എഥനോള്‍ 14 ലിറ്റര്‍ കൂടുതല്‍, പെട്രോള്‍ കുറവ്... ഐഒസിഎല്‍ ഇന്ധന മീറ്ററുകളില്‍ ക്രമക്കേടെന്ന് കര്‍ണാടക
ബെംഗളൂരുവിനടുത്തുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ ടെര്‍മിനലിലെ മൂന്ന് ഇന്ധന അളവ് നിര്‍ണയ സംവിധാനങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കി. എഥനോള്‍, പെട്രോള്‍ എന്നിവയുടെ അളവ് രേഖപ്പെടുത്തുന്നതില്‍ പിഴവുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കര്‍ണാടക ലീഗല്‍ മെട്രോളജി വകുപ്പിന്റെ നടപടി. ഓരോ 3,000 ലിറ്റര്‍ എഥനോള്‍ അളക്കുമ്പോഴും 14 ലിറ്റര്‍ അധികമായി രേഖപ്പെടുത്തിയതാണ് ഇതിലൊരു പ്രധാന പിഴവ്.
ബെംഗളൂരു, മൈസൂരു ഡിവിഷനുകളിലെ ജോയിന്റ് കണ്‍ട്രോളര്‍ ഓഫ് ലീഗല്‍ മെട്രോളജി നവംബര്‍ 25-ന് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ കമ്പനിയുടെ ദേവനഗോന്തി ടെര്‍മിനലിലെ മൂന്ന് മാസ് ഫ്‌ലോ മീറ്ററുകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതായി പറയുന്നു.

ബേ നമ്പര്‍ 9-ലെ ഒരു എഥനോള്‍ മീറ്റര്‍, 3,000 ലിറ്റര്‍ അളക്കുമ്പോള്‍ 14 ലിറ്റര്‍ അധികമായി നല്‍കുന്നതായി കണ്ടെത്തി. ബേ നമ്പര്‍ 4-ലെ മറ്റൊരു എഥനോള്‍ മീറ്റര്‍ 3 ലിറ്റര്‍ അധികമായും, ബേ നമ്പര്‍ 9-ലെ തന്നെ പെട്രോള്‍ അളക്കുന്ന മീറ്റര്‍ 4 മുതല്‍ 6 ലിറ്റര്‍ വരെ കുറവായും രേഖപ്പെടുത്തി.
പെട്രോളിലെ എഥനോളിന്റെ അളവിനെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ കണ്ടെത്തലുകളെത്തുടര്‍ന്ന്, വിപുലമായ പരിശോധനകളുടെ ഭാഗമായാണ് ഈ പരിശോധനയും നടത്തിയതെന്ന് ഭക്ഷ്യ, സിവില്‍ സപ്ലൈസ്, ഉപഭോക്തൃ കാര്യ, ലീഗല്‍ മെട്രോളജി മന്ത്രി റിസ്വാന്‍ അര്‍ഷാദ് പറഞ്ഞു.
'പെട്രോളില്‍ അനുവദനീയമായ പരിധിക്ക് മുകളില്‍ എഥനോള്‍ കലര്‍ത്തുന്നത് കര്‍ണാടക സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന്, ഇന്ധന മിശ്രണം നടക്കുന്ന ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികളുടെ ടെര്‍മിനലുകളില്‍ ലീഗല്‍ മെട്രോളജി വകുപ്പ് പരിശോധന ആരംഭിച്ചു,' അദ്ദേഹം വ്യക്തമാക്കി.
ദേവനഗോന്തിയിലെ ഐഒസിഎല്‍ ടെര്‍മിനലില്‍, കൃത്യത പരിശോധിച്ച അളവ് ഉപകരണങ്ങള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍, 3,000 ലിറ്റര്‍ എഥനോള്‍ അളക്കുമ്പോള്‍ 14 ലിറ്റര്‍ അധികമായും, പെട്രോള്‍ 4-6 ലിറ്റര്‍ കുറവായും നല്‍കുന്നതായി കണ്ടെത്തി. ഈ രണ്ട് വ്യതിയാനങ്ങളും അനുവദനീയമായ പരിധിക്ക് പുറത്താണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലീഗല്‍ മെട്രോളജി വകുപ്പ് ഈ ഉപകരണങ്ങളെ അംഗീകൃത മാസ്റ്റര്‍ പ്രൂവിംഗ് മെഷറുമായി താരതമ്യം ചെയ്ത് പരിശോധിച്ചു. കണ്ടെത്തിയ മൂന്ന് പിഴവുകളും ലീഗല്‍ മെട്രോളജി ആക്റ്റ് പ്രകാരവും അനുബന്ധ ചട്ടങ്ങള്‍ പ്രകാരവും അനുവദനീയമായ പരിധികളേക്കാള്‍ കൂടുതലാണെന്ന് വ്യക്തമായി. നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ പാലിക്കാത്ത അളവ് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത്, വിതരണം ചെയ്യുന്ന പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ അളവ് തെറ്റായി കണക്കാക്കുന്നതിലേക്ക് നയിച്ചേക്കാം.
