പളനിസ്വാമിക്ക് പണികൊടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍; വാടക കസേര; മുഖ്യമന്ത്രിപദം ദീര്‍ഘകാലമില്ല!!
ഒരാള്‍ സ്വന്തം വീട്ടിലെ കസേരയിലിരിക്കുന്നതും വാടക കസേരയിലിരിക്കുന്നതും രണ്ടും രണ്ടാണ്. മുഖ്യമന്ത്രി ഇരിക്കുന്നത് വാടക കസേരയിലാണെന്നാണ് തന്റെ അഭിപ്രായം.
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ നിയമസഭയിലെ വിശ്വാസ വോട്ട് സംബന്ധിച്ച വിവാദങ്ങള്‍ കൊഴുക്കവെ, അദ്ദേഹം ഈ പദവിയില്‍ കൂടുതല്‍ കാലമുണ്ടാവില്ലെന്ന് സൂചന. കേന്ദ്രമന്ത്രിയാണ് ഇതുസംബന്ധിച്ച് സൂചന നല്‍കിയത്. കേന്ദ്രസര്‍ക്കാരിന് പളനിസ്വാമി മുഖ്യമന്ത്രിയാവുന്നതിനോട് നേരത്തെ യോജിപ്പുണ്ടായിരുന്നില്ല.
പളനിസ്വാമി ഇരിക്കുന്നത് വാടക കസേരയിലാണെന്നും കൂടുതല്‍ കാലം ഈ സീറ്റിലുണ്ടാവില്ലെന്നും കേന്ദ്ര റോഡ് ഗതാഗത ഹൈവേ, ഷിപ്പിങ് സഹമന്ത്രി പൊന്‍ രാധാകൃഷ്ണനാണ് പറഞ്ഞത്. പളനിസ്വാമിയുടെ മുഖ്യമന്ത്രി പദവിക്ക് ആയുസില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരാള്‍ സ്വന്തം വീട്ടിലെ കസേരയിലിരിക്കുന്നതും വാടക കസേരയിലിരിക്കുന്നതും രണ്ടും രണ്ടാണ്. മുഖ്യമന്ത്രി ഇരിക്കുന്നത് വാടക കസേരയിലാണെന്നാണ് തന്റെ അഭിപ്രായം. പളനിസ്വാമി വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ചത് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു പൊന്‍ രാധാകൃഷ്ണന്‍.

തൂത്തുകുടിയില്‍ ഒരു പരിപാടിക്കെത്തിയപ്പോഴാണ് കേന്ദ്രമന്ത്രി മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കെതിരേ പരിഹാസവാക്കുകള്‍ ചൊരിഞ്ഞത്. വാടക കസേര എത്രകാലം ഉപയോഗിക്കാനാവുമെന്നും അധിക കാലം ആ പദവിയില്‍ ഇരിക്കാന്‍ പളനിസ്വാമിക്ക് ആവില്ലെന്നും പൊന്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി.

വിശ്വാസ വോട്ടെടുപ്പ് നടന്ന കഴിഞ്ഞ ശനിയാഴ്ച നിയമസഭയിലുണ്ടായ സംഭവങ്ങള്‍ നാണക്കേടുണ്ടാക്കുന്നതാണ്. തമിഴ്‌നാടിന് മൊത്തം അപമാനിക്കുന്ന രീതിയിലായിരുന്നു എംഎല്‍എമാരുടെ പെരുമാറ്റം. മൊത്തം തമിഴരും നാണത്താല്‍ തല താഴ്ത്തിയെന്നും പൊന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

നിയമസഭയില്‍ പ്രതിപക്ഷ നേതാവ് എംകെ സ്റ്റാലിന്‍ അക്രമിക്കപ്പെട്ടത് ഒരിക്കലും പാടില്ലാത്ത സംഭവമാണ്. ഇതുസംബന്ധിച്ച് പ്രത്യേക അന്വേഷണം നടത്തണം. പ്രതിപക്ഷത്തെ പുറത്താക്കിയ ശേഷം നടന്ന വിശ്വാസ വോട്ടെടുപ്പിന്റെ നിയമസാധുത കോടതി തീരുമാനിക്കട്ടെയെന്നും പൊന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

അതേസമയം, ഗവര്‍ണറെ ന്യായീകരിച്ച് തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ രംഗത്തെത്തി. മുഖ്യമന്ത്രിയായി എടപ്പാടി പളനിസ്വാമിക്ക് സത്യപ്രതിജ്ഞ ചെയ്യാന്‍ അവസരം നല്‍കി. ശേഷം സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെട്ടു. ഇതല്ലെതെ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിന് മുമ്പിലുള്ള മറ്റു വഴിയെന്താണെന്ന് ബിജെപി അധ്യക്ഷന്‍ തമിലിസായ് സുന്ദരരാജന്‍ ചോദിച്ചു.

