കടിച്ച പാമ്പിനെ തിരിച്ച് കടിച്ച് രണ്ട് കഷണങ്ങളാക്കി എട്ട് വയസ്സുകാരൻ, അതും മൂർഖൻ പാമ്പിനെ
റായ്പൂര്‍: പാമ്പ് കടിച്ച് ആളുകള്‍ മരിക്കുന്നത് പുതുമയൊന്നും ഇല്ലാത്ത വാര്‍ത്തയാണ്. എന്നാല്‍ മനുഷ്യന്‍ പാമ്പിനെ കടിച്ച് കൊല്ലുന്നതോ.. വിചിത്രമായ സംഭവം നടന്നത് റായ്പൂരിലാണ്. 8 വയസ്സ് മാത്രം പ്രായമുളള പയ്യനാണ് പാമ്പിനെ കടിച്ച് കൊന്നത്. അതും പാമ്പ് ചില്ലറക്കാരനൊന്നുമല്ല എന്ന് അറിയുമ്പോഴാണ് ഞെട്ടല്‍ ഇരട്ടിക്കുന്നത്. മൂര്‍ഖന്‍ പാമ്പിനെയാണ് എട്ട് വയസ്സുകാരന്‍ കടിച്ച് കൊന്ന് കളഞ്ഞത്.
ജഷ്പൂര്‍ ജില്ലയിലെ ഉള്‍നാടന്‍ ഗ്രാമമായ പാന്തര്‍പഥ് എന്ന സ്ഥലത്താണ് ദീപക് എന്ന കുട്ടിയുടെ വീട്. വടക്ക് കിഴക്കന്‍ റായ്പൂരില്‍ നിന്ന് 350 കിലോമീറ്റര്‍ ദൂരത്താണ് ദീപകിന്റെ ഗ്രാമം. കഴിഞ്ഞ ദിവസം ദീപക് വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരിക്കുമ്പോഴാണ് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റത്.

ആ പാമ്പ് എന്റെ കയ്യില്‍ ചുറ്റിപ്പിണഞ്ഞ് കിടന്നു. കയ്യില്‍ കടിച്ചു. എനിക്ക് കടുത്ത വേദനയാണ് ഉണ്ടായത്. കയ്യില്‍ പിടിമുറുക്കിയ മൂര്‍ഖനെ കുടഞ്ഞെറിഞ്ഞ് കളയാന്‍ ഞാന്‍ ശ്രമിച്ചെങ്കിലും പാമ്പ് പിടുത്തം വിടുന്നുണ്ടായിരുന്നില്ല. ഇതോടെ പാമ്പിനെ ഞാന്‍ കടിച്ചു, പാമ്പ് രണ്ടായി മുറിഞ്ഞ് പോയി. നിമിഷ നേരം കൊണ്ടാണ് ഇതൊക്കെ സംഭവിച്ചത്, ദീപക് പറയുന്നു.
വീട്ടുകാര്‍ ഉടനെ തന്നെ ദീപകിനെ വീടിന് സമീപത്തുളള ആശുപത്രിയില്‍ എത്തിച്ചു. ദീപകിന് ആന്റി വെനം നല്‍കി ഒരു ദിവസം മുഴുവന്‍ നിരീക്ഷണത്തില്‍ കിടത്തിയ ശേഷമാണ് ഡിസ്ചാര്‍ജ് ചെയ്തത് എന്ന് ബ്ലോക്ക് മെഡിക്കല്‍ ഓഫീസറായ ഡോ. ജെംസ് മിന്‍ജ് വ്യക്തമാക്കി. പാമ്പ് കടിയേറ്റതിന്റെ ലക്ഷ്ണങ്ങളൊന്നും ദീപക് കാണിച്ചിരുന്നില്ലെന്നും ഡോക്ടര്‍ പറയുന്നു. വിഷമുളള മൂര്‍ഖനാണ് കടിച്ചത് എങ്കിലും വിഷം ശരീരത്തിലേക്ക് കടന്നിരുന്നില്ല, അതുകൊണ്ട് തന്നെ ദീപകിന് അപകടമൊന്നും സംഭവിച്ചില്ല. ഇത്തരം സംഭവങ്ങള്‍ അപൂര്‍വ്വമാണെന്നാണ് ഡോക്ടര്‍ ചൂണ്ടിക്കാട്ടുന്നത്.












Click it and Unblock the Notifications