കൊവിഡ് വ്യാപനം രൂക്ഷം; പരസ്യ പ്രചരണത്തിനുള്ള നിയന്ത്രണം നീട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ
ദില്ലി; അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റാലികൾക്കും റോഡ്‌ഷോകൾക്കും ഏർപ്പെടുത്തിയ നിയന്ത്രണം നീട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ഈ മാസം 22 വരെയാണ് നിയന്ത്രണങ്ങൾ നീട്ടിയത്. കൊവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് തിരുമാനം. നേരത്തേ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനവരി 15 വരെയായിരുന്നു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര ആരോഗ്യ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനം. 300 പേർ വരെയുള്ള യോഗങ്ങൾ ഓഡിറ്റോറിയത്തിൽ നടത്താമെന്നാണ് നിർദ്ദേശം. യോഗങ്ങളിൽ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും ആളുകൾ മാസ്കുകൾ ഉപയോഗിക്കുന്നുണ്ടെന്നും രാഷ്ട്രീയ പാർട്ടികൾ ഉറപ്പുവരുത്തണം.
സമാജ്വാദി പാർട്ടി പരിപാടിയിൽ പങ്കെടുത്ത 2500 പേർക്കെതിരെ കേസ്
ബി ജെ പി വിട്ടെത്തിയ നേതാക്കളെ എസ്പിയിലേക്ക് സ്വീകരിക്കുന്നതിന് സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്ത 2500 ഓളം പേർക്കെതിരെ കേസെടുത്ത് യുപി പോലീസ്. ബി ജെ പിയിൽ നിന്നും രാജിവെച്ചെത്തിയ മുൻ മന്ത്രിമാരായ സ്വാമി പ്രസാദ് മൗര്യ, ധരം സിംഗ് സൈനി എന്നിവർ ഉൾപ്പെടെയുള്ള നേതാക്കളാണ് ലഖ്നൗവിൽ വെച്ച് നടത്തിയ പരിപാടിയിൽ എസ് പിയിൽ അംഗത്വമെടുത്തത്. അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. എന്നാൽ ചടങ്ങിൽ പങ്കെടുത്തവർ മാസ്ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തിരുന്നില്ല. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് കേസെടുത്തതെന്ന് പോലീസ് അറിയിച്ചു. അനുമതിയില്ലാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ലഖ്നൗ ജില്ലാ മജിസ്ട്രേറ്റ് വ്യക്തമാക്കി. അതേസമയം വെർച്വൽ ഇവന്റായാണ് പരിപാടി സംഘടിപ്പിച്ചതെന്നും പ്രവർത്തകരെ ക്ഷണിച്ചിരുന്നില്ലെന്നുമാണ് പാർട്ടി നേതാക്കളുടെ വിശദീകരണം.
Recommended Video
ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇവിടങ്ങളിൽ കൊവിഡ് കേസുകളിൽ വലിയ വർധനവാണ് കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തത്. യു പിയിൽ നിലവിൽ 90000 പേരാണ് ചികിത്സയിൽ കഴിയുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്ന നിർദ്ദേശം അലഹബാദ് ഹൈക്കോടതി ഉയർത്തിയിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് കൃത്യസമയത്ത് തന്നെ നടത്തണമെന്ന ആവശ്യമായിരുന്നു രാഷ്ട്രീയ പാർട്ടികൾ മുന്നോട്ട് വെച്ചത്. ഇന്ന് രാജ്യത്ത് 2,68,833 പേർക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. 14,17,820 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.












Click it and Unblock the Notifications