ഒടുവില്‍ ഷിന്‍ഡെ വഴങ്ങി? ഉപമുഖ്യമന്ത്രിയാകാമെന്ന് സമ്മതിച്ചു, വകുപ്പ് വിഭജനം ഇങ്ങനെ
മുംബൈ: മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് രണ്ടാഴ്ച ആകാനിരിക്കെ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിച്ചതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ തുടരുന്നതിനിടെ മഹാരാഷ്ട്ര മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ രണ്ട് ഡെപ്യൂട്ടിമാരും മാത്രമേ ഡിസംബര്‍ 5 ന് സത്യപ്രതിജ്ഞ ചെയ്യുകയുള്ളൂവെന്നാണ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസ് തന്നെ മുഖ്യമന്ത്രിയാകും. വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യുന്ന മൂന്ന് നേതാക്കളില്‍ ശിവസേന നേതാവ് ഏകനാഥ് ഷിന്‍ഡെയും എന്‍സിപി നേതാവ് അജിത് പവാറും ഉള്‍പ്പെടും. ഇരുവരും ഉപമുഖ്യമന്ത്രിമാരായിട്ടായിരിക്കും സത്യപ്രതിജ്ഞ ചെയ്യുക. ദേവേന്ദ്ര ഫഡ്നാവിസ് സര്‍ക്കാരിലെ ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ നിലവിലെ കാവല്‍ മുഖ്യമന്ത്രി കൂടിയായ ഏക്‌നാഥ് ഷിന്‍ഡെ വിമുഖത പ്രകടിപ്പിച്ചിരുന്നു.

എന്നാല്‍ ഷിന്‍ഡെയെ അനുനയിപ്പിച്ചു എന്നാണ് വിവരം. ബിജെപി, ശിവസേന, എന്‍സിപി എന്നീ പാര്‍ട്ടികളുടെ കാബിനറ്റ് സ്ഥാനങ്ങളും വകുപ്പുകളും അനുവദിക്കുന്നത് സത്യപ്രതിജ്ഞയ്ക്ക് ശേഷം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 21-22 വകുപ്പുകള്‍ ബിജെപി സ്വന്തമാക്കും എന്നാണ് വിവരം. ആഭ്യന്തരം, റവന്യൂ തുടങ്ങിയ പ്രധാന വകുപ്പുകള്‍ സ്പീക്കര്‍, ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനങ്ങളും പാര്‍ട്ടി നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ശിവസേന 16 വകുപ്പുകള്‍ വേണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും നഗരവികസനമടക്കം 12 എണ്ണമായിരിക്കും അനുവദിക്കുക. ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനം വഹിക്കുമ്പോഴും ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനവും എന്‍സിപി ആവശ്യപ്പെട്ടിട്ടുണ്ട്. എന്‍സിപിക്ക് ധനകാര്യവും ഡെപ്യൂട്ടി സ്പീക്കറും ഉള്‍പ്പെടെ 9-10 മന്ത്രാലയങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട് എന്നാണ് വിവരം.
തുടര്‍ച്ചയായ പനിയെത്തുടര്‍ന്ന് താനെ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയനായ ഷിന്‍ഡെ വരും ദിവസങ്ങളില്‍ ക്യാബിനറ്റ് വകുപ്പുകള്‍ അന്തിമമാക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാന്‍ ബിജെപി നിയമസഭാ കക്ഷി യോഗം ബുധനാഴ്ച രാവിലെ 10 മണിക്ക് ചേരും.
കഴിഞ്ഞ ദിവസം ഷിന്‍ഡെയും ഫഡ്നാവിസും മുംബൈയില്‍ തങ്ങി പാര്‍ട്ടി പ്രവര്‍ത്തകരുമായും നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഡിസംബര്‍ അഞ്ചിന് വൈകിട്ട് അഞ്ചിന് മുംബൈ ആസാദ് മൈതാനിയില്‍ പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുമെന്ന് ബിജെപി സ്ഥിരീകരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് പ്രമുഖ നേതാക്കളും പങ്കെടുക്കുന്ന ചടങ്ങിനുള്ള ഒരുക്കങ്ങള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്
288 അംഗ നിയമസഭയില്‍ 230 സീറ്റുകളാണ് മഹായുതി നേടിയത്. 132 സീറ്റുകളുള്ള ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. ശിവസേന 57 സീറ്റിലും എന്‍സിപി 41 സീറ്റിലും വിജയിച്ചു. അതേസമയം മഹാ വികാസ് അഘാഡിയ്ക്ക് വെറും 46 സീറ്റ് മാത്രമെ നേടാനായുള്ളൂ. ശിവസേന (യുബിടി) 20 സീറ്റിലും കോണ്‍ഗ്രസ് 16 സീറ്റിലും എന്‍സിപി (എസ്പി) 10 സീറ്റിലുമാണ് വിജയിച്ചത്.












Click it and Unblock the Notifications