റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചു; സംഭവം സൈബര്‍ തട്ടിപ്പ് അന്വേഷണത്തിനിടെ
ന്യൂഡല്‍ഹി: റെയ്ഡിനിടെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം. ഡല്‍ഹിയിലെ ബിജ്വാസനില്‍ സൈബര്‍ തട്ടിപ്പ് കേസിന്റെ അന്വേഷണത്തിനിടെയായിരുന്നു സംഭവം. ആക്രമണത്തില്‍ ഇഡി അഡീഷണല്‍ ഡയറക്ടര്‍ക്ക് പരിക്കേറ്റു. സൈബര്‍ ആപ്പ് തട്ടിപ്പ് കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ചാര്‍ട്ടേഡ് അക്കൗണ്ടന്റില്‍ നിന്ന് വിവരങ്ങള്‍ തേടാനും പരിശോധനയ്ക്കുമായി എത്തിയതായിരുന്നു ഇഡി സംഘം.
ബിജ്വാസനിലെ ഫാം ഹൗസില്‍ എത്തിയപ്പോള്‍, അശോക് ശര്‍മ്മ എന്നയാളും കുടുംബവും ഇഡി സംഘത്തെ ആക്രമിക്കുകയായിരുന്നു. അഞ്ച് പേരായിരുന്നു സംഭവസ്ഥലത്ത് ഉണ്ടായിരുന്നത് എന്നും ഒരാള്‍ ഓടി രക്ഷപ്പെട്ടു എന്നും ഇ ഡി വ്യക്തമാക്കി. സംഭവത്തില്‍ എഫ് ഐ ആര്‍ ഫയല്‍ ചെയ്തിട്ടുണ്ട് എന്നും ഫാം ഹൗസ് സീല്‍ ചെയ്തതായും ഇ ഡി വൃത്തങ്ങള്‍ അറിയിച്ചു.

അശോക് ശര്‍മ്മയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും അനുയായികളും ഉള്‍പ്പെടെ അഞ്ച് പേര്‍ ചേര്‍ന്നാണ് ഇഡി സംഘത്തെ ആക്രമിച്ചത് എന്നും പ്രധാന പ്രതി ഓടി രക്ഷപ്പെട്ടു എന്നും പൊലീസ് പറഞ്ഞു. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട് എന്നും പൊലീസ് വ്യക്തമാക്കി. യുഎഇ ആസ്ഥാനമായുള്ള Pyypl ആപ്പുമായി ബന്ധപ്പെട്ട സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ഇഡി ഉദ്യോഗസ്ഥര്‍ എത്തിയത്.
ഫിഷിംഗ് അഴിമതികള്‍, ക്യുആര്‍ കോഡ് തട്ടിപ്പുകള്‍, പാര്‍ട്ട് ടൈം ജോലി തട്ടിപ്പുകള്‍ എന്നിവയുള്‍പ്പെടെ ആയിരക്കണക്കിന് സൈബര്‍ കുറ്റകൃത്യങ്ങളും കള്ളപ്പണം വെളുപ്പിക്കലും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇഡിയുടെ ഹൈ-ഇന്റന്‍സിറ്റി യൂണിറ്റ് റെയ്ഡ് ആരംഭിച്ചത്. ഇന്ത്യയിലുടനീളം പ്രവര്‍ത്തിക്കുന്ന ഒരു വന്‍ സൈബര്‍ ക്രൈം ശൃംഖലയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന മുന്‍നിര ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരെ ലക്ഷ്യമിട്ടായിരുന്നു റെയ്ഡ്. സംശയാസ്പദമായ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരാണ് കുറ്റകൃത്യത്തിന്റെ മുഴുവന്‍ ശൃംഖലയും പ്രവര്‍ത്തിപ്പിക്കുന്നത് എന്നാണ് ഇഡിയുടെ കണ്ടെത്തല്‍.












Click it and Unblock the Notifications