മ്യാന്‍മറില്‍ ശക്തമായ ഭൂചലനം: തീവ്രത 6: കൊല്‍ക്കത്തയില്‍ പ്രകമ്പനം; 71 മണിക്കൂറിനിടെ 3 ഭൂകമ്പങ്ങള്‍
ന്യൂഡല്‍ഹി: ഇന്ത്യയുടെ അയല്‍സംസ്ഥാനമായ മ്യാന്‍മറില്‍ ശക്തമായ ഭൂചലനം. ഇന്നു വൈകിട്ടാണ് റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം മ്യാന്‍മറിലുണ്ടായത്. ഈ ഭൂചലനത്തെത്തുടര്‍ന്ന് കൊല്‍ക്കത്ത ഉള്‍പ്പെടെയുള്ള പശ്ചിമ ബംഗാളിന്റെ വിവിധ ഭാഗങ്ങളിലും ബംഗ്ലാദേശിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു. അതേസമയം, ഭൂചലനത്തില്‍ മ്യാന്‍മറില്‍ ഉള്‍പ്പെടെ എവിടെയും നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഭൂചലനം മ്യാന്‍മറിലെ കടലോര ഗ്രാമമായ അക്യാബിന് കിഴക്ക് 70 മൈല്‍ മാറിയാണ് ഉണ്ടായതെന്ന് ജര്‍മ്മന്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ജിയോസയന്‍സസ് അറിയിച്ചു. ഭൂമിക്കടിയില്‍ ഏകദേശം 10 കിലോമീറ്റര്‍ ആഴത്തിലാണ് ഇതിന്റെ പ്രഭവകേന്ദ്രം. കഴിഞ്ഞ 71 മണിക്കൂറിനുള്ളില്‍ മ്യാന്‍മറില്‍ സംഭവിക്കുന്ന മൂന്നാമത്തെ ഭൂകമ്പമാണിത്. ബംഗ്ലാദേശിലും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അനുഭവപ്പെടുന്ന രണ്ടാമത്തെ ഭൂചലനമാണിത്. ചൊവ്വാഴ്ച രാവിലെ ബംഗ്ലാദേശില്‍ 4.1 തീവ്രതയുള്ള മറ്റൊരു ഭൂകമ്പം കൂടി ഉണ്ടായതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി റിപ്പോര്‍ട്ട് ചെയ്തു. ഭൂമിക്കടിയില്‍ 150 കിലോമീറ്റര്‍ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രം.

കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് ഭൂകമ്പങ്ങളാണ് ഇന്ത്യയെ ബാധിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ 3.30-ന് ആന്‍ഡമാന്‍, നിക്കോബാര്‍ ദ്വീപുകളില്‍ 4.6 തീവ്രതയുള്ള ഭൂകമ്പമുണ്ടായി. 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലും 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായി. നാശനഷ്ടങ്ങളൊന്നും ഒരിടത്തും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഭൂമിയില്‍ ഓരോ 30 സെക്കന്‍ഡിലും ചെറിയ ചലനങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും അവയില്‍ പലതും തിരിച്ചറിയാന്‍ കഴിയാത്തത്ര ദുര്‍ബലമാണ്. എന്നാല്‍ റിക്ടര്‍ സ്‌കെയിലിലെ തീവ്രത കൂടുന്നതിനനുസരിച്ച് ഭൂകമ്പം പുറത്തുവിടുന്ന ഊര്‍ജ്ജത്തിന്റെ അളവ് വലിയ തോതില്‍ വര്‍ദ്ധിക്കുന്നു. ഉദാഹരണത്തിന്, 4.0 തീവ്രതയുള്ള ഒരു ഭൂകമ്പം 6 ടണ്‍ സ്‌ഫോടകവസ്തുക്കള്‍ പൊട്ടുന്നതിന് തുല്യമാണെങ്കില്‍, തീവ്രത 5.0 ആകുമ്പോള്‍ അത് ഏകദേശം 200 ടണ്‍ ടി.എന്‍.ടി സ്‌ഫോടകവസ്തുക്കളുടെ ശക്തിക്ക് തുല്യമായി മാറുന്നു.












Click it and Unblock the Notifications