ഇഡി റെയ്ഡ്; തന്നെ സമ്മർദ്ദത്തിലാക്കാനുള്ള ശ്രമം വിലപ്പോവില്ലെന്ന് ചരൺജിത്ത് സിംഗ് ചന്നി
ചണ്ഡീഗഡ്; ബന്ധുവിന്റെ വീട്ടിലെ ഇ ഡി റെയ്ഡിന് പിന്നാലെ ബി ജെ പിക്കെതിരെ രൂക്ഷവിമർശനവുമായി പഞ്ചാബ് മുഖ്യമന്ത്രി ചരൺ ജിത്ത് സിംഗ് ചന്നി. തന്നെ സമ്മർദ്ദത്തിലാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഈ നീക്കങ്ങളൊന്നും വിലപോകില്ല. തനിക്കെതിരെ യാതൊന്നും കണ്ടെത്താൻ ഇഡിക്ക് കഴിഞ്ഞിട്ടില്ലെന്നും ചന്നി പത്രസമ്മേളനത്തിൽ പറഞ്ഞു.
എന്നെ സമ്മർദത്തിലാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തവർ തന്നോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്.എന്റെ വീട്ടിൽ നിന്ന് പണം കണ്ടെടുത്തിട്ടില്ല. എന്റെ മരുമകനെ കള്ളക്കേസിൽ കുടുക്കി തടവിലാക്കിയിരിക്കുകയാണ്. അവൻ ഇപ്പോൾ എവിടെയാണെന്ന് തനിക്കറിയില്ല, തന്റെ പേരിൽ അവനെ പീഡിപ്പിക്കുകയാണ്, ചന്നി പറഞ്ഞു. 2018 രജിസ്റ്റർ ചെയ്ത കേസിൽ തന്റെ അനന്തരവന്റെ പേര് പോലും ഉണ്ടായിരുന്നില്ലെന്ന് ചന്നി പറഞ്ഞു. ക്യാപ്റ്റൻ അമരീന്ദർ സിങ്ങും ബാദലുമാണ് റെയ്ഡിന് പിന്നിൽ. എന്നെപ്പോലെ ഒരു പാവപ്പെട്ട കുടുംബത്തിലെ ഒരാൾ മുഖ്യമന്ത്രിയായതിൽ അവർക്ക് കടുത്ത അസൂയ ഉണ്ടെന്നും ചന്നി ആരോപിച്ചു.

സമരം ചെയ്യുന്ന കർഷകർക്കെതിരെ നടപടിയെടുക്കാത്തതിനാലാണ് ഇപ്പോൾ തന്റെ ബന്ധുക്കൾക്കെതിരെ റെയ്ഡ് നടത്തുന്നതെന്നും ചന്നി ആരോപിച്ചു. കർഷകർക്കെതിരെ നടപടിയെടുത്തിരുന്നുവെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു. കേന്ദ്രം അനാവശ്യമായി കർഷകരെയും പഞ്ചാബിനെയും അപകീർത്തിപ്പെടുത്തുകയാണ്.പ്രധാനമന്ത്രിയുടെ ഫിറോസ്പൂർ സന്ദർശന വേളയിൽ ഞാൻ പഞ്ചാബിനും പഞ്ചാബിലെ ജനങ്ങൾക്കുമൊപ്പം നിന്നതിനാലാണ് ഇപ്പോൾ അനുഭവിക്കുന്നത്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് അവർ ശ്രമിക്കുന്നത്. പഞ്ചാബും പശ്ചിമ ബംഗാളും എക്കാലവും വിപ്ലവകാരികളായിരുന്നുവെന്നും ചന്നി പറഞ്ഞു.തിരഞ്ഞെടുപ്പ് വരുമ്പോഴെല്ലാം കേന്ദ്രസർക്കാർ പ്രതിപക്ഷത്തിനെതിരെ ഇഡിയെയും ആദായനികുതി വകുപ്പിനെയും ദുരുപയോഗം ചെയ്യാറുണ്ടെന്നും ചന്നി കുറ്റപ്പെടുത്തി. നേരത്തേ ബംഗാൾ നിയംസഭ തിരഞ്ഞെടുപ്പ് വേളയിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ ബന്ധുക്കളുടെ വസതിയിലും ഇത്തരത്തിൽ റെയ്ഡ് നടത്തിയിരുന്നുവെന്നും ചന്നി പറഞ്ഞു.
Recommended Video
ഇപ്പോൾ നടക്കുന്നത് ഞങ്ങളെ ഒതുക്കാനുള്ള ഗൂഢാലോചനയാണ്. കോൺഗ്രസിന്റെ പല മന്ത്രിമാരും ഇപ്പോൾ സമ്മർദ്ദത്തിലാണെന്നും ചന്നി പറഞ്ഞു. ചൊവ്വാഴ്ചയായിരുന്നു ചന്നിയുമായി ബന്ധപ്പെട്ട 10 കേന്ദ്രങ്ങളിൽ ഇ ഡി റെയ്ഡ് നടത്തിയത്. അതേസമയം ചന്നിയുടെ സഹോദരി പുത്രനായ ഭൂപീന്ദർ സിംഗിന്റെ വസതിയിൽ നിന്ന് എട്ടര കോടിയും പങ്കാളിയായ സന്ദീപ് കുമാറിന്റെ വസതിയിൽ നിന്നും രണ്ട് കോടി രൂപയുമാണ് പിടിച്ചെടുത്തതെന്നാണ് ഇ ഡി അധികൃതർ അറിയിച്ചത്. സംഭവത്തിൽ നിരവധി പേരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്തേക്കുമെന്നാണ് റിപ്പോർട്ട്.












Click it and Unblock the Notifications