സംവിധായകന്‍ ശങ്കറിന്റെ 10.11 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി ഇഡി: പണികിട്ടിയത് രജനി ചിത്രത്തില്‍
ചെന്നൈ: പ്രമുഖ തെന്നിന്ത്യന്‍ സംവിധായകന്‍ എസ് ശങ്കറിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി. പി എം എല്‍ ആക്ട് പ്രകാരം ശങ്കറിന്റെ 10.11 കോടി രൂപയുടെ സ്വത്തുക്കളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരിക്കുന്നത്. ശങ്കർ സംവിധാനം ചെയ്ത രജനീകാന്ത് ചിത്രം എന്തിരന്‍ കോപ്പിയടിച്ചുവെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് ഇ ഡി ചെന്നൈ സോണല്‍ ഓഫീസിന്റെ നടപടി.
നിർമ്മാതാവ് കൂടിയായ ശങ്കറിന്റെ മൂന്ന് വസ്തുവകകളാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്. എഗ്മോര്‍ മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ആരൂര്‍ തമിഴ്നാടന്‍ എന്നയാള്‍ നല്‍കിയ പരാതിയാണ് സംവിധായകന് തിരിച്ചടിയായിരിക്കുന്നത്. എന്തിരന്‍ തന്റെ കഥയുടെ മോഷണമാണെന്ന് കാട്ടി 2011 ലാണ് ആരൂര്‍ തമിഴ്നാടന്‍ കോടതിയെ സമീപിക്കുന്നത്. എന്തിരന്റെ കഥാതന്തു തന്റെ ജിഗുബ എന്ന കഥയുമായി സാമ്യമുള്ളതാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

ശങ്കർ 1957-ലെ പകർപ്പവകാശ നിയമവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) പ്രസക്തമായ വകുപ്പുകളും ലംഘിച്ചുവെന്നും ആരൂര്‍ തമിഴ്നാടന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ എന്തിരനിലെ കഥാ വികസനം, തിരക്കഥ, സംഭാഷണങ്ങൾ, സംവിധാനം എന്നിവയുൾപ്പെടെ നിർവ്വഹിച്ചതിന് ശങ്കറിന് 11.5 കോടി രൂപ പ്രതിഫലമായി ലഭിച്ചതായി ഇഡി കണ്ടെത്തി. ഇതിന് പിന്നാലെ ഫെബ്രുവരി 17 ന് പി എം എൽ എ ആക്ട് പ്രകാരം ശങ്കറിന്റെ മൂന്ന് വസ്തുക്കൾ കണ്ടുകെട്ടി താൽക്കാലിക ഉത്തരവ് പുറപ്പെടുവിച്ചതായി ഇഡി പ്രസ്താവനയിൽ അറിയിച്ചു.
2010 ൽ പുറത്തിറങ്ങിയ 'എന്തിരൻ' എന്ന ചിത്രത്തില്‍ രജനീകാന്തിന് പുറമെ ഐശ്വര്യ റായിയുമായിരുന്നു പ്രധാന വേഷത്തിലെത്തിയത്. വമ്പന് വിജയം നേടിയ ചിത്രം ലോകമെമ്പാട് നിന്നുമായി 290 കോടി കളക്ഷൻ കരസ്ഥമാക്കി അന്നുവരേയുള്ളതിലെ ഏറ്റവും വലിയ പണം വാരി ചിത്രവുമായി. ചിത്രത്തിന്റെ രണ്ടാംഭാഗമായ '0.2' 2018 ല്‍ പുറത്തിറങ്ങിയെങ്കിലും പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല.
മറ്റൊരു കേസിൽ, 18,000 കിലോയിലധികം ഫാർമ മരുന്നുകൾ പാകിസ്ഥാനിലേക്ക് അനധികൃതമായി കയറ്റുമതി ചെയ്തുവെന്നാരോപിച്ച്, കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമപ്രകാരം തെലങ്കാന ആസ്ഥാനമായുള്ള ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ ഏതാനും കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിട്ടുണ്ട്.
അതിനിടെ, കേരള വ്യാപകമായി ജി എസ് ടി വകുപ്പിലെ ഇന്റവലിജൻസ് ആൻഡ് എൻഫോഴ്സ്മെന്റ് വിഭാഗം 'ഓപ്പറേഷൻ റെയർ റാക്കൂൺ' എന്ന പേരിൽ റെഡിമിക്‌സ് കോൺക്രീറ്റ് യൂണിറ്റുകളിൽ പരിശോധന നടത്തി വലിയ തട്ടിപ്പുകള്‍ കണ്ടെത്തി. നികുതി വെട്ടിപ്പ് കണ്ടെത്തുന്നതിനായി പ്രധാന സ്ഥാപനങ്ങൾ, ബ്രാഞ്ചുകൾ, സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രധാന വ്യക്തികളുടെ വീടുകൾ തുടങ്ങിയ 49 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്.
സ്ഥാപനങ്ങൾ 56 കോടി രൂപയുടെ ഇടപാടുകൾ മറച്ചുവച്ച് 10 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായാണ് പ്രഥമ ദൃഷ്ട്യാ കണ്ടെത്തിയത്. നികുതി വെട്ടിപ്പ് നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടികൾ ശക്തമായി തുടരുമെന്ന് സംസ്ഥാന ജി എസ് ടി വകുപ്പ് പത്രക്കുറിപ്പിൽ അറിയിച്ചു.












Click it and Unblock the Notifications