തിരഞ്ഞെടുപ്പ് ഫലം നിങ്ങള്‍ക്കും തത്സമയം അറിയാം: പുത്തന്‍ ആപ്പുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ജൂൺ 04 ന് രാവിലെ എട്ടു മണിക്ക് ആരംഭിക്കുമ്പോൾ പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും തത്സമയം ഫലം അറിയാൻ ഏകീകൃത സംവിധാനം സജ്ജമാക്കി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലും വോട്ടർ ഹെൽപ് ലൈൻ ആപ്പിലും തത്സമയം ഫലം അറിയാനാവും.
ഇലക്ഷൻ കമ്മീഷന്റെ എൻകോർ സോഫ്റ്റ് വെയറിൽ നിന്ന് തിരഞ്ഞെടുപ്പ് ഫലം https://results.eci.gov.inഎന്ന വെബ്സൈറ്റ് വഴി തത്സമയം ലഭ്യമാകും. ഓരോ റൗണ്ട് വോട്ടെണ്ണൽ കഴിയുമ്പോഴും വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്ന് നേരിട്ട് എആർഒമാർ തത്സമയം ലഭ്യമാക്കുന്ന ഫലമാണ് വെബ്സൈറ്റിൽ ലഭിക്കുക. ആദ്യമായാണ് ലോക്സഭ തിരഞ്ഞെടുപ്പിൽ ഇത്തരത്തിൽ രാജ്യത്തെ എല്ലാ മണ്ഡലങ്ങളിൽ നിന്നുള്ള ഫലങ്ങൾ ഏകീകൃത സംവിധാനം വഴി ലഭ്യമാക്കുന്നത്.

ഇലക്ഷൻ കമ്മീഷന്റെ വോട്ടർ ഹെൽപ് ലൈൻ (voter helpline) ആപ്പ് വഴിയും തത്സമയ വിവരം ലഭ്യമാക്കും. ഹോം പേജിലെ ഇലക്ഷൻ റിസൾട്ട്സ് എന്ന മെനുവിൽ ക്ലിക്ക് ചെയ്താൽ ട്രെൻഡ്സ് ആന്റ് റിസൾട്ട്സ് എന്ന പേജിലേക്ക് പോവുകയും ഫലത്തിന്റെ വിശദവിവരങ്ങൾ ലഭിക്കുകയും ചെയ്യും. വോട്ടർ ഹെൽപ്പ് ലൈൻ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്നോ ആപ്പിൾ ആപ് സ്റ്റോറിൽനിന്നോ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.
സംസ്ഥാനത്തെ എല്ലാ കൗണ്ടിംഗ് സെന്ററുകളിലും മീഡിയ സെന്ററുകൾ സജ്ജമാക്കിയിട്ടുണ്ട്.
അവിടെ ഡിജിറ്റൽ ഡിസ്‌പ്ലേ ബോർഡിലും ലോക്സഭാ മണ്ഡലം തിരിച്ചുള്ള തിരഞ്ഞെടുപ്പ് ഫലം ലഭ്യമാകും. വോട്ടെണ്ണൽ ഫലങ്ങൾ തത്സമയം കമ്പ്യൂട്ടർ ശൃംഖലയിൽ ലഭ്യമാക്കി കേന്ദ്രീകൃത ഫലപ്രഖ്യാപനം നടത്തുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉപയോഗിക്കുന്ന എൻകോർ സോഫ്റ്റ് വെയറിന്റെ ട്രയൽ വെള്ളിയാഴ്ചയോടെ വിജയകരമായി പൂർത്തിയാക്കി.
അതേസമയം, ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് സംസ്ഥാനത്തെ 20 കേന്ദ്രങ്ങളും സജ്ജമായതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സുതാര്യവും സുരക്ഷിതവുമായി വോട്ടെണ്ണൽ പ്രക്രിയ പൂർത്തിയാക്കാനുള്ള നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ട്. രാവിടെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കുമ്പോൾ ആദ്യം എണ്ണുന്നത് പോസ്റ്റൽ ബാലറ്റുകളായിരിക്കും. പോസ്റ്റൽ ബാലറ്റ് എണ്ണിത്തുടങ്ങി അരമണിക്കൂറിന് ശേഷമാണ് വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ എണ്ണിത്തുടങ്ങുകയെന്നും കമ്മീഷ്ണർ അറിയിച്ചു.
കൗണ്ടിങ് സൂപ്പർവൈസർമാർ, കൗണ്ടിങ് അസിസ്റ്റന്റുമാർ, മൈക്രോ ഒബ്സർവർമാർ, തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിനിധികൾ, നിരീക്ഷകർ, തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സർക്കാർ ഉദ്യോഗസ്ഥർ, സ്ഥാനാർത്ഥികൾ, അവരുടെ തെരഞ്ഞെടുപ്പ് ഏജന്റുമാർ എന്നിവർക്ക് മാത്രമാണ് വോട്ടെണ്ണൽ ഹാളിലേക്ക് പ്രവേശനമുള്ളത്. കൗണ്ടിങ് ഏജന്റുമാർക്ക് സ്ഥാനാർഥിയുടെ പേരും നിർദിഷ്ട ടേബിൾ നമ്പറും വ്യക്തമാക്കുന്ന ബാഡ്ജ് റിട്ടേണിങ് ഓഫീസർ നൽകും. വോട്ടെണ്ണൽ മുറിയ്ക്കുള്ളിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകനൊഴിച്ച് മറ്റാർക്കും മൊബൈൽ ഫോൺ ഉപയോഗിക്കാൻ അധികാരമില്ല.
ഓരോ അസംബ്ലി മണ്ഡലത്തിലെയും വോട്ടുകൾ എണ്ണാൻ ഒരോ ഹാൾ ഉണ്ടായിരിക്കും. ഒരോ ഹാളിലും പരമാവധി 14 മേശകളാണ് ഉണ്ടാവുക. ഓരോ മേശയ്ക്കും ഒരു കൗണ്ടിങ് സൂപ്പർവൈസർ ഉണ്ടാവും. ഇത് ഗസറ്റഡ് റാങ്കുള്ള ഓഫീസറായിരിക്കും. ഒരു കൗണ്ടിങ് അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്സർവർ എന്നിവരും വോട്ടെണ്ണൽ മേശയ്ക്കു ചുറ്റുമുണ്ടാവും. വോട്ടെണ്ണലിന്റെ സുതാര്യത ഉറപ്പുവരുത്തുകയാണ് മൈക്രോ ഒബ്സർവറുടെ ഡ്യൂട്ടിയെന്നും കമ്മീഷ്ണർമാർ വ്യക്തമാക്കി.












Click it and Unblock the Notifications