ഇ10 പെട്രോള്‍ തിരിച്ചുകൊണ്ടുവരാന്‍ കേന്ദ്രം? പഴയ വാഹനങ്ങള്‍ക്ക് ഇ20 പെട്രോള്‍ നിര്‍ബന്ധമാക്കിയേക്കില്ല
ഇ20 പെട്രോളിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ ഇ10 പെട്രോള്‍ തിരിച്ചെത്താനുള്ള സാധ്യത തെളിയുന്നു. ഇ10 പെട്രോള്‍ ഒരു അധിക ഇന്ധന ഓപ്ഷനായി തിരിച്ചെത്തിയേക്കും എന്നാണ് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇ10 പെട്രോള്‍ വീണ്ടും കൊണ്ടുവരുന്നതിനെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരന്‍ പിന്തുണച്ചതിന് പിന്നാലെയാണ് നീക്കം.
ഇ10 പെട്രോള്‍ ഒരു ഓപ്ഷനായി തിരികെ കൊണ്ടുവരുന്നതിനെക്കുറിച്ച് സര്‍ക്കാരിനുള്ളില്‍ ചര്‍ച്ചകള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇ20നൊപ്പം ഇ10 കൂടി ലഭ്യമാക്കുന്നതിന്റെ പ്രായോഗികതയെക്കുറിച്ച് സര്‍ക്കാരും വാഹന-ഇന്ധന വ്യവസായ
മേഖലകളും തമ്മില്‍ പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചതായി ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പഴയ വാഹനങ്ങള്‍ക്കെങ്കിലും ഇ10 വീണ്ടും കൊണ്ടുവരണമെന്ന് നാഗേശ്വരന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും ചര്‍ച്ചകള്‍ പ്രാഥമിക ഘട്ടത്തിലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നിരുന്നാലും ഈ നീക്കം വളരെ പ്രധാനമാണ്. കാരണം, 2030-ല്‍ നടപ്പാക്കേണ്ടിയിരുന്ന ഇ20 ബ്ലെന്‍ഡിംഗ് തിടുക്കത്തില്‍ അവതരിപ്പിച്ചത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിട്ടും, ഇ10ലേക്കുള്ള മടക്കം സര്‍ക്കാര്‍ അടുത്തിടെ വരെ തള്ളിക്കളഞ്ഞിരുന്നു.
ഇ20 പെട്രോളില്‍ 20 ശതമാനം എഥനോളും 80 ശതമാനം പെട്രോളുമാണ് അടങ്ങിയിരിക്കുന്നത്, അതേസമയം ഇഋ10ല്‍ 10 ശതമാനം എഥത്തനോളാണുള്ളത്. 'അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി കുറയ്ക്കുക, മലിനീകരണം കുറയ്ക്കുക, കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുക' എന്നീ ലക്ഷ്യങ്ങളുടെ ഭാഗമായി 2025-26-ല്‍ ഇന്ത്യ ശരാശരി 20 ശതമാനം എഥനോള്‍ മിശ്രണം കൈവരിച്ചതായി സര്‍ക്കാര്‍ അറിയിച്ചിരുന്നു.
ഇ20 ഇന്ധനം നടപ്പിലാക്കിയത് 2023-ന് മുമ്പ് വാങ്ങിയ വാഹനങ്ങളുടെ ഉടമകളില്‍ ആശങ്കയുണ്ടാക്കിയിരുന്നു. മൈലേജ് കുറയുന്നതും എന്‍ജിന്‍ ഭാഗങ്ങള്‍ക്ക്, പ്രത്യേകിച്ച് ഫ്യുവല്‍ ഇന്‍ജക്ഷന്‍ സിസ്റ്റത്തിന് കേടുപാടുകള്‍ സംഭവിക്കുന്നതുമാണ് ഇവരുടെ പ്രധാന ആശങ്കകള്‍. പെട്രോളില്‍ 20% എത്തനോള്‍ കലര്‍ത്തുന്നത് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയപ്പോഴും ഇന്ത്യയിലെ 80 ശതമാനത്തിലധികം വാഹനങ്ങളും ഇ20ന് അനുയോജ്യമായിരുന്നില്ല.