എന്നാല്‍ രഹസ്യബാലറ്റ് വേണമെന്ന പ്രതിപക്ഷത്തിന്റെയും ഒ പനീല്‍ശെല്‍വത്തിന്റെയും ആവശ്യം സ്പീക്കര്‍ അംഗീകരിക്കാത്തതാണ് പ്രശ്‌നങ്ങളിലേക്ക് നയിച്ചതെന്നും സുന്ദരരാജന്‍ പറഞ്ഞു. രഹസ്യബാലറ്റ് നടന്നാല്‍ ശശികല ക്യാംപിലെ പല എംഎല്‍എമാരും പളനിസ്വാമിക്ക് എതിരേ വോട്ട് ചെയ്യുമായിരുന്നുവെന്ന് റിപോര്‍ട്ടുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സ്പീക്കര്‍ രഹസ്യബാലറ്റിന് അനുമതി നല്‍കാതിരുന്നത്. നിയസഭയിലെ പ്രമുഖ നേതാക്കള്‍ക്ക് സംസാരിക്കാന്‍ പോലും അവസരം നല്‍കാതിരുന്ന നടപടി ശരിയായില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവ് എല്‍ ഗണേഷന്‍ അഭിപ്രായപ്പെട്ടു. എണ്ണം കൊണ്ട് എടപ്പാടിക്ക് ജയിക്കാന്‍ കഴിഞ്ഞേക്കാം. പക്ഷേ ധാര്‍മികമായി അദ്ദേഹം പരാജയമാണെന്നും ഗണേഷന്‍ പറഞ്ഞു.

നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ തമിഴ്‌നാട് നിയസഭയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പ് ചോദ്യം ചെയ്താണ് ഡിഎംകെ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. വിശ്വാസ വോട്ടെടുപ്പ് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഡിഎംകെയുടെ അംഗങ്ങളെ സഭയില്‍ നിന്നു പുറത്താക്കിയ ശേഷമായിരുന്നു വോട്ടെടുപ്പ്. ഡിഎംകെ അംഗങ്ങളെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും പ്രതിനിധികള്‍ വോട്ടെടുപ്പ് ബഹിഷ്‌കരിക്കുകയായിരുന്നു.

122 വോട്ടുകള്‍ നേടിയാണ് എടപ്പാടി പളനിസ്വാമി നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ചത്. സഭയിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഡിഎംകെയുടെ 88 അംഗങ്ങളെ സ്പീക്കര്‍ പി ധനപാല്‍ പുറത്താക്കിയിരുന്നു. പ്രതിപക്ഷം പങ്കെടുക്കാത്ത വോട്ടെടുപ്പ് റദ്ദാക്കണമെന്ന് ഡിഎംകെ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. വിശ്വാസവോട്ടെടുപ്പ് പ്രമേയം സഭയില്‍ രണ്ടുതവണ അവതരിപ്പിച്ചത് നിയമവിരുദ്ധമാണെന്ന് ഡിഎംകെ നേതാക്കള്‍ ആരോപിക്കുന്നു.

വിശ്വാസവോട്ടെടുപ്പിനിടെയുണ്ടായ അക്രമസംഭവങ്ങളില്‍ ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു റിപോര്‍ട്ട് തേടിയിട്ടുണ്ട്. നിയമസഭാ സെക്രട്ടറിയോടാണ് ഗവര്‍ണര്‍ റിപോര്‍ട്ട് ആവശ്യപ്പെട്ടത്. പ്രതിപക്ഷ നേതാവ് എംകെ സ്റ്റാലിനും ഒ പനീര്‍ശെല്‍വവും നല്‍കിയ പരാതിയെ തുടര്‍ന്നാണ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപ്പെട്ടത്. സഭയില്‍ പോലീസിനെ വിന്യസിച്ച് യുദ്ധസമാന സാഹചര്യമുണ്ടാക്കി, വിശ്വാസ വോട്ടെടുപ്പ് രഹസ്യബാലറ്റ് വഴി വേണമെന്ന പ്രതിപക്ഷത്തിന്റെ ഒന്നടങ്കമായ ആവശ്യം പരിഗണിച്ചില്ല, തന്റെ വാഹനം തടഞ്ഞുനിര്‍ത്തി അനാവശ്യമായി പരിശോധന നടത്തി തുടങ്ങിയ കാര്യങ്ങളാണ് ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയില്‍ സ്റ്റാലിന്‍ ഉന്നയിച്ച ആരോപണങ്ങള്‍.

