'ഏക്നാഥ് ഷിൻഡെയോട് രാജി ആവശ്യപ്പെട്ടു, ഉടൻ സർക്കാരിൽ മാറ്റങ്ങൾ ഉണ്ടാകും'; ആരോപണവുമായി ആദിത്യ താക്കറെ
മുംബൈ: അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻ സി പി നേതാക്കളുടെ വരവിന് പിന്നാലെ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയോട് ബി ജെ പി രാജി ആവശ്യപ്പെട്ടിട്ടുണ്ടെന്ന ആരോപണവുമായി ഉദ്ധവ് താക്കറെ വിഭാഗം. യുവ നേതാവും ഉദ്ധവ് താക്കറെയുടെ മകനുമായ ആദിത്യ താക്കറെയാണ് ആരോപണം ഉയർത്തിയത്. മഹരാഷ്ട്ര സർക്കാരിൽ ഉടൻ തന്നെ മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്നും ആദിത്യ താക്കറെ പറഞ്ഞു. അജിത് പവാർ പക്ഷത്തിന്റെ വരവിൽ ശിവസേന ഷിൻഡെ വിഭാഗത്തിനിടയിൽ അതൃപ്തി ശക്തമാണെന്ന വാർത്തകൾക്കിടെയാണ് ആദിത്യയുടെ ആരോപണം എന്നതും ശ്രദ്ധേയമാണ്.

'മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയോട് സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ടെന്നാണ് ഞാൻ കേട്ടത്. സർക്കാരിൽ ഉടൻ തന്നെ മാറ്റങ്ങൾ ഉണ്ടാകും', ആദിത്യ താക്കറെ മാധ്യമങ്ങളോട് വ്യക്തമാക്കി. എൻ സി പി പിളർത്തി അജിത് പവാറും 8 എം എൽ എമാരുമാണ് സർക്കാരിന്റെ ഭാഗമായത്. ഈ നേതാക്കളെ ഉൾപ്പെടുത്തി ഉടൻ മന്ത്രിസഭ പുനഃസംഘടന ഉണ്ടായേക്കുമെന്നുള്ള റിപ്പോർട്ടുകൾ ഉണ്ട്. ഇതോടെ ഷിൻഡെ വിഭാഗത്തിൽ നിന്നും മന്ത്രിസ്ഥാനം സ്വപ്നം കണ്ടുകഴിയുന്ന പലരും തഴയപ്പെട്ടേക്കുമെന്നുള്ള ചർച്ചകൾ ശക്തമാണ്. തങ്ങളെ ഒതുക്കാൻ ബി ജ പെി ശ്രമിക്കുന്നുണ്ടെന്ന തരത്തിലുള്ള പ്രതികരണങ്ങൾ ഷിൻഡെ പക്ഷത്തെ നേതാക്കളും നടത്തിയിരുന്നു. അജിത് പവാർ പക്ഷത്ത് നിന്ന് നിന്നുള്ള നേതാക്കളുടെ വരവിൽ ശിവസേന നേതാക്കൾ എല്ലാവരും സന്തുഷ്ടരല്ലെന്നും നേതാക്കൾ വ്യക്തമാക്കിയിരുന്നു.
അതേസമയം ശിവസേനയിൽ നിന്നുള്ള ചില നേതാക്കൾ ഉദ്ധവ് താക്കറെ പക്ഷത്തേക്ക് മടങ്ങി വരാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് കഴിഞ്ഞ ദിവസം ഉദ്ദവ് വിഭാഗം നേതാവ് സഞ്ജയ് റൗത്ത് അവകാശപ്പെട്ടത്. 17-18 എം എൽ എമാർ തങ്ങളെ ബന്ധപ്പെട്ടെന്നായിരുന്നു റൗത്ത് പറഞ്ഞത്. എന്നാൽ റൗത്തിന്റെ അവകാശങ്ങൾ തള്ളി ഷിൻഡെ രംഗത്തെത്തി. ശിവസേന നേതാക്കൾ മടങ്ങി പോകില്ലെന്നും മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെയ്ക്കാൻ യാതൊരു ഉദ്ദേശവുമില്ലെന്നും ഷിൻഡെ പറഞ്ഞു. എൻ സി പി നേതാക്കളുടെ വരവിൽ ആർക്കും അതൃപ്തി ഇല്ലെന്നും ഷിൻഡെ വ്യക്തമാക്കി.
അതിനിടെ അയോഗ്യത വിഷയത്തിൽ ഷിൻഡെ പക്ഷത്തേയും അജിത് പവാർ പക്ഷത്തേയും എംഎൽഎമാരോട് സ്പൂക്കർ രാഹുൽ നവേർക്കർ വിശദീകരണം തേടി. ഷിൻഡെ വിഭാഗത്തിലെ 40 എംഎൽഎമാരോടും അജിത് പവാറിനൊപ്പമുള്ള 14 എംഎൽഎമാരോടുമാണ് വിശദീകരണം തേടിയത്. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ നേതാക്കൾ എന്ത് നിലപാടെടുക്കുമെന്നാണ് ഇപ്പോൾ ഉറ്റുനോക്കപ്പെടുന്നത്.












Click it and Unblock the Notifications