തങ്ങളുടെ വാഹനങ്ങള്‍ ഉപയോഗത്തില്‍ നിന്ന് പിന്‍വലിക്കുന്നത് വരെ ഇ10 പെട്രോള്‍ ലഭ്യമാക്കണമെന്ന് ആളുകള്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇ20 മൂലം എന്‍ജിന് കേടുപാടുകള്‍ സംഭവിക്കുന്നു എന്നതിന് തെളിവുകളില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇ20 നടപ്പിലാക്കിയതിനെതിരായ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ വര്‍ധിക്കുന്നതിനിടയിലാണ് ഇത്തരം ചര്‍ച്ചകളും നടക്കുന്നത്.
പഴയ വാഹനങ്ങള്‍ക്ക് ഇ10 പെട്രോള്‍ വീണ്ടും ഒരു ഓപ്ഷനായി കൊണ്ടുവരണമെന്ന നാഗേശ്വരന്റെ അഭിപ്രായം ചൂണ്ടിക്കാട്ടി സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. സര്‍ക്കാരിന്റെ തന്നെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഇ20 പെട്രോള്‍ നയത്തിലെ പോരായ്മകള്‍ തുറന്നുകാട്ടിയിരിക്കുന്നു എന്ന് കോണ്‍ഗ്രസ് എംപി രണ്‍ദീപ് സിംഗ് സുര്‍ജേവാലയും പറഞ്ഞിരുന്നു.
അതേസമയം ഇ10 വീണ്ടും കൊണ്ടുവരുന്നതിന്, രണ്ട് വ്യത്യസ്ത പെട്രോള്‍ മിശ്രിതങ്ങളുടെ സംഭരണം, ഗതാഗതം, വിതരണം എന്നിവയ്ക്കുള്ള ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ തലത്തിലും എണ്ണക്കമ്പനികളുടെ ഭാഗത്തുനിന്നും പരിഗണിക്കേണ്ടതുണ്ട്. എഥനോള്‍ മിശ്രണത്തിന്റെ അളവ് ഇ27ലേക്കോ ഇ30ലേക്കോ ഉയര്‍ത്തുന്നതിന് മുമ്പ്, ഭക്ഷണം, കാലിത്തീറ്റ, ഭൂമി, ജലലഭ്യത എന്നിവയിലുണ്ടാകുന്ന ആഘാതങ്ങള്‍ കൃത്യമായി വിലയിരുത്തണമെന്ന് നാഗേശ്വരന്‍ ആവശ്യപ്പെട്ടിരുന്നു.
ഈ ചര്‍ച്ചകള്‍ സര്‍ക്കാരിന്റെ മുന്‍ നിലപാടില്‍ നിന്നുള്ള ഒരു മാറ്റത്തെയും, ഒരുപക്ഷേ പിന്നോട്ടുള്ള ചുവടുവെപ്പിനെയുമാണ് സൂചിപ്പിക്കുന്നത്. വിപുലമായ പരീക്ഷണങ്ങള്‍ക്ക് ശേഷം ശാസ്ത്രീയമായി അംഗീകരിക്കപ്പെടുകയും വാഹന നിര്‍മ്മാണ മേഖല സ്വീകരിക്കുകയും ചെയ്ത ഒന്നാണ് ഇ20 എന്നും അതിനാല്‍, ഇ0/ഇ10 പെട്രോളിലേക്ക് തിരിച്ചുപോകാനുള്ള യാതൊരു നിര്‍ദ്ദേശവുമില്ല എന്നുമായിരുന്നു കേന്ദ്രം ഇതുവരെ പറഞ്ഞുകൊണ്ടിരുന്നത്.
ഇ20 മിശ്രിതത്തെ സര്‍ക്കാര്‍ ശക്തമായി ന്യായീകരിക്കുകയും, വ്യത്യസ്ത ഗ്രേഡിലുള്ള പെട്രോള്‍ നിലനിര്‍ത്തുന്നത് അധിക ലോജിസ്റ്റിക്, അടിസ്ഥാന സൗകര്യ ആവശ്യകതകള്‍ക്ക് വഴിവെക്കുമെന്ന് വാദിക്കുകയും ചെയ്തിരുന്നു. ഇ10 ഇന്ധനം വീണ്ടും ലഭ്യമാക്കണമെന്ന നിര്‍ദ്ദേശത്തെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരന്‍ പിന്തുണച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് സര്‍ക്കാര്‍ തലത്തിലുള്ള ചര്‍ച്ചകളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവന്നത്.





Click it and Unblock the Notifications