കര്‍ണാടകയില്‍ ഇ20 പെട്രോള്‍ 'കത്തിക്കാന്‍' രാഹുലും; ഇ20 പെട്രോള്‍ തട്ടിപ്പെന്ന്...!

കര്‍ണാടകയില്‍ പെട്രോളില്‍ അനുവദനീയമായ അളവില്‍ കൂടുതല്‍ എഥനോള്‍ കലര്‍ത്തുന്നു എന്ന കര്‍ണാടക സര്‍ക്കാരിന്റെ ആരോപണം ഏറ്റെടുത്ത് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്ര സര്‍ക്കാരിന്റെ എഥനോള്‍ ബ്ലെന്‍ഡിംഗ് പദ്ധതിയെ പരിഹസിച്ചുകൊണ്ട്, ഇ20 എന്നത് 420 (തട്ടിപ്പ്) ആയി മാറി എന്ന് രാഹുല്‍ ആരോപിച്ചു. എക്‌സിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കര്‍ണാടകയിലെ ഏഴ് ജില്ലകളില്‍ നിന്ന് ശേഖരിച്ച ഇന്ധന സാമ്പിളുകള്‍ ലാബില്‍ പരിശോധിച്ചപ്പോള്‍, നിശ്ചിത പരിധിയായ 20 ശതമാനത്തിലധികം എഥനോള്‍ അടങ്ങിയ പെട്രോള്‍ വിതരണം ചെയ്‌തെന്ന് കര്‍ണാടക സര്‍ക്കാര്‍ കണ്ടെത്തി എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അംഗീകൃത ലാബില്‍ പരിശോധിച്ച 14 സാമ്പിളുകളില്‍ 11 എണ്ണത്തിലും 20 ശതമാനത്തിലധികം എഥനോള്‍ അടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.

E20 Petrol Row

ജനങ്ങളുടെ വാഹനങ്ങളില്‍ നിന്ന് പെട്രോള്‍ മോഷ്ടിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത് എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പൊതുമേഖലാ, സ്വകാര്യ ഇന്ധന കമ്പനികള്‍ നിശ്ചിത പരിധിയില്‍ കൂടുതല്‍ എഥനോള്‍ ചേര്‍ക്കുന്നുണ്ടെന്ന് ആരോപിച്ച അദ്ദേഹം ഇവരുടെ പരിശോധനാ നടപടിക്രമങ്ങളുടെ സുതാര്യതയെയും ചോദ്യം ചെയ്തു.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നിവയില്‍ നിന്നുള്ള സാമ്പിളുകളില്‍ യഥാക്രമം 31.2 ശതമാനവും 30.5 ശതമാനവും എഥനോള്‍ അടങ്ങിയിരിക്കുന്നു എന്നാണ് കര്‍ണാടക സര്‍ക്കാരിന്റെ കണ്ടെത്തല്‍. ബെംഗളൂരു, കോലാര്‍, ചിക്കബല്ലാപ്പൂര്‍, ബെംഗളൂരു റൂറല്‍, രാമനഗര, മംഗളൂരു, തുമക്കൂരു എന്നീ ഏഴ് ജില്ലകളില്‍ നിന്നാണ് ഈ സാമ്പിളുകള്‍ ശേഖരിച്ചത്.

ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്, നയാര എനര്‍ജി, ഷെല്‍ എന്നീ കമ്പനികളുടെ ഇന്ധന സാമ്പിളുകളും ഈ പരിശോധനയില്‍ ഉള്‍പ്പെട്ടിരുന്നതായി രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ഈ കമ്പനികളുടെ സ്വന്തം ലാബുകള്‍, സാമ്പിളുകളിലെ എഥനോളിന്റെ അളവ് വെളിപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.

