'ആഭ്യന്തരം എനിക്ക് വേണം'; അമിത് ഷായെ കണ്ട് ഏക്‌നാഥ് ഷിന്‍ഡെ
മുംബൈ: സത്യപ്രതിജ്ഞയ്ക്ക് ശേഷം ഏകനാഥ് ഷിന്‍ഡെ മുതിര്‍ന്ന ബിജെപി നേതാവ് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുമെന്ന് ശിവസേന. ഇന്ന് 5.30 ഓടെ ആസാദ് മൈതാനിയില്‍ ആയിരുന്നു പുതിയ മഹാരാഷ്ട്ര സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ. മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസും ഉപമുഖ്യമന്ത്രിമാരായ ഏക്‌നാഥ് ഷിന്‍ഡെ, അജിത് പവാര്‍ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു.
വകുപ്പ് വിഭജനം പിന്നീടാണ് തീരുമാനിക്കുക. എന്നാല്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തിനൊപ്പം ആഭ്യന്തര വകുപ്പ് കൂടി തങ്ങള്‍ക്ക് വേണം എന്നാണ് ശിവസേനയുടെ നിലപാട്. ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാനാണ് അമിത് ഷായുമായി ഏകനാഥ് ഷിന്‍ഡെ കൂടിക്കാഴ്ച നടത്തുന്നത് എന്ന് ശിവസേന നേതാവ് സഞ്ജയ് ഷിര്‍സാത്ത് പറഞ്ഞു. അവസാന നിമിഷം വരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏക്‌നാഥ് ഷിന്‍ഡെ അവകാശവാദം ഉന്നയിച്ചിരുന്നു.

ബിഹാറിലേതിന് സമാനമായി മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനം സഖ്യകക്ഷിക്ക് നല്‍കണം എന്നായിരുന്നു ശിവസേനയുടെ നിലപാട്. എന്നാല്‍ ബിജെപി ഇതിന് വഴങ്ങിയിരുന്നില്ല. സത്യപ്രതിജ്ഞാ ചടങ്ങിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഏക്‌നാഥ് ഷിന്‍ഡെ ഫഡ്‌നാവിസ് സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയാകാം എന്ന് അറിയിച്ചത്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം പ്രമുഖരായ നിരവധി പേര്‍ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു.
അമിത് ഷാ, ജെപി നദ്ദ, യോഗി ആദിത്യനാഥ്, നിര്‍മല സീതാരാമന്‍, നിതിന്‍ ഗഡ്കരി, യോഗി ആദിത്യനാഥ്, നിതീഷ് കുമാര്‍, ചന്ദ്രബാബു നായിഡു, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ഭാര്യ അഞ്ജലി, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, രണ്‍ബീര്‍ കപൂര്‍, രണ്‍വീര്‍ സിംഗ്, മുകേഷ് അംബാനി തുടങ്ങിയവരും സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയിരുന്നു. 42,000 ത്തോളം പേര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു എന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്.
കനത്ത സുരക്ഷാ വലയത്തിലായിരുന്ന സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. അഞ്ച് അഡീഷണല്‍ കമ്മീഷണര്‍മാര്‍, 15 ഡിസിപിമാര്‍, 700 ഓളം പൊലീസ് ഉദ്യോഗസ്ഥര്‍, 4,000-ലധികം സുരക്ഷാ ഉദ്യോഗസ്ഥര്‍, സംസ്ഥാന റിസര്‍വ് പോലീസ് ഫോഴ്‌സ് (എസ്ആര്‍പിഎഫ്), ക്വിക്ക് റെസ്‌പോണ്‍സ് ടീം (ക്യുആര്‍ടി), കലാപ നിയന്ത്രണ ടീം, ഡെല്‍റ്റ, കോംബാറ്റ് ടീമുകള്‍, ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്‌പോസല്‍ സ്‌ക്വാഡ് എന്നിവര്‍ക്കായിരുന്നു ക്രമസമാധാനപാലന ചുമതല.
288 നിയമസഭാ സീറ്റുകളില്‍ 230 ലും വിജയിച്ചാണ് മഹായുതി ഭരണ തുടര്‍ച്ച നേടിയത്. ബിജെപി 132 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ശിവസേനയ്ക്ക് 57 ഉം എന്‍സിപിക്ക് 41 ഉം സീറ്റുകളില്‍ ആണ് ജയിക്കാനായത്.












Click it and Unblock the Notifications