ഷഹീൻബാഗിലെ പ്രതിഷേധക്കാർക്ക് കെജ്രിവാൾ ബിരിയാണി വിളമ്പുന്നുവെന്ന പരാമർശം, യോഗിക്ക് നോട്ടീസ്
ദില്ലി: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഷഹീൻബാഗിലെ പ്രതിഷേധക്കാർക്ക് ബിരിയാണി നൽകുന്ന തിരക്കിലാണെന്ന യോഗി ആദിത്യനാഥിന്റെ പരാമർശമാണ് വിവാദമായത്.
കഴിഞ്ഞയാഴ്ച ദില്ലിയിലെ ബാദർപൂർ നിയോജകമണ്ഡലത്തിൽ നടന്ന പ്രചാരണത്തിനിടെയാണ് യോഗി ആദിത്യനാഥിന്റെ വിവാദ പരാമർശം. പ്രഥമദൃഷ്ടാ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതായി ബോധ്യപ്പെട്ടെന്നും ഫെബ്രുവരി 7ന് 5 മണിക്ക് മുമ്പായി വിശദീകരണം നൽകണമെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസിൽ പറയുന്നത്.

ഫെബ്രുവരി എട്ടിനാണ് ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ്. ഫെബ്രുവരി 11ന് ഫലം അറിയാം. രാജ്യത്തെ വിഭജിക്കുന്ന ശക്തികളെ അരവിന്ദ് കെജ്രിവാളും കോൺഗ്രസും പിന്തുണയ്ക്കുന്നതായി യോഗി ആദിത്യനാഥ് ആരോപിച്ചു. ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ലാതെയാണ് ബിജെപി പ്രവർത്തിക്കുന്നത്. എന്നാൽ ഷഹീൻബാഗിൽ ബിരിയാണി വിതരണം ചെയ്യുന്നതിന്റെ തിരക്കിലാണ് കെജ്രിവാളെന്നുമായിരുന്നു യോഗി പറഞ്ഞത്. നൂറ് കണക്കിന് സ്ത്രീകളാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീൻബാഗിൽ പ്രതിഷേധിക്കുന്നു.












Click it and Unblock the Notifications