വോട്ട് പിടിക്കാൻ തമിഴ്‌നാട്ടിലും ബംഗാളിലും 'പണമൊഴുക്ക്'; പിടിച്ചെടുത്തത് 1000 കോടിയിലേറെ രൂപ
തമിഴ്‌നാട്, പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, വോട്ടർമാരെ സ്വാധീനിക്കാൻ ഒഴുക്കിയ പണത്തിന്റെയും, മദ്യത്തിന്റെയും മറ്റ് സമ്മാനങ്ങളുടെയും ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത്. ഇരുസംസ്ഥാനങ്ങളിലുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ പരിശോധനകളിൽ പിടിച്ചെടുത്ത തുക 1,000 കോടി രൂപ പിന്നിട്ടു. ഫെബ്രുവരി 26-ന് ഇലക്ഷൻ സീഷർ മാനേജ്‌മെന്റ് സിസ്റ്റം (ESMS) നിലവിൽ വന്നതുമുതൽ ഇതുവരെ ആകെ 1,072.13 കോടി രൂപയുടെ വസ്തുക്കളാണ് അന്വേഷണ ഏജൻസികൾ കണ്ടെടുത്തത്.
സംസ്ഥാനം തിരിച്ചുള്ള കണക്കുകൾ
പരിശോധനകളിൽ തമിഴ്‌നാടാണ് മുന്നിൽ നിൽക്കുന്നത്. തമിഴ്‌നാട്ടിൽ നിന്ന് മാത്രം 599.24 കോടി രൂപയുടെ വസ്തുക്കൾ പിടിച്ചെടുത്തു. പശ്ചിമ ബംഗാളിൽ നിന്ന് 472.89 കോടി രൂപയുടെ അനധികൃത പണവും മറ്റു സാധനങ്ങളുമാണ് പിടികൂടിയത്. വോട്ടർമാരെ പ്രലോഭിപ്പിക്കാനായി എത്തിച്ച 127.67 കോടി രൂപയുടെ പണം, 106.3 കോടി രൂപ വിലമതിക്കുന്ന 41,000 ലിറ്റർ മദ്യം, 184.83 കോടിയുടെ മയക്കുമരുന്ന് എന്നിവ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. ഇതിനുപുറമെ 215.19 കോടി രൂപയുടെ സ്വർണം, വെള്ളി തുടങ്ങിയ ആഭരണങ്ങളും 437.97 കോടി രൂപയുടെ ലാപ്ടോപ്പുകൾ, വസ്ത്രങ്ങൾ തുടങ്ങിയ സൗജന്യ വസ്തുക്കളും അന്വേഷണ സംഘം കണ്ടെടുത്തു.

നിരീക്ഷണ സംവിധാനങ്ങൾ
തിരഞ്ഞെടുപ്പ് സുതാര്യമാക്കുന്നതിനായി വൻ സന്നാഹമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തവണ രണ്ട് സംസ്ഥാനങ്ങളിലും ഒരുക്കിയിരിക്കുന്നത്. ബംഗാളിൽ 2,728-ഉം തമിഴ്‌നാട്ടിൽ 2,283-ഉം ഫ്ലൈയിംഗ് സ്ക്വാഡുകളെയാണ് (FST) അടിയന്തര നടപടികൾക്കായി വിന്യസിച്ചിരിക്കുന്നത്. പൊതുജനങ്ങൾക്ക് സി-വിജിൽ (cVIGIL) ആപ്പ് വഴി പരാതികൾ നൽകാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇത്തരം പരാതികൾ ലഭിച്ചാൽ വെറും 100 മിനിറ്റിനുള്ളിൽ സംഭവസ്ഥലത്തെത്തി നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ 5,363 സ്റ്റാറ്റിക് സർവൈലൻസ് ടീമുകൾ സംസ്ഥാന അതിർത്തികളിലും പ്രധാന നഗര കേന്ദ്രങ്ങളിലും രാപ്പകൽ ഭേദമന്യേ പരിശോധനകൾ നടത്തിവരുന്നു.
അനധികൃതമായി പണം കടത്തുന്നത് തടയാൻ കർശന നടപടികൾ സ്വീകരിക്കുമ്പോഴും, സാധാരണക്കാരായ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന് ഉദ്യോഗസ്ഥർക്ക് പ്രത്യേകം നിർദ്ദേശം നൽകിയിട്ടുണ്ട്. മതിയായ രേഖകളില്ലാതെ വലിയ തുകകൾ കൊണ്ടുപോകുന്നവർക്ക് അവ തെളിയിക്കാനുള്ള അവസരവും കമ്മീഷൻ നൽകുന്നുണ്ട്. പരിശോധനകളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ ഓരോ ജില്ലയിലും പ്രത്യേക സമിതികളെയും നിയോഗിച്ചു. തമിഴ്‌നാട്ടിലും ബംഗാളിലെ ആദ്യഘട്ടത്തിലും നാളെ (ഏപ്രിൽ 23) വോട്ടെടുപ്പ് നടക്കും. ബംഗാളിലെ രണ്ടാം ഘട്ടം ഏപ്രിൽ 29-നാണ് നിശ്ചയിച്ചിരിക്കുന്നത്. രാജ്യത്തെ ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനായി വോട്ടർമാർ പ്രലോഭനങ്ങളിൽ വീഴാതെ പോളിംഗ് ബൂത്തുകളിലെത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.












Click it and Unblock the Notifications