യോഗം ചേർന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ, വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ടവർക്ക് വീണ്ടും അപേക്ഷിക്കാം
ന്യൂ ഡല്‍ഹി: തിരഞ്ഞെടുപ്പ് ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ നിര്‍ണായക യോഗം ചേര്‍ന്ന് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍. തിരഞ്ഞെടുപ്പ് കമ്മീഷനില്‍ അഭിപ്രായ ഭിന്നതകളുണ്ടെന്ന മാധ്യമ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പ്രതിഷേധം ശക്തമായിരിക്കെയാണ് ഡല്‍ഹിയിലെ കമ്മീഷന്‍ ആസ്ഥാനത്ത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍, മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ വിവേക് ജോഷി, സുഖ്ബീര്‍ സിംഗ് സന്ധു എന്നിവര്‍ യോഗം ചേര്‍ന്നത്.
എസ്‌ഐആര്‍ അടക്കം തിരഞ്ഞെടുപ്പ് കമ്മീഷന്റെ പല തീരുമാനങ്ങളിലും ഗ്യാനേഷ് കുമാറിനോട് മറ്റ് രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ യോജിച്ചിരുന്നില്ലെന്നും 10 മാസങ്ങള്‍ക്കിടെ 14 തവണ വിയോജിപ്പ് അറിയിച്ചിരുന്നു എന്നുമാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ എസ്‌ഐആര്‍ അടക്കമുളള എല്ലാ തീരുമാനങ്ങളും ഏകകണ്ഠമായിട്ടാണ് എടുത്തിട്ടുളളതെന്ന് യോഗത്തിന് ശേഷം കമ്മീഷന്‍ വ്യക്തമാക്കി.

എസ്‌ഐആറുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളിലും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഭേദഗതികള്‍ വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ബീഹാറും പശ്ചിമ ബംഗാളും അടക്കം രാജ്യത്തെ 20തോളം സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇതിനകം എസ്‌ഐആര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുളളതാണ്. ഇവിടങ്ങളില്‍ വോട്ടര്‍പട്ടികയില്‍ നിന്നും പുറത്തായവര്‍ക്ക് വീണ്ടും അപേക്ഷിക്കാനുളള അവസരം ലഭിക്കുമെന്നും അതിനായി പ്രത്യേക ഡ്രൈവുകള്‍ ആരംഭിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
എസ്ഐആർ സമയത്തോ അതിനുശേഷമോ വോട്ടർപട്ടികയിൽ പേര് വിട്ടുപോയവർക്കും, തുടക്കക്കാരായവർ,പുതിയ വോട്ടർമാർ ഉൾപ്പെടെയുള്ള ഏത് വ്യക്തിക്കും തുടർച്ചയായ പുതുക്കൽ പ്രക്രിയ വഴി വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ബന്ധപ്പെട്ട ഇആർഓയ്ക്ക് അപേക്ഷ നൽകാം. ഇതിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ സിഇഓമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഈ വോട്ടർമാരെ ചേർക്കുന്നതിനായി സിഇഓമാർ, ഡിഇഓമാർ, ഇആർഓമാർ എന്നിവർ ഉടൻ തന്നെ ഒരു പ്രത്യേക എൻറോൾമെന്റ് ഡ്രൈവ് ആരംഭിക്കുന്നതാണെന്നാണ് കമ്മീഷൻ അറിയിച്ചിരിക്കുന്നത്.
രാജ്യത്തുടനീളം എസ്ഐആർ നടപ്പിലാക്കാൻ 2025 ജൂൺ 24ന് പുറപ്പെടുവിച്ച ഉത്തരവ് ഇലക്ഷൻ കമ്മീഷന്റെ യോജിച്ച തീരുമാനമാണെന്നും ഈ ഉത്തരവിനെ 2026 മെയ് 27ന് സുപ്രീം കോടതി അംഗീകരിച്ചതാണെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. കമ്മീഷൻ പറയുന്നത് പ്രകാരം 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള എസ്ഐആർ സമയക്രമം 2025 ഒക്ടോബർ 27നും, മറ്റ് 19 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള സമയക്രമം 2026 മേയ് 14നുമാണ് പുറപ്പെടുവിച്ചത്. ഇവ രണ്ടും കമ്മീഷൻ അംഗങ്ങളുടെ പൂർണ്ണ സമ്മതത്തോടെ തന്നെയാണ് പുറപ്പെടുവിച്ചത്.
മാത്രമല്ല എസ്ഐആറിനായി ഫോം 6-നോടൊപ്പം നൽകേണ്ട സത്യവാങ്മൂലം ബഹുമാനപ്പെട്ട സുപ്രീം കോടതി ശരിവെച്ചിട്ടുണ്ട്. എസ്ഐആർ അല്ലാത്ത സമയങ്ങളിൽ 1960ലെ വോട്ടർ രജിസ്ട്രേഷൻ നിയമങ്ങൾ അനുസരിച്ചുള്ള ഫോമുകൾ ഉപയോഗിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസ്താവനയിൽ പറഞ്ഞു.


Click it and Unblock the Notifications
