മോദി ഇഫക്ട് അല്ല, നോട്ട് ബന്ദി ഇഫ്ടും അല്ല; എല്ലാം ഭരണവിരുദ്ധ വികാരം... ഇതാ തെളിവുകള്‍
ദില്ലി: ഉത്തര്‍ പ്രദേശില്‍ മൂന്നൂറിലധികം സീറ്റുകള്‍ നേടി ബിജെപി അധികാരത്തിലെത്തുകയാണ്. ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസിന്റെ ഹരീഷ് റാവത്ത് സര്‍ക്കാരിനെ കടപുഴക്കി ബിജെപി അധികാരത്തിലെത്തുന്നു.
കേള്‍ക്കുമ്പോള്‍ ഒരു മോദി ഇഫക്ട് എന്നോ, ബിജെപി തരംഗമെന്നോ തോന്നാം. രാജ്യം മുഴുവന്‍ പ്രതിഷേധങ്ങള്‍ ആളിക്കത്തിയ നോട്ട് നിരോധനം തിരഞ്ഞെടുപ്പില്‍ ഒരു പ്രതിഫലനവും ഉണ്ടാക്കിയില്ലെന്നും കണ്ടെത്താം.
എന്നാല്‍ രണ്ട് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം വച്ച് മാത്രം ഇതെല്ലാം അങ്ങ് തീരുമാനിക്കാന്‍ പറ്റുമോ. പറ്റില്ലെന്ന് ഉറപ്പ്. ഇതാ തെളിവുകള്‍ കാണൂ...

ഉത്തര്‍ പ്രദേശില്‍ ബിജെപി നേടിയത് തിളക്കമാര്‍ന്ന വിജയമാണ്. എതിരാളികളെ ബഹുദൂരം പിന്നിലാക്കിയ അപ്രമാദിത്തം. പക്ഷേ അവിടെ ആരായിരുന്നു ഭരിച്ചിരുന്നത്?

സമാജ് വാദി പാര്‍ട്ടിക്കെതിരെ ഉയര്‍ന്ന ശക്തമായ ജന വികാരമാണ് ബിജെപിയ്ക്ക് തുണയായത് എന്നും പറയാം. തിരഞ്ഞെടുപ്പിന് മുമ്പ് എസ്പിയില്‍ ഉണ്ടായ അടിപിടികള്‍ ജനങ്ങള്‍ക്ക് അങ്ങനെ മറക്കാന്‍ പറ്റില്ലല്ലോ.

നരേന്ദ്ര മോദിയും അമിത് ഷായും ഒക്കെ ആയിരുന്നു ഉത്തര്‍ പ്രദേശിലെ ബിജെപിയുടെ പ്രചാരണ നായകര്‍. എന്നാല്‍ നോട്ട് നിരോധനത്തെ കുറിച്ച് അധികം പറയാതിരിക്കാന്‍ മോദിയും അമിത് ഷായും പ്രത്യേകം ശ്രദ്ധിച്ചിരുന്നു എന്ന കാര്യം മറക്കാന്‍ പറ്റുമോ?

രാജ്യം മൊത്തം ബിജെപി തരംഗം എന്ന് എങ്ങനെ പറയാന്‍ കഴിയും? ബിജെപിയും ശിരോമണി അകാലിദളും ചേര്‍ന്ന് ഭരിച്ചിരുന്ന പഞ്ചാബിലെ സ്ഥിതി കൂടി പരിഗണിക്കേണ്ടേ... അവിടെയാണെങ്കില്‍ മൂന്നാം സ്ഥാനത്താണ് ബിജെപി സഖ്യം. അതുക്കും മേലെയുണ്ട് പുതുമക്കാരായ ആം ആദ്മി. ഇവിടേയും സംഭവിച്ചത് ഭരണ വിരുദ്ധ വികാരം തന്നെ.

ഉത്തരാഖണ്ഡും ഇത്തവണം ബിജെപി കൈയ്യടക്കിയിട്ടുണ്ട്. ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ ആണ് അട്ടിമറിച്ചത്. ഇവിടെ സംഭവിച്ചതും ഭരണ വിരുദ്ധ വികാരം തന്നെ ആണ്.

ഗോവയില്‍ ബിജെപി സര്‍ക്കാരായിരുന്നു അധികാരത്തിലുണ്ടായിരുന്നത്. ഇപ്പോഴത്തെ കേന്ദ്ര പ്രതിരോധ മന്ത്രിയായ മനോഹര്‍ പരീക്കര്‍ ആയിരുന്നു മുഖ്യമന്ത്രി. എന്നിട്ട് ഇപ്പോഴെന്താണ് സംഭവിക്കുന്നത്? മുന്‍തൂക്കം കോണ്‍ഗ്രസ്സിനല്ലേ... അപ്പോള്‍ അവിടെ സംഭവിച്ചതും ഭരണവിരുദ്ധ വികാരം തന്നെ.

മണിപ്പൂരില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. ഭരണം കോണ്‍ഗ്രസ് നിലനിര്‍ത്തുമോ അതോ ബിജെപി പിടിച്ചടക്കുമോ എന്നതായിരുന്നു ചോദ്യം. പക്ഷേ ഇവിടെ അതിശക്തമായ ഒരു ഭരണ വിരുദ്ധ വികാരം കാണാനും കഴിയുന്നില്ല.

മേല്‍ പറഞ്ഞ കണക്കുകള്‍ നോക്കുമ്പോള്‍ അഞ്ച് സംസ്ഥാനങ്ങളിലും ബിജെപി തരംഗം ഉണ്ട് എന്ന് തോന്നുന്നുണ്ടോ? അപ്പോള്‍ സത്യത്തില്‍ അത് തന്നെയാണ് സംഭവിച്ചത്, തരംഗമല്ല, ഭരണവിരുദ്ധ വികാരം തന്നെ.












Click it and Unblock the Notifications