'മോദി ജി, പറയൂ... രാജ്യത്തെ വാഹനങ്ങളുടെ ടാങ്കുകളിലേക്ക് എന്താണ് നിറയ്ക്കുന്നത്? പെട്രോളില്‍ യഥാര്‍ത്ഥത്തില്‍ എത്രത്തോളം എഥനോള്‍ ഉണ്ട്? 20 ശതമാനത്തിലധികം എഥനോള്‍ ചേര്‍ക്കുന്ന കമ്പനികള്‍ക്കെതിരെ എപ്പോള്‍ നടപടിയെടുക്കും? സംവാദത്തിനുള്ള വെല്ലുവിളി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഈ വിഷയവും അതിലേക്ക് കൂട്ടിച്ചേര്‍ക്കാം. നിങ്ങളുടെ നയങ്ങള്‍ കൊണ്ട് യഥാര്‍ത്ഥത്തില്‍ ആര്‍ക്കാണ് നേട്ടമുണ്ടാകുന്നത്?' അദ്ദേഹം ചോദിച്ചു.

ബെംഗളൂരുവിലെ, എന്‍എബിഎല്‍ അംഗീകാരവും ഐഎസ്ഒ സര്‍ട്ടിഫിക്കേഷനുമുള്ള ശ്രീറാം റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പരിശോധനയില്‍, പല സാമ്പിളുകളിലും അനുവദനീയമായ 20 ശതമാനം പരിധിക്ക് മുകളില്‍ എഥനോള്‍ അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയെന്ന് കര്‍ണാടക ഭക്ഷ്യ, സിവില്‍ സപ്ലൈസ്, ഉപഭോക്തൃകാര്യ മന്ത്രി റിസ്വാന്‍ അര്‍ഷാദ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ആദ്യം സാമ്പിളുകള്‍ ഐഒസിഎല്‍, ബിപിസിഎല്‍ എന്നിവയുടെ സ്വന്തം ലബോറട്ടറികളിലേക്ക് അയച്ചിരുന്നെങ്കിലും, അവിടെനിന്നുള്ള റിപ്പോര്‍ട്ടുകളില്‍ എത്തനോളിന്റെ അളവ് വെളിപ്പെടുത്തിയിരുന്നില്ലെന്നും, ഇതേത്തുടര്‍ന്നാണ് സ്വതന്ത്രമായ പരിശോധനയ്ക്ക് സര്‍ക്കാര്‍ മുതിര്‍ന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. അതേസമയം കര്‍ണാടക സര്‍ക്കാരിന്റെ കണ്ടെത്തല്‍ തള്ളി പൊതുമേഖല എണ്ണക്കമ്പനികള്‍ രംഗത്തെത്തിയിട്ടുണ്ട്.

നിശ്ചിത നടപടിക്രമങ്ങള്‍ പാലിച്ച് നടത്തിയ പരിശോധനകളിലല്ല ഈ കണ്ടെത്തലുകള്‍ ഉണ്ടായതെന്ന് കമ്പനികള്‍ വാദിക്കുന്നു. കര്‍ണാടക ഉള്‍പ്പെടെ രാജ്യത്തുടനീളം വിതരണം ചെയ്യുന്ന ഇ20 പെട്രോള്‍, ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സിന്റെ ഐഎസ് 17021 മാനദണ്ഡങ്ങള്‍ പാലിക്കുന്നതാണെന്ന് കമ്പനികള്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

വാഹനങ്ങളുടെ മൈലേജ് കുറയുന്നതുമൂലം പ്രതിവര്‍ഷം 62,000 കോടി രൂപയുടെയും, വാഹന അറ്റകുറ്റപ്പണികള്‍ക്കായി 39,000 കോടി രൂപയുടെയും നഷ്ടമുണ്ടാകുന്നുവെന്ന കണക്കുകളെ കമ്പനികള്‍ തള്ളി. ഇത്തരം കണക്കുകള്‍ക്ക് ശാസ്ത്രീയവും സാങ്കേതികവുമായ തെളിവുകള്‍ ആവശ്യമാണെന്ന് അവര്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളുടെ സാന്നിധ്യത്തില്‍, അംഗീകൃത ലബോറട്ടറിയില്‍ സ്വതന്ത്ര പരിശോധന നടത്തുന്നതിനായി, സാമ്പിള്‍ ശേഖരണവുമായി ബന്ധപ്പെട്ട പൂര്‍ണ്ണമായ രേഖകളും, പരിശോധനയ്ക്കായി സൂക്ഷിച്ച സാമ്പിളുകളും തങ്ങള്‍ക്ക് ലഭ്യമാക്കണമെന്ന് കമ്പനികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma