കോണ്‍ഗ്രസില്‍ രാജി തുടരുന്നു; പിസിസി അധ്യക്ഷന്‍ അജോയ് കുമാര്‍ രാജിവെച്ചു, സ്വീകരിക്കാതെ പാര്‍ട്ടി
റാഞ്ചി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വന്‍ പരാജയം ഏറ്റുവാങ്ങിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ രാജിവെക്കുന്നത് തുടരുന്നു. ജാര്‍ഖണ്ഡ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജോയ് കുമാറാണ് ഏറ്റവും ഒടുവില്‍ രാജിവെച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ മോശം പ്രകടനത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്ന് കുമാര്‍ പറയുന്നു. എന്നാല്‍ ഇദ്ദേഹത്തിന്റെ രാജി ഇതുവരെ പാര്‍ട്ടി സ്വീകരിച്ചിട്ടില്ല.
പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സുനില്‍ ജകറും രാജിവച്ചിട്ടുണ്ട്. രാജി ഇമെയില്‍ വഴി രാഹുല്‍ ഗാന്ധിക്ക് അയക്കുകയായിരുന്നു. ഗുര്‍ദാസ്പൂരില്‍ ബിജെപി സ്ഥാനാര്‍ഥി സണ്ണി ഡിയോളിനോട് കോണ്‍ഗ്രസ് പരാജയപ്പെട്ടതാണ് ഇദ്ദേഹത്തിന്റെ രാജിക്ക് കാരണം.
ജാര്‍ഖണ്ഡില്‍ ബിജെപിയും എജെഎസ്യുവും സഖ്യം ചേര്‍ന്നാണ് മല്‍സരിച്ചത്. 14 ലോക്സഭാ സീറ്റില്‍ 12ലും എന്‍ഡിഎ ജയിച്ചു. കോണ്‍ഗ്രസിനും ജെഎംഎമ്മിനും ഓരോ സീറ്റുകള്‍ വീതം ലഭിച്ചു. രണ്ടു സീറ്റില്‍ കോണ്‍ഗ്രസ് നേരിയ ഭൂരിപക്ഷത്തിലാണ് തോറ്റത്.
ഉത്തര്‍ പ്രദേശ്, ഒഡീഷ എന്നിവിടങ്ങളിലെ സംസ്ഥാന അധ്യക്ഷന്മാരും കര്‍ണാടകയിലെ പ്രചാരണ ചുമതലയുണ്ടായിരുന്ന നേതാവും രാജിവെച്ചിട്ടുണ്ട്. ഇവര്‍ ദില്ലിയിലേക്ക് രാജികത്ത് അയച്ചു. കൂടാതെ അമേഠിയിലെ ജില്ലാ പ്രസിഡന്റും രാജിവെച്ചു.
കോണ്‍ഗ്രസ് പൊട്ടിത്തെറിയുടെ വക്കില്‍; വിട്ടുവീഴ്ചയില്ലാതെ രാഹുല്‍, ഫോണ്‍ എടുത്തില്ല, ഭിന്നത രൂക്ഷം
പാര്‍ട്ടിയുടെ തോല്‍വിയില്‍ തനിക്കും ഉത്തരവാദിത്തമുണ്ടെന്ന് ഉത്തര്‍ പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബാര്‍ രാജിക്കത്തില്‍ പറയുന്നു. യുപിയില്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് മാത്രമാണ് നേടാനായത്. സോണിയാ ഗാന്ധി മല്‍സരിച്ച റായ്ബറേലി മണ്ഡലം മാത്രം.
കര്‍ണാടകയിലെ കോണ്‍ഗ്രസ് പ്രചാരണ കമ്മിറ്റി മാനേജര്‍ എച്ച് ആര് പാട്ടീല്‍ രാജിവെച്ചിട്ടുണ്ട്. ഇവിടെ ഒരു സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് കിട്ടിയത്. കൂടാതെ ഒഡീഷ കോണ്‍ഗ്രസ് അധ്യക്ഷന്‍ നിരജ്ഞന് പട്നായികും രാജിവെച്ചു. കര്‍ണാടകയിലും ഒഡീഷയിലും കോണ്‍ഗ്രസ് വന്‍ പരാജയമാണ് നേരിട്ടത്.