ഐടി ഹബ്ബുകള്‍ കാലിയാകുമോ? ടെക്കികള്‍ക്ക് മുന്നറിയിപ്പുമായി സാമ്പത്തിക സര്‍വേ; എഐ സാമ്പത്തിക കൗണ്‍സില്‍ വേണം
ഒരു കാലത്ത് വൈറ്റ്‌കോളര്‍ ജോലി എന്ന് അഭിമാനിച്ചിരുന്ന ഐടി രംഗം ഇന്ന് കടുത്ത ആശങ്കയുടെ നിഴലിലാണ്. ഒരു ഐടി പ്രൊഫഷണലിന് ടെക്‌നോളജിയില്‍ എത്ര വൈദഗ്ധ്യം ഉണ്ടെന്ന് അവകാശപ്പെട്ടാല്‍ പോലും അതിനെയെല്ലാം മറികടക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനു കഴിയും. വൈറ്റ് കോളര്‍ തൊഴില്‍ മേഖലകളില്‍ കൂട്ടപ്പിരിച്ചുവിടലാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ബഹുരാഷ്ട്ര കമ്പനിയായ ആമസോണ്‍ ലോകമെമ്പാടും 30,000 പേരെ പിരിച്ചുവിട്ടപ്പോള്‍ ഇന്ത്യയില്‍ ആയിരത്തോളം പേര്‍ക്ക് പണി പോകുമെന്ന് ഉറപ്പായി.
ഇപ്പോഴിതാ, കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ സമര്‍പ്പിച്ച സാമ്പത്തിക സര്‍വേ 2025-26 ഇന്ത്യന്‍ ടെക്കികള്‍ക്ക് ആശങ്കപ്പെടുത്തുന്ന മുന്നറിയിപ്പാണ് നല്‍കുന്നത്. വലിയ വിദേശ കമ്പനികള്‍ തങ്ങളുടെ ജോലികള്‍ക്കായി ഇന്ത്യന്‍ പ്രൊഫഷണലുകളെ ആശ്രയിക്കുന്ന രീതിയില്‍ മാറ്റം വരുമെന്നാണ് സര്‍വേ പറയുന്നത്. അതിനു പകരം ജോലികള്‍ക്കായി എഐ സാങ്കേതിക വിദ്യയെ കൂടുതലായി ആശ്രയിക്കും. ഇത് കമ്പനികള്‍ക്ക് കൂടുതല്‍ സാമ്പത്തിക ലാഭം കൊണ്ടുവരും. ഇതോടെ ഇന്ത്യന്‍ ടെക്കികളുടെ ആവശ്യകതയില്‍ വലിയ കുറവ് ഉണ്ടാകുകയും കമ്പനികളില്‍ നിന്ന് വലിയ കൂട്ടപ്പിരിച്ചുവിടലുകള്‍ സംഭവിക്കുകയും ചെയ്യും.

ഇതു ഐടി തൊഴില്‍ വിപണിയുടെ തകര്‍ച്ചയ്ക്ക് തന്നെ കാരണമാകുന്നുമെന്നാണ് സര്‍വേ ചൂണ്ടിക്കാട്ടുന്നത്. ഡാറ്റ ശേഖരിക്കുക, അവ സംഗ്രഹിക്കുക, ആവര്‍ത്തന സ്വഭാവമുള്ള ബിസിനസ് ജോലികള്‍ ചെയ്യുക തുടങ്ങിയ മേഖലകളിലാണ് എഐ പിടിമുറുക്കുന്നത്.
അമേരിക്കയിലെ പ്രൊഫഷണല്‍, ബിസിനസ് സേവന രംഗങ്ങളില്‍ വന്ന വിപ്ലവകരമായ മാറ്റങ്ങളെ അടിസ്ഥാനമാക്കിയാണ് ഇന്ത്യയിലെ വരാനിരിക്കുന്ന പ്രതിസന്ധിയെ സര്‍വേ വിലയിരുത്തുന്നത്. 2022-ല്‍ എഐ ടൂളുകള്‍ സജീവമായതോടെ ആനുപാതികമായി പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാകുന്നില്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്. കുറഞ്ഞ സമയത്തില്‍ വേഗത്തില്‍ ജോലി തീര്‍ക്കും എന്നതാണ് എഐയുടെ പ്രത്യേകത.
മുന്‍പ് ഇന്ത്യന്‍ ഐടി ജീവനക്കാരെ വിദേശ കമ്പനികള്‍ നിയമിച്ചിരുന്നതു തന്നെ ചെലവു കുറയ്ക്കാനായിരുന്നു. എന്നാലിപ്പോള്‍ അതിലും വേഗത്തിലും ലാഭകരമായും ജോലികള്‍ തീര്‍ക്കാന്‍ ആഗോള സ്ഥാപനങ്ങള്‍ എഐ ടൂളുകളെ ആശ്രയിക്കുന്നു. ഇത് ഇന്ത്യയുടെ പരമ്പരാഗത ഐടി തൊഴില്‍ സംവിധാനത്തിനു തന്നെ ഭീഷണിയായി മാറുകയാണ്.
രാജ്യം എഐ അധിഷ്ഠിതമായ നേട്ടങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും തൊഴില്‍ നഷ്ടത്തിന് പകരം വയ്ക്കാനാകുന്നില്ല എന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം. ഈ പ്രതിസന്ധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തലത്തില്‍ ഇടപെടലുകള്‍ ആവശ്യമാണെന്ന് സര്‍വേ നിര്‍ദേശിക്കുന്നു.
ഐടി ജീവനക്കാരുടെ തൊഴിലിനെ ബാധിക്കാത്ത രീതിയില്‍ എഐ നടപ്പാക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ ഒരു 'എഐ സാമ്പത്തിക കൗണ്‍സില്‍' രൂപീകരിക്കണമെന്നും സര്‍വേ ശുപാര്‍ശ ചെയ്യുന്നുണ്ട്. വൈദഗ്ധ്യം കുറഞ്ഞ ജോലികളില്‍ നിന്ന് കൂടുതല്‍ അനുഭവ സമ്പത്തും ചിന്താ ശേഷിയും വേണ്ട ജോലികളിലേക്കു തൊഴിലാളികളെ മാറ്റാന്‍ കഴിഞ്ഞില്ലെങ്കില്‍ രാജ്യം വലിയ തൊഴിലില്ലായ്മാ ഭീഷണി നേരിടേണ്ടി വരുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.












Click it and Unblock the Notifications