ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ അന്വേഷണം; അദാനി ഓഹരികളുടെ ഷോര്‍ട്ട് സെല്ലിംഗ് നേട്ടമായത് 12 കമ്പനികള്‍ക്ക്
ന്യൂദല്‍ഹി: വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരും വിദേശ സ്ഥാപന നിക്ഷേപകരും ഉള്‍പ്പെടെ 12 കമ്പനികളാണ് അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളുടെ ഹ്രസ്വകാല വിറ്റഴിക്കലിലെ ഏറ്റവും ഉയര്‍ന്ന ഗുണഭോക്താക്കളെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റേയും ഓഹരി വിപണി തകര്‍ച്ചയെയും അടിസ്ഥാനമാക്കി ഇഡി നടത്തിയ അന്വേഷണത്തിലാണ് ഈ നിഗമനത്തിലെത്തിയത് എന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഓഹരികള്‍ വില്‍ക്കാന്‍ കടമെടുക്കുകയും പിന്നീട് വില കുറയുമ്പോള്‍ തിരികെ വാങ്ങുകയും ചെയ്യുന്ന നിക്ഷേപ സാങ്കേതികതയെ ആണ് ഷോര്‍ട്ട് സെല്ലിംഗ് അഥവാ ഹ്രസ്വകാല വിറ്റഴിക്കല്‍ എന്നത് സൂചിപ്പിക്കുന്നത്. ഇങ്ങനെയാണ് നിക്ഷേപകര്‍ വാതുവെപ്പ് നടത്തി ഓഹരി വിലയിടിവില്‍ നിന്ന് ലാഭം കൊയ്യുന്നത്. അന്വേഷത്തിലെ കണ്ടെത്തലുകള്‍ ഇഡി മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുമായി (സെബി) ജൂലൈയില്‍ പങ്കുവെച്ചിട്ടുണ്ട്.

ജനുവരി 24 ന് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതിന് 2-3 ദിവസം മുമ്പ് ഈ ഷോര്‍ട്ട് സെല്ലര്‍മാരില്‍ ചിലര്‍ സ്ഥാനങ്ങള്‍ കൈക്കലാക്കി. ചിലര്‍ ആദ്യമായിട്ടാണ് ഷോര്‍ട്ട് പൊസിഷനുകള്‍ എടുക്കുന്നത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയില്‍ നിന്നുള്ള മൂന്ന് പേരും മൗറീഷ്യസില്‍ നിന്നുള്ള നാല് പേരും ഉള്‍പ്പെടുന്ന ഷോര്‍ട്ട് സെല്ലര്‍മാരാരും തങ്ങളുടെ ഉടമസ്ഥാവകാശ ഘടന ആദായനികുതി അധികാരികള്‍ക്ക് വെളിപ്പെടുത്തിയിട്ടില്ല.
സെബിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആഭ്യന്തര നിക്ഷേപകര്‍ക്കും എഫ്പിഐകള്‍ക്കും / എഫ്ഐഐകള്‍ക്കും ഡെറിവേറ്റീവുകളില്‍ വ്യാപാരം ചെയ്യാന്‍ അനുവാദമുണ്ട്. നിയന്ത്രിത ഷോര്‍ട്ട് സെല്ലിങ് സെബി അനുവദിക്കാറുണ്ട്. എന്നാല്‍ ഇത്തരം നിയന്ത്രണങ്ങള്‍ കാര്യക്ഷമമായ വില കണ്ടെത്തലിനെ വളച്ചൊടിക്കുകയും വിലയില്‍ കൃത്രിമം കാണിക്കുന്നവരെ അനുകൂലിക്കുകയും ചെയ്യുമെന്ന് വിശ്വസിക്കുന്നു.
ഈ ഷോര്‍ട്ട് സെല്ലര്‍മാരില്‍ ചിലരുടെ ക്രമരഹിതമായ വരുമാന പാറ്റേണുകളും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചതിന് ഇന്ത്യന്‍ സ്ഥാപനങ്ങളിലൊന്നിന്റെ പ്രൊമോട്ടര്‍ക്കെതിരെ സെബി ഉത്തരവിട്ടിരുന്നു. ഒരു സ്ഥാപനം 2020 ജൂലൈയില്‍ ആണ് കൂട്ടിച്ചേര്‍ത്തത്. സെപ്റ്റംബര്‍ 2021 വരെ ബിസിനസ് പ്രവര്‍ത്തനങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍, 2021 സെപ്റ്റംബര്‍ മുതല്‍ 2022 മാര്‍ച്ച് വരെയുള്ള ആറ് മാസത്തിനുള്ളില്‍ 31,000 കോടി രൂപയുടെ വിറ്റുവരവില്‍ 1100 കോടി രൂപയുടെ വരുമാനമാണ് ഈ കമ്പനി ക്ലെയിം ചെയ്തത്.
ഇന്ത്യയില്‍ ബാങ്കായി പ്രവര്‍ത്തിക്കുന്ന മറ്റൊരു ആഗോള ധനകാര്യ സേവന ഗ്രൂപ്പിന് ലഭിച്ചത് വെറും 122 കോടി രൂപയാണ്. എന്നാല്‍ ഒരു എഫ്ഐഐ എന്ന നിലയില്‍ ആദായനികുതി കൂടാതെ 9,700 കോടി രൂപയുടെ വരുമാനം നേടി. നേരത്തെ ഗൗതം അദാനി മൊറീഷ്യസിലെ ഷെല്‍ കമ്പനികളെ ഉപയോഗിച്ച് അദാനി ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഓഹരി വിലയില്‍ കൃത്രിമം കാണിച്ചെന്ന് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ അദാനി ഗ്രൂപ്പ് റിപ്പോര്‍ട്ടില്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങളും നിഷേധിക്കുകയും തങ്ങള്‍ക്കെതിരായ ആസൂത്രിത ആക്രമണം എന്നും വിശേഷിപ്പിച്ചിരുന്നു.












Click it and Unblock the Notifications