അതേസമയം, നിലവിലെ പ്രതിസന്ധി മറികടക്കാന്‍ ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് പളനിസ്വാമി. അഞ്ച് പദ്ധതികളിലാണ് അദ്ദേഹം ഒപ്പുവച്ചത്. സ്ത്രീകള്‍ക്ക് ആനുകൂല്യം നല്‍കുന്നവയാണ് ഇതില്‍ പ്രധാനം. ജോലിക്ക് പോവുന്ന സ്ത്രീകള്‍ക്ക് സ്‌കൂട്ടര്‍ വാങ്ങുമ്പോള്‍ പകുതി വില കൊടുത്താല്‍ മതി. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. ഈ പദ്ധതിക്ക് സര്‍ക്കാര്‍ 200 കോടിയാണ് മാറ്റിവയ്ക്കുന്നത്.

ആറ് ലക്ഷം സ്ത്രീകള്‍ക്ക് ഗുണം ചെയ്യുന്ന പ്രസവാനുകൂല്യവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ദാരിദ്രരേഖയ്ക്ക് താഴെയുള്ള സ്ത്രീകള്‍ക്ക് പ്രസവാനുകൂല്യമായി ഇതുവരെ നല്‍കിയിരുന്നത് 12000 രൂപയാണ്. അതിപ്പോള്‍ 18000 രൂപയാക്കി. സര്‍ക്കാരിന് 360 കോടി രൂപയുടെ അധിക ബാധ്യത വരുന്ന പദ്ധതിയാണിത്. ജയലളിത പ്രഖ്യാപിച്ചതിനേക്കാള്‍ ഉയര്‍ന്ന തുകയാണ് പളനിസ്വാമി പ്രഖ്യാപിച്ചിരിക്കുന്നത്. ഇങ്ങനെ പോയാല്‍ അദ്ദേഹം ആനുകൂല്യത്തിന്റെ കാര്യത്തില്‍ ജയലളിതയെ മറികടക്കുമെന്നാണ് റിപോര്‍ട്ടുകള്‍. നിലവില്‍ മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വവും ഡിഎംകെയും ഉന്നയിക്കുന്ന ആരോപണങ്ങളുടെ മുനയൊടിക്കലും പളനിസ്വാമിയുടെ ലക്ഷ്യമാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള മദ്യവില്‍പ്പന സ്ഥാപനമായ ടാസ്മാകിന്റെ 500 ഔട്ട്ലെറ്റുകള്‍ പൂട്ടുന്നതിനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം വില്‍ക്കുന്ന കേന്ദ്രങ്ങളാണ് പൂട്ടുക. ഇതും സ്ത്രീകളെ കൈയിലെടുക്കാന്‍ സഹായിക്കും. ഘട്ടം ഘട്ടമായി മദ്യ നിരോധനം നടപ്പാക്കുമെന്നായിരുന്നു പാര്‍ട്ടി മുന്‍ അധ്യക്ഷ ജയലളിതയുടെ പ്രഖ്യാപനം. ഇത് പാലിക്കുന്നതിന്റെ ഭാഗമായാണ് പളനിസ്വാമിയുടെ നീക്കങ്ങളെന്ന് പാര്‍ട്ടി നേതാക്കള്‍ പ്രതികരിച്ചു. അമ്മയുടെ ഓരോ പ്രഖ്യാപനങ്ങളും നടപ്പാക്കുമെന്നും പളനിസ്വാമി മാധ്യമങ്ങളോട് പറഞ്ഞു.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത 55228 യുവാക്കള്‍ക്ക് പ്രതിമാസം സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിയും പ്രഖ്യാപിച്ചു. മല്‍സ്യത്തൊഴിലാളികള്‍ക്ക് വീട് നിര്‍മിക്കുന്നതിന് 85 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്. എന്നാല്‍ പളനിസ്വാമി നിയമസഭയില്‍ വിശ്വാസ വോട്ട് നേടിയത് നിയമവിരുദ്ധമായിട്ടാണെന്ന് കാണിച്ച് ഡിഎംകെ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്.












Click it and Unblock the Notifications