കേന്ദ്രം ജനങ്ങളെ പറ്റിച്ചതോ? ഇ20 പെട്രോളിനെതിരെ വാഹന നിർമ്മാതാക്കളുടെ ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്!
20% എഥനോൾ ചേർത്ത ഇ20 പെട്രോൾ, കാറുകളുടെയും ഇരുചക്ര വാഹനങ്ങളുടെയും എഞ്ചിൻ തകരാറിലാക്കുന്നു എന്ന രീതിയിൽ വലിയ ജനകീയ പ്രതിഷേധങ്ങൾ രാജ്യത്ത് ഉയരുന്നതിനിടയിൽ, കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന നിർണ്ണായക വിവരങ്ങൾ പുറത്ത്. രാജ്യത്തെ വാഹന നിർമ്മാതാക്കളുടെ സംഘടനയായ സിയാം (SIAM - Society of Indian Automobile Manufacturers) 2021-ൽ തന്നെ ഇ20 പെട്രോൾ നയത്തിനെതിരെ കടുത്ത ആശങ്കകൾ രേഖപ്പെടുത്തിയിരുന്നു എന്നാണ് വ്യക്തമാകുന്നത്. നിതി ആയോഗ് തയ്യാറാക്കിയ 'എഥനോൾ ബ്ലെൻഡിങ് റോഡ്മാപ്പ് 2020-25' എന്ന റിപ്പോർട്ടിലാണ് ഇന്ത്യൻ റോഡുകളിലുള്ള ലക്ഷക്കണക്കിന് പഴയ വാഹനങ്ങളുടെ സുരക്ഷയെയും മൈലേജിനെയും ഇ20 പെട്രോൾ ബാധിക്കുമെന്ന് സിയാം വ്യക്തമായി മുന്നറിയിപ്പ് നൽകിയിരുന്നത്.
സിയാം മുന്നോട്ട് വെച്ച പ്രധാന ആശങ്കകൾ
ഇ20 പെട്രോൾ രാജ്യവ്യാപകമാക്കുമ്പോൾ സാധാരണക്കാരുടെ പഴയ വാഹനങ്ങൾക്ക് സംഭവിക്കാനിടയുള്ള തകരാറുകളെക്കുറിച്ച് സിയാം അന്ന് ചൂണ്ടിക്കാണിച്ച പ്രധാന കാര്യങ്ങൾ ഇവയാണ്.
6% മൈലേജ് കുറയും: എഥനോളിന്റെ കലോറി മൂല്യം കുറവായതിനാൽ ഇ20 പെട്രോൾ ഉപയോഗിക്കുമ്പോൾ വാഹനങ്ങളുടെ മൈലേജിൽ 6 ശതമാനം വരെ കുറവുണ്ടാകും. ചില ഫോർ വീലറുകളിൽ ഇത് 6 മുതൽ 7 ശതമാനം വരെയും, ടൂ വീലറുകളിൽ 3 മുതൽ 4 ശതമാനം വരെയുമായിരിക്കും.

എഞ്ചിൻ തകരാറും ഇന്ധന ചോർച്ചയും: ഇ10 ഇന്ധനത്തിന് മാത്രം അനുയോജ്യമായ രീതിയിൽ നിർമ്മിച്ച പഴയ വണ്ടികളിൽ ഇ20 പെട്രോൾ ഒഴിക്കുമ്പോൾ എഞ്ചിൻ ഭാഗങ്ങൾ വേഗത്തിൽ ദ്രവിക്കാൻ കാരണമാകും. ഇത് ഇന്ധന ചോർച്ചയിലേക്കും വലിയ സുരക്ഷാ പ്രശ്നങ്ങളിലേക്കും നയിക്കാം.
വാഹനങ്ങൾ ഉപയോഗശൂന്യമാകും: വിപണിയിലുള്ള പഴയ വണ്ടികൾ പുതിയ ഇ20 ഇന്ധനത്തിന് അനുയോജ്യമായ രീതിയിലേക്ക് മാറ്റിയെടുക്കുക എന്നത് അപ്രായോഗികവും ഭീമമായ ചിലവുള്ളതുമായ കാര്യമാണ്. താഴ്ന്ന പവർ ഉള്ള ടൂ വീലറുകളെ ഇത് കടുത്ത രീതിയിൽ ബാധിക്കും.
'ഇ10' പെട്രോളും ഒപ്പം വേണമെന്ന് സിയാം
ഉപഭോക്താക്കളുടെ സുരക്ഷയും താൽപ്പര്യവും മുൻനിർത്തി ഇ20 പെട്രോൾ കൊണ്ടുവന്നാലും പഴയ വണ്ടികൾക്കായി ഇ10 പെട്രോൾ കൂടി സമാന്തരമായി പമ്പുകളിൽ ലഭ്യമാക്കണം എന്ന് സിയാം ശക്തമായി ആവശ്യപ്പെട്ടിരുന്നു. വിദേശരാജ്യങ്ങളിലെല്ലാം ഉയർന്ന എഥനോൾ ഇന്ധനങ്ങൾ കൊണ്ടുവരുമ്പോഴും പഴയ വണ്ടികൾക്കായി കുറഞ്ഞ എഥനോൾ അടങ്ങിയ ഇന്ധനങ്ങൾ ലഭ്യമാക്കാറുണ്ടെന്നും അവർ ചൂണ്ടിക്കാണിച്ചു. ഇടക്കാലത്ത് ഇ12, ഇ15 തുടങ്ങിയ ഇന്ധനങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ കൊണ്ടുവരുന്നത് വണ്ടികൾക്ക് കൂടുതൽ ദോഷം ചെയ്യുമെന്നും സിയാം മുന്നറിയിപ്പ് നൽകി.
കേന്ദ്ര സർക്കാരിന്റെ വാദം എന്ത്?
അതേസമയം, ഇ20 പെട്രോൾ കാരണം രാജ്യത്ത് വൻതോതിൽ എഞ്ചിൻ തകരാറുകൾ ഉണ്ടാകുന്നു എന്ന വാർത്തകൾ പ്രസ് ഇൻഫർമേഷൻ ബ്യൂറോയും കേന്ദ്ര സർക്കാരും പൂർണ്ണമായി തള്ളിക്കളയുകയാണ്. സിയാം, എആർഎഐ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ എന്നിവർ സംയുക്തമായി നടത്തിയ വിപുലമായ പരിശോധനകൾക്ക് ശേഷമാണ് ഈ ഇന്ധനം വിപണിയിലിറക്കിയത് എന്നാണ് സർക്കാർ വാദം. ഈ സംയുക്ത പഠന റിപ്പോർട്ടുകൾ പ്രകാരം, ഇ20 പെട്രോൾ ഉപയോഗിക്കുമ്പോൾ ചെറിയ തോതിൽ മൈലേജ് കുറയുമെന്നത് ശരിയാണെങ്കിലും, ടെസ്റ്റിംഗ് സമയത്ത് എഞ്ചിനുകൾ പെട്ടെന്ന് ഓഫാകുകയോ, എഞ്ചിൻ ഭാഗങ്ങൾക്ക് കടുത്ത തേയ്മാനം സംഭവിക്കുകയോ, എഞ്ചിൻ ഓയിലിന്റെ ഗുണനിലവാരം കുറയുകയോ ചെയ്തതായി കണ്ടെത്തിയിട്ടില്ല. എങ്കിലും 2021-ലെ നിതി ആയോഗ് റിപ്പോർട്ട് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത് വാഹന ഉടമകളുടെ ആശങ്കകൾക്ക് കൂടുതൽ ബലം നൽകുന്നതാണ്.












Click it and Unblock the Notifications