എസ്ഡിപിഐ ദേശീയ അധ്യക്ഷന്‍ എംകെ ഫൈസി ഇഡി കസ്റ്റഡിയില്‍: ഡല്‍ഹിക്ക് കൊണ്ടുപോയി
ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് എസ് ഡി പി ഐ ദേശീയ അധ്യക്ഷന്‍ എം കെ ഫൈസി കസ്റ്റഡിയില്‍. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് എം കെ ഫൈസിയെ കസ്റ്റഡിയിലെടുത്തത്. ബംഗളൂരുവില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഇദ്ദേഹത്തെ ഡല്‍ഹിയിലേക്ക് എത്തിച്ചു. ഡല്‍ഹിയിലെ ഓഫീസില്‍ വെച്ചും എസ് ഡി പി ഐ ദേശീയ അധ്യക്ഷനെ ചോദ്യം ചെയ്ത് വരികയാണ്.
ബംഗളൂരുവിലെ വീട്ടിലായിരുന്ന എംകെ ഫൈസിയെ ഇന്നലെ വൈകീട്ടോടെയാണ് ഇഡി കസ്റ്റഡിയില്‍ എടുക്കുന്നത്. തുടർന്ന് പുലർച്ചെയുള്ള വിമാനത്തില്‍ ഡല്‍ഹിയിലേക്ക് പോകുകയായിരുന്നു. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച ശേഷം നടത്തിയ പരിശോധനകളില്‍ 56.56 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി നേരത്തെ കണ്ടുകെട്ടിയിരുന്നു. പോപ്പുലർ ഫ്രണ്ട് നടത്തിയ നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകളിലും കള്ളപ്പണം വെളുപ്പിക്കലിലും ഫൈസിക്കും പങ്കുണ്ടെന്നാണ് ഇഡി ആരോപിക്കുന്നത്.

തീവ്രവാദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതായി സംശയിക്കുന്ന സംഘടനകളുമായി ബന്ധപ്പെട്ടു സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നത് തടയുന്നതിന്റെ ഭാഗമായാണ് എം കെ ഫൈസിയെ കസ്റ്റഡിയില്‍ എടുത്തതെന്നും ഇഡി അറിയിച്ചതായി റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തിനകത്തും പുറത്തും നിന്ന് അനധികൃതമായി ഫണ്ട് സ്വരൂപിച്ച് ഭീകരപ്രവർത്തനങ്ങൾക്ക് പോപ്പുലർഫ്രണ്ട് നേതൃത്വം നൽകിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സംഘടനയെ കേന്ദ്രം നേരത്തെ നിരോധിച്ചത്.
അതേസമയം, ദേശീയ പ്രസിഡന്റ് എം കെ ഫൈസിയെ ഡല്‍ഹിയില്‍ അറസ്റ്റുചെയ്ത ഇ ഡി നടപടി അപലപനീയമാണെന്ന് എസ് ഡി പി ഐ ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫി പറഞ്ഞു. വിയോജിപ്പുകളെയും രാഷ്ട്രീയ എതിരാളികളെയും അടിച്ചമര്‍ത്താനുള്ള പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമാണ് അറസ്റ്റ്. വിയോജിപ്പിന്റെ ശബ്ദം അടിച്ചമര്‍ത്താനുള്ള കേന്ദ്ര ബി ജെ പി സര്‍ക്കാരിന്റെ നടപടിയുടെ ഭാഗമാണിതെന്നും മുഹമ്മദ് ഷെഫി പറഞ്ഞു.
വ്യാജ കുറ്റങ്ങള്‍ ചുമത്തി ജനാധിപത്യ എതിരാളികളെ ഭീഷണിപ്പെടുത്തുകയും അടിച്ചമര്‍ത്തുകയും ചെയ്യുക എന്നത് മര്‍ദ്ദക ഭരണകൂടത്തിന്റെ അജണ്ടയുടെ ഭാഗമാണ്. കിരാതമായ വഖ്ഫ് ഭേദഗതി ബില്ലിനെതിരെ രാജ്യമെമ്പാടും ഉയര്‍ന്നു വന്ന പ്രതിഷേധത്തിന്റെയും പ്രക്ഷോഭത്തിന്റെയും മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന എസ് ഡി പി ഐയോട് ഭരണകൂടം അസഹിഷ്ണുത പുലര്‍ത്തുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ് അറസ്റ്റ്. ഇത്തരം അടിച്ചമര്‍ത്തലുകള്‍ക്കും ജനാധിപത്യ വിരുദ്ധ നീക്കങ്ങള്‍ക്കുമെതിരെ സമര്‍പ്പണത്തോടെയും പൂര്‍ണ്ണ മനസ്സോടെയും പോരാടാന്‍ എസ് ഡി പി ഐ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications