തബ്ലീഗ് നേതാവിനെതിരെ കള്ളപ്പണ കേസ്; നരഹത്യാ കേസിന് പുറമെ, കുരുക്ക് മുറുകി
ദില്ലി: തബ്ലീഗ് ജമാഅത്ത് നേതാവ് മൗലാന സഅദിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് (ഇഡി) കള്ളപ്പണ കേസെടുത്തു. ദില്ലി പോലീസ് നേരത്തെ തയ്യാറാക്കിയ എഫ്‌ഐആര്‍ അടിസ്ഥാനമാക്കിയാണ് കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമ പ്രകാരം ഇഡി കേസെടുത്തത്. നിസാമുദ്ദീനിലെ തബ്ലീഗ് ആസ്ഥാനം ഒരു ട്രസ്റ്റിന് കീഴിലാണ്. ട്രസ്റ്റിലെ മറ്റ് അംഗങ്ങള്‍ക്കെതിരെയും ഇഡി കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞദിവസം മൗലാന സഅദിനെതിരെ ദില്ലി പോലീസ് അധിക വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു. നരഹത്യാ വകുപ്പാണ് ചുമത്തിയത് നിസാമുദ്ദീന്‍ യോഗത്തില്‍ പങ്കെടുത്ത ചിലര്‍ കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ച സാഹചര്യത്തിലാണ് ഈ വകുപ്പ് ചുമത്തിയത്. അതിന് പിന്നാലെയാണ് ഇഡിയും കേസെടുത്തിരിക്കുന്നത്. മാര്‍ച്ച് 21 വരെ നിസാമുദ്ദീനിലെ തബ്ലീഗ് ആസ്ഥാനത്ത് നടന്ന യോഗത്തില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. ഇതില്‍ ചിലര്‍ ഹൈദരാബാദിലും തമിഴ്‌നാട്ടിലും മരിച്ചിരുന്നു. തുടര്‍ന്നാണ് പുതിയ വകുപ്പ് ചുമത്താന്‍ പോലീസ് തീരുമാനിച്ചത്.
കേന്ദ്രസര്‍ക്കാര്‍ സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശം പുറപ്പെടുവിച്ച ശേഷം തബ്ലീഗ് ആസ്ഥാനത്ത് ആളുകള്‍ സംഘടിച്ച സംഭവത്തില്‍ സഅദിനെതിരെ നേരത്തെ കേസെടുത്തിരുന്നു. ഇതിന് പുറമെയാണ് ബുധനാഴ്ച നരഹത്യ വകുപ്പ് ചുമത്തിയത്. വ്യാഴാഴ്ച ഇഡിയും കേസെടുത്തു.
മാര്‍ച്ച് 31നാണ് മൗലാന സഅദിനെതിരെ ദില്ലി പോലീസ് എഫ്‌ഐആര്‍ രേഖപ്പെടുത്തിയത്. നിസാമുദ്ദീന്‍ പോലീസ് സ്‌റ്റേഷനിലെ ഓഫീസറുടെ പരാതിയിലായിരുന്നു കേസ്. യോഗം സംഘടിപ്പിച്ചത് മാത്രമായിരുന്നു അന്ന് എഫ്‌ഐആറില്‍ സൂചിപ്പിച്ചിരുന്നത്. യോഗത്തില്‍ പങ്കെടുത്ത വിദേശികള്‍ക്കെതിരെ വിസാ ചട്ടം ലംഘിച്ചുവെന്ന കേസെടുത്തിട്ടുണ്ട്. ഉത്തര്‍ പ്രദേശില്‍ പിടിയിലായ ചില വിദേശികളെ പോലീസ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തിരുന്നു.
അതേസമയം, മൗലാന സഅദ് ദില്ലിയിലെ വീട്ടില്‍ ക്വാറന്റൈനിലാണ്. ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞാല്‍ പോലീസുമായി അന്വേഷണത്തിന് സഹകരിക്കുമെന്ന് സഅദിന്റെ അഭിഭാഷകന്‍ പറഞ്ഞിരുന്നു. മര്‍ക്കസ് പള്ളയില്‍ വന്നവരുടെ പൂര്‍ണ വിവരം ഓഫീസിലുണ്ട. അത് പോലീസിന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാനാണ് പോലീസ് നീക്കം.












Click it and Unblock the Notifications