'സുല്‍ത്താന്‍' സിനിമ വിദ്യാര്‍ഥികളെ കാണിക്കാന്‍ വിദ്യാഭ്യാസ ഓഫീസറുടെ സര്‍ക്കുലര്‍
ബിലാസ്പുര്‍: സുല്‍ത്താന്‍ സിനിമ വിദ്യാര്‍ഥികളെ കാണിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ ഉദ്യോഗസ്ഥന്‍ സ്‌കൂളുകള്‍ക്ക് സര്‍ക്കുലര്‍ നല്‍കി. ഛത്തീസ്ഗഡിലെ ബിലാസ്പുര്‍ ജില്ലയിലാണ് സംഭവം. ഗൗരേല വിദ്യാഭ്യാസ ഓഫീസര്‍ കെ എല്‍ കുജുര്‍ തന്റെ ബ്ലോക്കില്‍ വരുന്ന എല്ലാ സ്‌കൂളുകളിലെയും പ്രിന്‍സിപ്പല്‍മാര്‍ക്കാണ് സര്‍ക്കുലര്‍ നല്‍കിയത്.
കുജുര്‍ സല്‍മാന്‍ ഖാന്‍ നായകനായി സുല്‍ത്താന്‍ കഴിഞ്ഞദിവസം കണ്ടിരുന്നു. ഇതോടെ സിനിമയുടെ കടുത്ത ആരാധകനായിമാറിയ ഓഫീസര്‍ സര്‍ക്കുലര്‍ പുറത്തുവിടുകയായിരുന്നു. സിനിമ മികച്ച ആസ്വാദനമികവുള്ളതും പ്രചോദനമാകുന്നതുമാണെന്ന് ഓഫീസര്‍ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് പ്രചോദനമാകാന്‍ വേണ്ടിയാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചതെന്ന് ഒരു പ്രിന്‍സിപ്പല്‍ പ്രതികരിച്ചു.

പ്രൈമറി ക്ലാസുകള്‍ മുതല്‍ ഹയര്‍സെക്കന്‍ഡറി ക്ലാസുകളിലെ കുട്ടികള്‍ക്കെല്ലാം സിനിമ ആവശേകരമാകുമെന്ന് ഓഫീസര്‍ പറയുന്നു. സമീപത്തെ അന്നപൂര്‍ണ എന്ന തീയേറ്ററില്‍ ഇതിനായി സമീപിക്കാമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രദേശത്ത് സിനിമ കളിക്കുന്ന ഏക തീയേറ്ററാണ് അന്നപൂര്‍ണ.
ജൂലൈ 30 മുതല്‍ ഓഗസ്ത് 4 വരെയാണ് വിദ്യാര്‍ഥികള്‍ക്ക് സിനിമ കാണിക്കാനായി നല്‍കിയ തീയതി. ഈ ദിവസങ്ങളില്‍ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് 20 രൂപയും ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് 30 രൂപയും മാത്രമേ ഈടാക്കുകയുള്ളൂ. അതേസമയം ഇത്തരമൊരു സര്‍ക്കുലര്‍ പുറപ്പെടുവിച്ചതിനെതിരെ അന്വേഷണം നടത്തുമെന്നാണ് ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥന്‍ ഹേമന്ദ് ഉപാധ്യായ അറിയിച്ചിരിക്കുന്നത്.












Click it and Unblock the Notifications