ഇ20 പെട്രോളില്‍ എഥനോളിന്റെ അളവ് 19.9% മാത്രം... പരസ്യമായി തെളിയിച്ച് എണ്ണക്കമ്പനികള്‍
കര്‍ണാടകയില്‍ പെട്രോളില്‍ അമിതമായ അളവില്‍ എഥനോള്‍ കലര്‍ത്തുന്നുണ്ടെന്ന ആരോപണങ്ങള്‍ക്കിടെ ഇ20 പെട്രോളിന്റെ ഗുണനിലവാരം പരസ്യമായി തെളിയിച്ച് പൊതുമേഖലാ എണ്ണ വിപണന കമ്പനികള്‍. ഉപഭോക്താക്കളുടെ സാന്നിധ്യത്തില്‍ നടത്തിയ പരിശോധനയില്‍ പെട്രോള്‍ സാമ്പിളില്‍ 19.9 ശതമാനം മാത്രമാണ് എഥനോള്‍ കണ്ടെത്തിയത് എന്ന് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് അറിയിച്ചു.
സുതാര്യമായ പരിശോധനാ രീതികളിലുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് ഇതിലൂടെ തെളിയിക്കപ്പെട്ടത് എന്നും കമ്പനി അവകാശപ്പെട്ടു. 'വസ്തുതകള്‍ പരിശോധിച്ചുറപ്പിച്ചു, വിശ്വാസം കൂടുതല്‍ ശക്തമായി, ഇന്ധനത്തിന്റെ ഗുണനിലവാരം ഉറപ്പുനല്‍കുകയും ചെയ്തു' ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് എക്‌സില്‍ വ്യക്തമാക്കി. കര്‍ണാടകയില്‍ പൊതുമേഖലാ എണ്ണ കമ്പനികള്‍ പരിശോധിച്ച 56 സാമ്പിളുകളുടെ ഫലങ്ങള്‍ എച്ച്പിസിഎല്ലും പുറത്തുവിട്ടു.

വിവാദങ്ങള്‍ക്കിടയില്‍ ഈ ഫലങ്ങള്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാക്കുന്നുണ്ടെന്ന് കമ്പനി ചൂണ്ടിക്കാട്ടി. 'ആരോപണങ്ങള്‍ വാര്‍ത്തകളില്‍ നിറയുമ്പോള്‍, വസ്തുതകള്‍ക്കാണ് അന്തിമ പ്രസക്തിയുള്ളത്,' എന്ന് എച്ച്പിസിഎല്‍ എക്‌സില്‍ കുറിച്ചു. പരിശോധിച്ച സാമ്പിളുകളില്‍ ശരാശരി 19.3 ശതമാനം എഥനോള്‍ ആണ് അടങ്ങിയിട്ടുള്ളത് എന്നും കമ്പനി അറിയിച്ചു.
ഇന്ധനത്തിന്റെ ഗുണനിലവാരം നിര്‍ണ്ണയിക്കുന്നതില്‍, നിശ്ചിത പരിശോധനാ രീതികളും അംഗീകൃത റഫറന്‍സ് സാമഗ്രികളും പ്രധാനമാണെന്ന് കമ്പനി വ്യക്തമാക്കി. കൃത്യമായ ഫലങ്ങള്‍ ലഭിക്കുന്നതിന് വെറും കണക്കുകള്‍ മാത്രമല്ല, അവ കണ്ടെത്തുന്നതിന് ഉപയോഗിക്കുന്ന ശാസ്ത്രീയ രീതിശാസ്ത്രവും പ്രധാനമാണെന്ന് അവര്‍ വ്യക്തമാക്കി.
കര്‍ണാടകയിലെ ചില റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ പെട്രോളില്‍ അമിതമായ അളവില്‍ എഥനോള്‍ കലര്‍ത്തുന്നുണ്ടെന്ന ആരോപണം സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ് ഉന്നയിച്ചത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരും എണ്ണ വിപണന കമ്പനികളും ഇത് തള്ളിക്കളഞ്ഞിരുന്നു.
രാജ്യവ്യാപകമായ ഗുണനിലവാര നിരീക്ഷണത്തിന്റെ ഭാഗമായി കര്‍ണാടകയില്‍ പരിശോധിച്ച 56 സാമ്പിളുകളും ഇ20 മാനദണ്ഡങ്ങള്‍ പാലിക്കുന്നവയാണെന്നും, അവയില്‍ 19 മുതല്‍ 20 ശതമാനം വരെ എഥനോള്‍ അടങ്ങിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചിരുന്നു. കര്‍ണാടകയില്‍ നടത്തിയ പരിശോധനയിലെ സാമ്പിള്‍ ശേഖരണ രീതിയെയും പരിശോധനാ രീതിശാസ്ത്രത്തെയും മന്ത്രാലയം ചോദ്യം ചെയ്തു.
26 മുതല്‍ 31 ശതമാനം വരെ എഥനോള്‍ കലര്‍ത്തുന്നുണ്ടെന്ന ആരോപണങ്ങള്‍ക്ക്, നിയമപരവും സാങ്കേതികവുമായ നടപടിക്രമങ്ങള്‍ പാലിച്ച് നടത്തിയ പരിശോധനകളില്‍ യാതൊരു തെളിവുമില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. കര്‍ണാടക ഉള്‍പ്പെടെ രാജ്യത്തുടനീളം ഐഒസിഎല്‍, എച്ച്പിസിഎല്‍, ബിപിസിഎല്‍ എന്നിവ വിതരണം ചെയ്യുന്ന ഇ20 പെട്രോള്‍, ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സിന്റെ മാനദണ്ഡമായ ഐഎസ് 17021 മാനദണ്ഡം പാലിക്കുന്നതാണ്.
ചട്ടങ്ങള്‍ പ്രകാരം ഇന്ധനം സൂക്ഷിച്ചുവെക്കുന്നതിനും, പരിശോധിക്കുന്നതിനും, ഫലങ്ങള്‍ അറിയിക്കുന്നതിനുമുള്ള കൃത്യമായ നടപടിക്രമങ്ങള്‍ ഇതില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. സംസ്ഥാനതല കോര്‍ഡിനേറ്റര്‍ വഴി ആവശ്യപ്പെട്ടിട്ടും, ഒക്ടോബറില്‍ നടത്തിയ പരിശോധനയുമായി ബന്ധപ്പെട്ട സാമ്പിളുകളോ, ഓരോ ഔട്ട്ലെറ്റിനെക്കുറിച്ചുമുള്ള വിശദമായ വിവരങ്ങളോ, ലബോറട്ടറി റിപ്പോര്‍ട്ടുകളോ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് എണ്ണ വിപണന കമ്പനികള്‍ അറിയിച്ചിരുന്നതായും മന്ത്രാലയം വ്യക്തമാക്കി.
രാജ്യവ്യാപകമായി നടത്തിയ ഗുണനിലവാര നിരീക്ഷണ പരിപാടിയുടെ ഭാഗമായി 27 സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമായി ശേഖരിച്ച 893 ഇ20 സാമ്പിളുകളിലും, എഥനോളിന്റെ അളവ് നിശ്ചിത പരിധിയായ 19-21 ശതമാനത്തിനുള്ളിലാണെന്ന് കണ്ടെത്തിയതായും സര്‍ക്കാര്‍ അറിയിച്ചു.





Click it and Unblock the Notifications
