നിര്‍മിത ബുദ്ധി കാരണം പണി പോകുമോ? സാമ്പത്തിക സര്‍വേ നല്‍കുന്ന മുന്നറിയിപ്പ് ഇതാണ്
ഇന്ത്യന്‍ ജനത ഇന്ന് ഉറ്റുനോക്കുന്നത് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന ബജറ്റിലാണ്. ആദായ നികുതിയിലടക്കം ആശ്വാസ നടപടികളുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന ജനങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും പോലെ രാജ്യം നേരിടുന്ന വലിയ പ്രതിസന്ധികള്‍ക്ക് ബജറ്റില്‍ പരിഹാരം കാണുമെന്നും കരുതുന്നു. കാര്‍ഷിക, വ്യവസായ, ഊര്‍ജ മേഖലകളില്‍ ഉള്‍പ്പെടെ ഇതിനായി പ്രത്യേക ശ്രദ്ധ പതിപ്പിക്കുമെന്നാണ് പ്രതീക്ഷ. കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിനു മുന്നോടിയായി കഴിഞ്ഞ ദിവസം സാമ്പത്തിക സര്‍വേ പുറത്തുവിട്ടിരുന്നു.
നിര്‍മ്മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) വിവിധ മേഖലകള്‍ കൈയടക്കുന്ന സാഹചര്യത്തില്‍ യുവാക്കള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കേണ്ടതിന്റെ അനിവാര്യത സാമ്പത്തിക സര്‍വേ എടുത്തുപറയുന്നു. ഇതിനായി നൂതനമായ നയങ്ങള്‍ രൂപീകരിക്കണമെന്നും നിര്‍ദേശമുണ്ട്.

നിര്‍മിത ബുദ്ധിയുടെ വരവിനെ ലോകമാകെ ഏറെ പ്രതീക്ഷയോടെയാണ് സ്വീകരിച്ചത്. മനുഷ്യ സഹജമായി ഉണ്ടാകുന്ന തെറ്റുകള്‍ തിരുത്താന്‍ നിര്‍മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദ്യകള്‍ക്ക് കഴിയും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. സമയം നോക്കാതെ, വിശ്രമമില്ലാതെ പ്രവര്‍ത്തിക്കാന്‍ ഇത്തരം സാങ്കേതിക വിദ്യകള്‍ക്കു കഴിയും എന്നതിനാല്‍ വ്യവസായ മേഖലയില്‍ അടക്കം നിര്‍മിത ബുദ്ധിയെ ആശ്രയിക്കുന്ന തൊഴിലുടമകള്‍ ഇക്കാലത്ത് ഏറെയാണ്.
അതേസമയം, ഇക്കാലമത്രയും മനുഷ്യര്‍ ചെയ്തിരുന്ന ജോലികള്‍ എ.ഐ ഏറ്റെടുക്കുന്നത് തൊഴില്‍ മേഖലയില്‍ വലിയ പ്രതിസന്ധിക്കു കാരണമാകുമെന്ന് ഉറപ്പാണ്. ഈ ഘട്ടത്തിലാണ് സാമ്പത്തിക സര്‍വേയിലെ മുന്നറിയിപ്പ് പ്രസക്തമാകുന്നത്. പ്രത്യേകിച്ച് അതിവൈദഗ്ധ്യമോ സര്‍ഗാത്മകതയോ വേണ്ടാത്ത ജോലികള്‍ക്കാണ് നിര്‍മിത ബുദ്ധി ഭീഷണിയാകുന്നത്. ഇത് കൂടുതലായി ബാധിക്കുന്നത് ചെറിയ വരുമാനത്തില്‍ ജീവിക്കുന്ന ഇടത്തരം, മധ്യവര്‍ഗ വിഭാഗത്തെയാണ്.
ഉത്തരവാദിത്തപൂര്‍ണവും നീതിപൂര്‍വകവുമായ നിര്‍മിത ബുദ്ധിയുടെ ഉപയോഗത്തിന്റെ ആവശ്യകതയിലേക്കാണ് സാമ്പത്തിക സര്‍വേ വിരല്‍ചൂണ്ടുന്നത്. മനുഷ്യ വിഭവശേഷി ഒഴിവാക്കാതെ നിര്‍മിത ബുദ്ധിയെ ഉല്‍പ്പാദനക്ഷമതയും കാര്യക്ഷമതയും വര്‍ധിപ്പിക്കാന്‍ പ്രയോജനപ്പെടുത്തിയാല്‍ പല തൊഴില്‍ മേഖലകളിലും വലിയ പ്രയോജനം ലഭിക്കും.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യയുമായി ഇണങ്ങാന്‍ യുവാക്കള്‍ക്ക് ശരിയായ പരിശീലനം നല്‍കുന്നതിനൊപ്പം തൊഴിലവസരങ്ങള്‍ നഷ്ടപ്പെടാതിരിക്കാനുള്ള മുന്‍കരുതല്‍ കൂടി സ്വീകരിക്കണമെന്ന് സര്‍വേ പറയുന്നു.
ആരോഗ്യം, ഗവേഷണം, വിദ്യാഭ്യാസം, നിര്‍മാണം ബിസിനസ്, സാമ്പത്തിക സേവനങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ ഭാവിയില്‍ നിര്‍ണായക സ്വാധീനമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മാറാന്‍ സാധ്യതയുണ്ട്. ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി കമ്പനികള്‍ മനുഷ്യര്‍ ചെയ്യുന്ന ജോലികളെ നിര്‍മിത ബുദ്ധി ഉപയോഗിച്ച് മാറ്റിസ്ഥാപിച്ചേക്കാം. എ.ഐ സൃഷ്ടിക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങള്‍ മറികടക്കാന്‍ കൂട്ടായ ശ്രമം അനിവാര്യമാണ്.
സര്‍ക്കാര്‍, സ്വകാര്യ, അക്കാദമിക് മേഖലകളുടെ സഹകരണത്തിലൂടെ, മനുഷ്യ വിഭവശേഷി പ്രയോജനപ്പെടുത്താന്‍ തക്കവിധം ശക്തമായ സ്ഥാപനങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഇന്ത്യ ദീര്‍ഘവീക്ഷണത്തോടെ മുന്നേറേണ്ടതുണ്ടെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ എ.ഐ അതിന്റെ ശൈശവാവസ്ഥയിലായതിനാല്‍ തല്‍ക്കാലം ഭയം വേണ്ട. ഇന്ത്യയ്ക്ക് നിര്‍മിത ബുദ്ധിയുടെ കാര്യത്തില്‍ ശരിയായ അടിത്തറ ശക്തിപ്പെടുത്തുന്നതിനും അത് സാമൂഹിക വികസനത്തിന് പ്രയോജനപ്പെടുത്താനുമുള്ള തയാറെടുപ്പിന് സമയം ലഭിക്കുന്നു.












Click it and Unblock the Notifications