ബജറ്റ് 2023: സാമ്പത്തിക സർവ്വേ റിപ്പോർട്ട് ഇന്ന് ; വളർച്ച 3 വർഷത്തിനിടയിലെ ഏറ്റവും മന്ദഗതിയിലാകുമെന്ന് സൂചന

ദില്ലി: 2023-24 ലെ കേന്ദ്ര ബജറ്റിന് മുൻപുള്ള സാമ്പത്തിക സർവ്വേ റിപ്പോർട്ട് ധനമന്ത്രി നിർമ്മലാ സീതാരമാൻ ഇന്ന് അവതരിപ്പിക്കും. ഈ സാമ്പത്തിക വർഷം രാജ്യത്ത് കഴിഞ്ഞ 3 വർഷത്തിനിടയിലെ ഏറ്റവും മന്ദഗതിയിലായിരിക്കും വളർച്ചയെന്ന സൂചനയാണ് സർക്കാർ വൃത്തങ്ങളെ ഉദ്ദരിച്ചുള്ള റിപ്പോർട്ടിൽ ദേശീയ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നത്. 6.5 ശതമാനമായിരിക്കും വളർച്ചയെന്നാണ് റിപ്പോർട്ട്.
ഏപ്രിൽ 1-ന് ആരംഭിക്കുന്ന സാമ്പത്തിക വർഷത്തിലെ വളർച്ച ആഗോള സമ്പദ്‌വ്യവസ്ഥകളെ അപേക്ഷിച്ച് മെച്ചപ്പെട്ടതായിരിക്കുമെന്നാണ് സർവ്വേയിലെ സൂചനകൾ. സുസ്ഥിരമായ സ്വകാര്യ ഉപഭോഗം, ബാങ്കുകളുടെ വായ്പാ വർദ്ധനവ്, കോർപ്പറേഷനുകളുടെ മെച്ചപ്പെട്ട മൂലധനച്ചെലവ് എന്നിങ്ങനെ എല്ലാം മെച്ചപ്പെട്ട രീതിയിൽ തന്നെ നടക്കുമെന്നാണ് സർവ്വേ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നതെന്നും അധികൃതരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.
കൊവിഡിന് ശേഷം ഇന്ത്യൻ സമ്പദ് വ്യവസ്ഥ തിരിച്ച് വരവ് നടത്തിയിരുന്നുവെങ്കിലും റഷ്യ-ഉക്രെയ്ൻ സംഘർഷം പണപ്പെരുപ്പ സമ്മർദ്ദങ്ങൾക്ക് കാരണമായി. ഇതോടെ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പണനയത്തിൽ മാറ്റം വരുത്താൻ സെൻട്രൽ ബാങ്കുകളെ പ്രേരിപ്പിച്ചു.
ശക്തമായ പ്രാദേശിക സമ്പദ്‌വ്യവസ്ഥ ഇറക്കുമതി ഉയർന്ന നിലയിൽ തുടരാമെന്നതിനാൽ ഇന്ത്യയുടെ കറണ്ട് അക്കൗണ്ട് കമ്മി (സിഎഡി) ഉയർന്നതായി തുടർന്നേക്കാം. അതേസമയം ആഗോള സമ്പദ് വ്യവസ്ഥ നേരിടുന്ന പ്രതിസന്ധി മൂലം കയറ്റുമതി കുറഞ്ഞേക്കും.
ജൂലൈ-സെപ്റ്റംബർ പാദത്തിൽ ഇന്ത്യയുടെ സിഎഡി ജിഡിപിയുടെ 4.4% ആയിരുന്നു. സാധനങ്ങളുടെ വിലക്കയറ്റവും രൂപയുടെ മൂല്യത്തകർച്ചയും വ്യാപാര അന്തരം വർധിപ്പിച്ചതോടെ ഒരു പാദത്തിന് മുൻപ് ഇത് 2.2 ശതമാനം ആയിരുന്നു. ഒരു വർഷം മുൻപ് 1.3 ശതമാനവും.
മാർച്ച് 31 ന് അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ സാമ്പത്തിക വളർച്ച 7 ശതമാനത്തിൽ നിന്നും കുറഞ്ഞെങ്കിലും 6.5 ശതമാനം വളർച്ച ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യയെ നിലനിർത്താൻ സഹായിക്കുമെന്നാണ് വിലയിരുത്തലുകൾ.
ഇന്ത്യയിലെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെട്ടേക്കുമെന്നും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് സ്വകാര്യ നിക്ഷേപത്തിൽ കൂടുതൽ വർധനവ് അനിവാര്യമാണെന്നും സർവ്വേയിൽ പരാമർശമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.












Click it and Unblock the Notifications