3000 കോടിയുടെ ലോണ്‍ തട്ടിപ്പ്? അനില്‍ അംബാനിയുടെ കമ്പനികളില്‍ വ്യാപക ഇഡി റെയിഡ്
ന്യൂഡൽഹി: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ ഇഡി റെയിഡ്. ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലേത് ഉള്‍പ്പെടെ വ്യാപക റെയിഡാണ് നടന്നുകൊണ്ടിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് നടപടിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. സി ബി ഐ രജിസ്റ്റർ ചെയ്ത രണ്ട് എഫ് ഐ ആറുകളെ തുടർന്നാണ് ഈ അന്വേഷണം. ബാങ്കുകൾ, ഓഹരി ഉടമകൾ, നിക്ഷേപകർ, മറ്റ് പൊതു സ്ഥാപനങ്ങൾ എന്നിവയെ വഞ്ചിച്ച് പൊതുജനങ്ങളുടെ പണം തട്ടിയെടുക്കാൻ പദ്ധഥി ആസൂത്രണം ചെയ്ത് നടപ്പാക്കിയെന്നാണ് ഇഡിയുടെ പ്രാഥമിക കണ്ടെത്തല്‍. 3000 കോടിയുടെ ലോണ്‍ തട്ടിപ്പ് നടന്നുവെന്നാണ് പ്രധാന ആരോപണം.
35-ലധികം സ്ഥലങ്ങളിൽ ഇഡി ഉദ്യോഗസ്ഥർ പരിശോധന നടത്തുകയും 50-ലധികം കമ്പനികളുടെ രേഖകൾ പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. കമ്പനിയുമായി 25-ലധികം വ്യക്തികളെ ചോദ്യം ചെയ്യുകയും ചെയ്തു. യെസ് ബാങ്കിന്റെ മുൻ പ്രൊമോട്ടർമാർ ഉൾപ്പെടെ മുതിർന്ന ബാങ്ക് ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്നും വലിയ തോതിലുള്ള ഈടുരഹിത് വായ്പകൾ അനുവദിക്കാൻ സഹായിച്ചെന്നും ആരോപണമുണ്ട്.

2017-നും 2019-നും ഇടയിൽ, റിലയൻസ് അനിൽ അംബാനി ഗ്രൂപ്പിന്റെ റാഗ (RAAGA) കമ്പനികൾക്ക് യെസ് ബാങ്ക് ഏകദേശം 3000 കോടി രൂപയുടെ വായ്പകൾ നൽകിയതായി ഇ ഡി കണ്ടെത്തിയിട്ടുണ്ട്. വായ്പ അനുവദിക്കുന്നതിന് തൊട്ടുമുമ്പ് യെസ് ബാങ്ക് പ്രൊമോട്ടർമാരുടെ സ്വകാര്യ കമ്പനികളുമായി ബന്ധപ്പെട്ട് പണമിടപാടുകൾ "നിയമവിരുദ്ധമായ ഒത്തുതീർപ്പ്" നടന്നതായും (quid pro quo) ഇ ഡി കണ്ടെത്തി.
വായ്പകൾ നൽകിയ കമ്പനികളുടെ ദുർബലമായ സാമ്പത്തിക രേഖകൾ, ഒന്നിലധികം കമ്പനികളിൽ ഒരേ ഡയറക്ടർമാരും വിലാസങ്ങള്‍, വായ്പാ ഫയലുകളിൽ അവശ്യ രേഖകളുടെ അഭാവം, ഷെൽ കമ്പനികളിലേക്ക് പണം വഴിതിരിച്ചുവിടൽ, "ലോൺ എവർഗ്രീനിംഗ്" (പഴയ വായ്പ തിരിച്ചടയ്ക്കാൻ പുതിയ വായ്പകൾ നൽകൽ) തുടങ്ങിയ ക്രമക്കേടുകൾ അന്വേഷണത്തിൽ കണ്ടെത്തി. ഇതിലൂടെ യെസ് ബാങ്കിന്റെ മുതിർന്ന ഉദ്യോഗസ്ഥർക്കും പ്രൊമോട്ടർമാർക്കും വ്യക്തിഗത നേട്ടങ്ങൾ ലഭിച്ചതായും സംശയിക്കുന്നു.
നാഷണൽ ഹൗസിംഗ് ബാങ്ക് (എൻ എച്ച് ബി), സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി), നാഷണൽ ഫിനാൻഷ്യൽ റിപ്പോർട്ടിംഗ് അതോറിറ്റി (എൻ എഫ് ആർ എ), ബാങ്ക് ഓഫ് ബറോഡ എന്നിവയും ഇ ഡിയുമായി കണ്ടെത്തലുകൾ പങ്കുവെച്ചിട്ടുണ്ട്. റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡിന്റെ (ആർ എച്ച് എഫ് എൽ) കോർപ്പറേറ്റ് വായ്പാ പോർട്ട്ഫോളിയോ 2017-18ൽ 3742 കോടി രൂപയിൽ നിന്ന് 2018-19ൽ 8,670 കോടി രൂപയായി വർധിച്ചതായി സെബിയുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ) റിലയൻസ് കമ്മ്യൂണിക്കേഷൻസിന്റെയും (ആർകോം) അനിൽ അംബാനിയുടെയും അക്കൗണ്ടുകൾ "തട്ടിപ്പ്" അക്കൗണ്ടുകളായും സ്ഥിരീകരിച്ചിട്ടുണ്ട്. 2020 നവംബറിൽ എസ് ബി ഐ ആർകോമിനെയും അംബാനിയെയും തട്ടിപ്പ് അക്കൗണ്ടുകളായി പ്രഖ്യാപിക്കുകയും 2021 ജനുവരി 5-ന് സി ബി ഐയിൽ പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ, ജനുവരി 6-ന് ഡൽഹി ഹൈക്കോടതി സ്റ്റാറ്റസ് ക്വോ ഉത്തരവിട്ടതിനെ തുടർന്ന് പരാതി പിൻവലിച്ചു.












Click it and Unblock the Notifications