നീറ്റില്‍ എല്ലാം നീറ്റല്ല: ചില ക്രമക്കേടുകള്‍ നടന്നതായി സമ്മതിച്ച് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി
ഡല്‍ഹി: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് തുറന്ന് സമ്മതിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. പരീക്ഷയുമായി ബന്ധപ്പെട്ട ചില ക്രമക്കേടുകള്‍ പുറത്തുവന്നിട്ടുണ്ടെന്നാണ് കേന്ദ്ര മന്ത്രി വാർത്താ ഏജൻസിയായ എ എൻ ഐയോട് പ്രതികരിച്ചത്.
"സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരം 1,563 ഉദ്യോഗാർത്ഥികളുടെ പുനഃപരീക്ഷയ്ക്ക് ഉത്തരവിട്ടിട്ടുണ്ട്. രണ്ടിടങ്ങളിലെ പരീക്ഷയില്‍ ചില ക്രമക്കേടുകൾ നടന്നതായി പുറത്തുവന്നിട്ടുണ്ട്. ഈ വീഴ്ച ഗൗരവത്തോടെയാണ് സർക്കാർ എടുത്തിരിക്കുന്നതെന്ന് വിദ്യാർഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഞാന്‍ ഉറപ്പി നല്‍കുന്നു." കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി പറഞ്ഞു.
രാജ്യവ്യാപകമായി മത്സര പരീക്ഷകൾ നടത്താൻ ചുമതലപ്പെടുത്തിയിട്ടുള്ള സ്വയംഭരണ സ്ഥാപനമായ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ (എൻ ടി എ) വളരെയധികം മാറ്റങ്ങള്‍ ആവശ്യമാണെന്നും പ്രധാൻ അഭിമുഖത്തിൽ വ്യക്തമാക്കി. എൻ ടി എയിലെ ഏത് വൻകിട ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് കണ്ടെത്തിയാലും അവരെ വെറുതെ വിടില്ല, സർക്കാരിന് ഇക്കാര്യത്തിൽ ആശങ്കയുണ്ട്, ഒരു കുറ്റവാളിയും രക്ഷപ്പെടില്ല, അവർക്ക് ഏറ്റവും കഠിനമായ ശിക്ഷ ലഭിക്കുമെന്ന് ഉറപ്പാക്കുമെന്നും പ്രധാൻ കൂട്ടിച്ചേർത്തു.

മെയ് 5 ന് 4,750 കേന്ദ്രങ്ങളിലായി നടന്ന നീറ്റ് പരീക്ഷയില്‍ 24 ലക്ഷത്തോളം വിദ്യാർത്ഥികളായിരുന്നു പങ്കെടുത്തത്. ജൂൺ 14 ന് ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും പൊതുതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ജൂൺ 4 ന് തന്നെ നീറ്റ് ഫലവും പ്രഖ്യാപിച്ചു. ഇതില്‍ തന്നെ ക്രമക്കേട് ആരോപിക്കപ്പെടുന്നുണ്ടെങ്കിലും ഉത്തരക്കടലാസുകളുടെ മൂല്യനിർണ്ണയം നേരത്തെ പൂർത്തിയാക്കിയതിനാലാണ് അന്ന് ഫലം പുറത്ത് വിട്ടതെന്നാണ് എൻ ടി എ അധികൃതർ വ്യക്തമാക്കിയത്.
ബീഹാർ പോലുള്ള സംസ്ഥാനങ്ങളിൽ ചോദ്യപേപ്പർ ചോർച്ചയുണ്ടായതായി വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ആരോപണം ഉയർന്നതിന് പിന്നാലെയാണ് സുപ്രീംകോടതിയുടെ ഇടപെടല്‍ ഉണ്ടാകുന്നത്. പരീക്ഷയെഴുതിയ 1,563 വിദ്യാർത്ഥികൾക്ക് നൽകിയ ഗ്രേസ് മാർക്ക് റദ്ദാക്കിയതായി കേന്ദ്രവും നാഷണൽ ടെസ്റ്റിംഗ് ഏജൻസിയും വ്യാഴാഴ്ച സുപ്രീം കോടതിയെ അറിയിച്ചു. ഇവർക്ക് ഒന്നുകിൽ വീണ്ടും പരീക്ഷ എഴുതുകയോ അല്ലെങ്കിൽ ഗ്രേസ് മാർക്ക് ഒഴിവാക്കിയിട്ടുള്ള മാർക്ക് സ്വീകരിക്കുകയോ ചെയ്യാമെന്നും കോടതി അറിയിച്ചിട്ടുണ്ട്.
വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെ ചോദ്യം ചെയ്ത കോൺഗ്രസ്, സുപ്രീം കോടതിയുടെ മേൽനോട്ടത്തിലുള്ള ഫോറൻസിക് അന്വേഷണത്തിന് മാത്രമേ ലക്ഷക്കണക്കിന് യുവ വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കാൻ കഴിയൂ എന്ന് വാദിച്ചു.












Click it and Unblock the Notifications