കോണ്‍ഗ്രസിന് തിരിച്ചടി: മധ്യപ്രദേശില്‍ കമല്‍നാഥിന്റെ സ്റ്റാര്‍ ക്യാംപെയ്നര്‍ പദവി റദ്ദാക്കി
ഭോപ്പാല്‍: മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായ കമല്‍നാഥിന്റെ സ്റ്റാര്‍ ക്യാപെയ്നര്‍ പദവി റദ്ദാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്. സംസ്ഥാനത്തെ 28 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനുള്ള പ്രചാരണ വേളയിൽ മാതൃകാ പെരുമാറ്റച്ചട്ടം ആവർത്തിച്ച് ലംഘിച്ചുവെന്ന് കാട്ടിയാണ് കമൽ നാഥിന്റെ 'സ്റ്റാർ കാമ്പെയ്നർ' പദവി തെരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കിയത്. 28 സീറ്റിലേക്ക് നവംബര്‍ 3 ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

മാതൃകാ പെരുമാറ്റച്ചട്ടം
മാതൃകാ പെരുമാറ്റച്ചട്ടം നിരന്തരം ലംഘിച്ച സംഭവങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മീഷൻ കമൽ നാഥിനോട് പ്രതികരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പ്രതികരണം തൃപ്തികരമല്ലെന്ന് കണ്ടെത്തിയ കമ്മീഷന് 'സ്റ്റാർ കാമ്പെയ്നർ' പദവി റദ്ദാക്കുകയായിരുന്നു. സ്റ്റാര്‍ ക്യാംപെയ്നര്‍ പദവി റദ്ദാക്കപ്പെട്ടതോടെ ഇനി മുതൽ കമൽനാഥ് നടത്തുന്ന പ്രചാരണത്തിന്റെ മുഴുവൻ ചെലവും സ്ഥാനാർത്ഥിക്ക് പരമവാധി ചിലവാക്കാന്‍ കഴിയുന്ന പ്രചാരണ ഫണ്ടിന്റെ പരിധിയില്‍ വരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി.

കോണ്‍ഗ്രസ് നേതൃത്വം
അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ കോടതിയിൽ ചോദ്യം ചെയ്യാൻ തീരുമാനിച്ചതായി കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. പാർട്ടി നേതാവ് കമൽനാഥിന്റെ സ്റ്റാർ കാമ്പെയ്നർ പദവി റദ്ദാക്കിയതിനെതിരെ കോൺഗ്രസ് പാർട്ടി കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസിന്റെ മധ്യപ്രദേശ് യൂണിറ്റിന്റെ മീഡിയ കോർഡിനേറ്റർ നരേന്ദ്ര സലൂജ പറഞ്ഞു.

വനിതാ സ്ഥാനാർത്ഥിക്കെതിരെ
ബിജെപിയുടെ വനിതാ സ്ഥാനാർത്ഥിക്കെതിരെ "ഐറ്റം" എന്ന വാക്ക് ഉപയോഗിച്ച കമൽനാഥ് പ്രചാരണവുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചുവെന്ന് തിങ്കളാഴ്ചയും തിരഞ്ഞെടുപ്പ് കമ്മീഷൻ അഭിപ്രായപ്പെട്ടിരുന്നു. മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ കാലഘട്ടത്തിൽ ഇത്തരം പദങ്ങൾ പൊതുവായി ഉപയോഗിക്കരുതെന്ന് കമ്മീഷൻ കമല്‍നാഥിന് നിര്‍ദേശം നല്‍കിയിരുന്നു.

തനിക്കും പാർട്ടിക്കും
തനിക്കും പാർട്ടിക്കും ഒരു സ്ത്രീയുടെ ബഹുമാനവും അന്തസ്സും ഉയർത്തിപ്പിടിക്കുന്നത് പരമപ്രധാനമാണ്. തിരഞ്ഞെടുപ്പിന്റെ ചൂടിൽ, പല പ്രസ്താവനകളും അറിയാതെ സംഭവിച്ചു പോയതെന്നായിരുന്നു ഈ സംഭവത്തില്‍ കമല്‍നാഥിന്റെ വിശദീകരണം. ഒരു സ്ത്രീയെയോ സ്ത്രീത്വത്തെയോ അപമാനിക്കാന്‍ മുന്‍കൂട്ടി തീരുമാനിച്ചിരുന്നില്ലെന്നും കമല്‍നാഥ് പറഞ്ഞു.
പിസി ജോർജിനും പിസി തോമസിനും മുന്നിൽ വൻ കടമ്പ, പാർട്ടിയായി യുഡിഎഫിൽ വരേണ്ടെന്ന് കോൺഗ്രസ്, കണ്ടീഷൻ
കോര്പ്പറേഷന് ഭരണം കയ്യില്‍ നിന്ന് പോവുമോ ? അയയാതെ സിപിഐ; സീറ്റ് വിഭജനത്തെച്ചൊല്ലി എൽഡിഎഫിൽ തർക്കം