ഈ മൂന്ന് അളക്കല്‍ സംവിധാനങ്ങളുടെയും കൃത്യതയും, അവ നിയമപരമായ നിബന്ധനകള്‍ പാലിക്കുന്നുണ്ടോ എന്ന കാര്യവും ഉറപ്പാക്കുന്നത് വരെ, അവ വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് നിര്‍ത്തിവെക്കാന്‍ ടെര്‍മിനല്‍ ഇന്‍-ചാര്‍ജിനോട് നിര്‍ദ്ദേശിച്ചതായി നോട്ടീസില്‍ പറയുന്നു.
നോട്ടീസ് ലഭിച്ച തീയതി മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍, കണ്ടെത്തിയ അപാകതകളെക്കുറിച്ച് വിശദീകരണം നല്‍കാനും, പരിശോധനാ സര്‍ട്ടിഫിക്കറ്റുകള്‍, കാലിബ്രേഷന്‍, പരിപാലന രേഖകള്‍, മറ്റ് അനുബന്ധ രേഖകള്‍ എന്നിവ സമര്‍പ്പിക്കാനും കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മീറ്ററുകളുടെയും അവയുമായി ബന്ധപ്പെട്ട ബാച്ച് കണ്‍ട്രോള്‍ യൂണിറ്റുകളുടെയും കൃത്യത ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികളും, പരിഹാരത്തിനായി നിര്‍ദ്ദേശിക്കുന്ന നടപടികളും ഇതില്‍ വ്യക്തമാക്കണം.
ടെര്‍മിനലിനെതിരെയും, ഉപകരണങ്ങളുടെ പ്രവര്‍ത്തനത്തിനും പരിപാലനത്തിനും ഉത്തരവാദികളായവര്‍ക്കെതിരെയും നിയമപരവും വകുപ്പുതലവുമായ നടപടികള്‍ സ്വീകരിക്കാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടോ എന്ന് വിശദീകരിക്കാനും നോട്ടീസില്‍ ആവശ്യപ്പെടുന്നു. തൃപ്തികരമല്ലാത്ത മറുപടിയാണ് ലഭിക്കുന്നതെങ്കില്‍, തുടര്‍ അറിയിപ്പുകളൊന്നും കൂടാതെ ലീഗല്‍ മെട്രോളജി ആക്റ്റ്, 2009 പ്രകാരം നടപടികള്‍ സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.
സംസ്ഥാനത്തെ ഏഴ് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ നിന്ന് 63 പെട്രോള്‍ സാമ്പിളുകള്‍ നേരത്തെ ശേഖരിച്ചിരുന്നു. ഇതില്‍ ലബോറട്ടറി ഫലങ്ങള്‍ ആദ്യം ലഭിച്ച 14 സാമ്പിളുകളില്‍ 11 എണ്ണത്തിലും, അനുവദനീയമായ 20 ശതമാനം പരിധിക്ക് മുകളില്‍ എഥനോള്‍ അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയിരുന്നു. ഒരു ഐഒസിഎല്‍ ഔട്ട്ലെറ്റില്‍ നിന്ന് ശേഖരിച്ച സാമ്പിളിലാണ് ഏറ്റവും ഉയര്‍ന്ന അളവായ 31.2 ശതമാനം എഥനോള്‍ കണ്ടെത്തിയത്.
എന്നാല്‍, സംസ്ഥാനം സാമ്പിളുകള്‍ ശേഖരിച്ച രീതിയെയും പരിശോധനാ നടപടിക്രമങ്ങളെയും ചോദ്യം ചെയ്തുകൊണ്ട്, പൊതുമേഖലാ എണ്ണ വിപണന കമ്പനികളായ ഐഒസിഎല്‍, ബിപിസിഎല്‍, എച്ച്പിസിഎല്‍ എന്നിവര്‍ രംഗത്തെത്തിയിരുന്നു.





Click it and Unblock the Notifications
