രാഹുലിനെതിരെ തിര.കമ്മിഷന്‍: വോട്ട് തട്ടിപ്പ് ആരോപണം അടിസ്ഥാന രഹിതം; ഭരണഘടനയെ അപമാനിക്കുന്നതിന് തുല്യം
ഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ വോട്ട് തട്ടിപ്പ് ആരോപണങ്ങള്‍ തള്ളി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍. "വോട്ട് തട്ടിപ്പ്" പോലുള്ള അനുചിതമായ പദങ്ങൾ ഉപയോഗിക്കുന്നത് ഭരണഘടനയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. ഡല്‍ഹിയില്‍ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാർ.
തിരഞ്ഞെടുപ്പ് കമ്മിഷനെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി വോട്ടർമാരെ ലക്ഷ്യമിടുന്നതിനുള്ള വേദിയാക്കുന്നുവെന്ന വിമർശനവും അദ്ദേഹം മുന്നോട്ടുവെച്ചു. "ഞങ്ങൾ വോട്ടർമാർക്കൊപ്പം ഉറച്ചുനിൽക്കുന്നു," എന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് പുറമെ തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും വാർത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ബിഹാറിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന 'സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ' (വോട്ടർ പട്ടിക പരിഷ്കരണം) വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് രാഹുൽ ഗാന്ധി 'വോട്ട് അധികാര്‍ യാത്ര' ആരംഭിച്ച ദിവസമാണ് കമ്മിഷന്റെ വിശദീകരണവും വരുന്നത്. വോട്ടർ പട്ടികയിൽ തട്ടിപ്പ് നടക്കുന്നുവെന്നും വോട്ടിംഗ് പ്രക്രിയയിൽ അപാകതകളുണ്ടെന്ന ആരോപണങ്ങളാണ് രാഹുൽ ഗാന്ധി മുന്നോട്ട് വെച്ചിരിക്കുന്നത്.
വോട്ടർ പട്ടികയിലെ തെറ്റുകൾ തിരുത്തണമെന്ന രാഷ്ട്രീയ പാർട്ടികളുടെ ആവശ്യപ്രകാരമാണ് 'സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ' ആരംഭിച്ചത്. ഡ്രാഫ്റ്റ് വോട്ടർ പട്ടികയിൽ എതിർപ്പുകൾ രേഖപ്പെടുത്താൻ ഒരു മാസത്തെ സമയം ഉണ്ട്. എല്ലാ രാഷ്ട്രീയ പാർട്ടികളോടും തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാതിലുകൾ എല്ലാവർക്കുമായി തുറന്നിരിക്കും- മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ പറഞ്ഞു.
"വോട്ടർമാർ, രാഷ്ട്രീയ പാർട്ടികൾ, ബൂത്ത് ലെവൽ ഓഫീസർമാർ എന്നിവർ പൂർണ സുതാര്യതയോടെ പ്രവർത്തിക്കുന്നു. എന്നിട്ടും, ഈ പ്രതിനിധികളുടെ ശബ്ദം പാർട്ടി നേതൃത്വത്തിലേക്ക് എത്തുന്നില്ല, അല്ലെങ്കിൽ വസ്തുതകളെ അവഗണിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനാണ് ശ്രമം നടക്കുന്നത്," അദ്ദേഹം കൂട്ടിച്ചേർത്തു.
മെഷീൻ-റീഡബിൾ പട്ടിക വോട്ടർമാരുടെ സ്വകാര്യത ലംഘനത്തിന് കാരണമാകുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. അടുത്തിടെ, വോട്ടർമാരുടെ അനുമതിയില്ലാതെ അവരുടെ ചിത്രങ്ങൾ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചത് ഞങ്ങൾ കണ്ടു. വോട്ടർമാരുടെ സിസിടിവി ദൃശ്യങ്ങൾ കമ്മിഷൻ പങ്കുവെക്കണോയെന്നും രാഹുലിനെ ലക്ഷ്യമിട്ട് ജ്ഞാനേഷ് കുമാർ ചോദിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിനായി 1 കോടിയിലധികം ഉദ്യോഗസ്ഥർ, 10 ലക്ഷത്തിലധികം ബൂത്ത് ലെവൽ ഏജന്റുമാർ, 20 ലക്ഷത്തിലധികം പോളിംഗ് ഏജന്റുമാർ പ്രവർത്തിക്കുന്നു. ഇത്രയും സുതാര്യമായ ഒരു പ്രക്രിയയിൽ ആർക്കെങ്കിലും വോട്ട് മോഷ്ടിക്കാൻ കഴിയുമോ? ഇരട്ട വോട്ടിംഗ് ആരോപണങ്ങളെക്കുറിച്ച് ഞങ്ങൾ തെളിവുകൾ ആവശ്യപ്പെട്ടപ്പോൾ ഒന്നും ലഭിച്ചില്ല. ഇത്തരം ആരോപണങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷനെയോ വോട്ടർമാരെയോ ഭയപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭരണകക്ഷിയോ പ്രതിപക്ഷമോയെന്ന വ്യത്യാസം ഞങ്ങള്‍ക്കില്ല. എല്ലാ പാർട്ടികളും ഞങ്ങൾക്ക് തുല്യമാണ്,. തിരഞ്ഞെടുപ്പ് കമ്മിഷനെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി വോട്ടർമാരെ ആക്രമിക്കാനുള്ള വേദിയാക്കുമ്പോൾ, ഞങ്ങൾ വോട്ടർമാർക്കൊപ്പം വിവേചനമില്ലാതെ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications