കി മാറ്റുകയും ചെയ്യാം. എന്നാല്‍ രാജ്യത്തെ എല്ലാ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളിലും ഇ-പാസ്‌പോര്‍ട്ട് ലഭ്യമല്ല. ഘട്ടങ്ങളായി എല്ലാ പാസ്‌പോര്‍ട്ട് കേന്ദ്രങ്ങളിലും സൗകര്യങ്ങള്‍ ലഭ്യമാകും.
ശക്തമായ സുരക്ഷ ഉറപ്പ് നല്‍കുന്നു എന്നതാണ് ഇ-പാസ്‌പോര്‍ട്ടിന്റെ ഗുണം. ദുരുപയോഗം ചെയ്യുന്നത് തയാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. വിമാനത്താവളത്തിലും മറ്റും വേഗത്തില്‍ പരിശോധന പൂര്‍ത്തിയാക്കാം. രാജ്യാന്തര നിലവാരം പുലര്‍ത്തുന്നതിനാല്‍ വിദേശ വിമാനത്താവളങ്ങളില്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കും.
അപേക്ഷ ഇങ്ങനെ, ഫീസ് അറിയാം
സാധാരണ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്ന രീതിയില്‍ തന്നെയാണ് ഇ-പാസ്‌പോര്‍ട്ടിനും അപേക്ഷിക്കേണ്ടത്. പാസ്‌പോര്‍ട്ട് സേവാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. പുതിയ പാസ്‌പോര്‍ട്ടിന് വേണ്ടിയുള്ള ഓണ്‍ലൈന്‍ ഫോറം ഫില്‍ ചെയ്യണം. ഫീസ് അടച്ച് പാസ്‌പോര്‍ട്ട് കേന്ദ്രത്തിലെ അപോയന്റ്‌മെന്റ് ബുക്ക് ചെയ്യണം. അപ്പോയ്‌മെന്റ് ലഭിക്കുന്ന തിയ്യതിയില്‍ രേഖകളുമായി പാസ്‌പോര്‍ട്ട് കേന്ദ്രത്തിലെത്തി ഫോട്ടോയും വിരലടയാളവും ഉള്‍പ്പെടെ നല്‍കണം.
പോലീസ് പരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയായാല്‍ ഇ-പാസ്‌പോര്‍ട്ട് അപേക്ഷകന്റെ വിലാസത്തില്‍ അയച്ചുതരും. ഇ-പാസ്‌പോര്‍ട്ട് അപേക്ഷിക്കുന്നതിന് അധിക ചെലവില്ല. 36 പേജുള്ള ബുക്ക്‌ലെറ്റിന് 1500 രൂപയും 60 പേജുള്ള ബുക്ക്‌ലെറ്റിന് 2000 രൂപയുമാണ് ഫീസ്. വേഗത്തില്‍ പാസ്‌പോര്‍ട്ട് ലഭിക്കുന്നതിന് അധിക നിരക്ക് ഈടാക്കും.












Click it and Unblock the Notifications