മുസ്ലിംകളെയും യാദവരെയും ശത്രുക്കളാക്കി; ബിജെപി തന്ത്രം മെനഞ്ഞത് ഇങ്ങനെ, സമ്പൂര്‍ണ വിജയം!!

ജാതി വോട്ടുകള്‍ പെട്ടിയിലാക്കുക എന്നതു തന്നെയാണ് ബിജെപി ശ്രദ്ധ കൊടുത്ത കാര്യം. മുമ്പും ഇതുതന്നെയായിരുന്നു അവര്‍ പയറ്റിയിരുന്ന തന്ത്രം.

ദില്ലി: ഉത്തര്‍പ്രദേശില്‍ ബിജെപി മിന്നും ജയം കാഴ്ചവയ്ക്കുമ്പോള്‍ ചര്‍ച്ചയാവുന്നത് ജയത്തിന്റെ പടവുകള്‍ കയറാന്‍ അവരെ തുണച്ചത് എന്താണെന്ന ചോദ്യമാണ്. പോള്‍ ചെയ്ത വോട്ടിന്റെ 40 ശതമാനത്തിലധികം നേടിയാണ് ബിജെപി അധികാരത്തിലെത്തുന്നത്. അതുകൊണ്ടുതന്നെ ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി യുപിയില്‍ അവര്‍ മാറി.

എന്നാല്‍ പുതിയ തന്ത്രങ്ങള്‍ ഒന്നും തന്നെ പയറ്റാതെയാണ് ബിജെപി അധികാരത്തിലെത്തിയതെന്നാണ് സത്യം. നേരത്തെ പറഞ്ഞിരുന്ന കാര്യങ്ങള്‍ തന്നെ പുതിയ പശ്ചാത്തലത്തില്‍ വേറിട്ട രീതിയില്‍ ജനങ്ങള്‍ക്ക് മുമ്പില്‍ സമര്‍പ്പിക്കുകയായിരുന്നു. ജനം അതേറ്റുപിടിക്കുകയും ചെയ്തുവെന്ന് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു.

ജാതി വോട്ടുകള്‍ തന്ത്രത്തില്‍ പെട്ടിയിലാക്കി

ജാതി വോട്ടുകള്‍ പെട്ടിയിലാക്കുക എന്നതു തന്നെയാണ് ബിജെപി ശ്രദ്ധ കൊടുത്ത കാര്യം. മുമ്പും ഇതുതന്നെയായിരുന്നു അവര്‍ പയറ്റിയിരുന്ന തന്ത്രം. യാദവ ഇതര പിന്നാക്ക വിഭാഗങ്ങളെയും ഉന്നത ജാതിക്കാരുടെയും ചില ദളിത് സമുദായങ്ങളുടെയും വോട്ടുകളാണ് ബിജെപിയെ അധികാരത്തിലെത്താന്‍ സഹായിച്ചതെന്ന് ഫലം വന്നപ്പോള്‍ വ്യക്തമായി.

മുസ്ലിംകളെ ശത്രുപക്ഷത്ത് നിര്‍ത്തി

മുസ്ലിംകളെ ശത്രുപക്ഷത്ത് നിര്‍ത്തി ഹൈന്ദവ വോട്ടുകള്‍ ഏകീകരിക്കാന്‍ ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് സാധിച്ചു. മുസ്ലിം വോട്ടുകള്‍ കിട്ടില്ല എന്ന് ബിജെപിക്ക് വ്യക്തമായ ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മസ്ലിം വോട്ടുകള്‍ ഭിന്നിപ്പിക്കാനാണ് അവര്‍ ശ്രമം നടത്തിയത്. ഈ സമയം സമാജ്‌വാദി പാര്‍ട്ടിയിലെ തര്‍ക്കവും ഭരണവിരുദ്ധ വികാരവും ബിജെപിക്ക് ഗുണം ചെയ്തു.

ആക്രമണവും ഏറ്റുമുട്ടലും

മുസ്ലിംകളെ ശത്രുക്കളാക്കാന്‍ ചില മോശം കളികളും നടന്നു. ട്രെയിന്‍ അപകടങ്ങള്‍ക്ക് പിന്നില്‍ ഭീകരസംഘങ്ങളാണെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രചരിപ്പിച്ചു. കൂടാതെ വോട്ടെടുപ്പിന്റെ അന്തിമഘട്ടത്തിന് മുന്നോടിയായി ചില ആക്രമണങ്ങളും ഏറ്റുമുട്ടലുമുണ്ടായി. ഇതെല്ലാം സംസ്ഥാനത്ത് മുസ്ലിം വിരുദ്ധവും ബിജെപി അനുകൂലവുമായ തരംഗമുണ്ടാക്കാന്‍ സാധിച്ചു.

മുസ്ലിം സ്ഥാനാര്‍ഥിയെ ബിജെപി മല്‍സരിപ്പിച്ചില്ല

അഖിലേഷിന്റെ സമാജ്‌വാദി പാര്‍ട്ടിയും മായാവതിയുടെ ബിഎസ്പിയും മറ്റു ചെറുകിട പാര്‍ട്ടികളും മുസ്ലിം വോട്ടുകള്‍ പെട്ടിയിലാക്കുമ്പോള്‍ ഹൈന്ദവ വോട്ടുകള്‍ ഒരുപെട്ടിയില്‍ വീഴ്ത്തുകയായിരുന്നു ബിജെപിയുടെ തന്ത്രം. ഒറ്റ മുസ്ലിം സ്ഥാനാര്‍ഥിയെയും ബിജെപി ഇത്തവണ മല്‍സരിപ്പിച്ചില്ലെന്നതും ശ്രദ്ധേയമാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിന്ന് വ്യത്യസ്തം

മുസ്ലിം വോട്ടുകള്‍ ശത്രുപക്ഷത്ത് വിഭജിച്ച് നിലനിര്‍ത്താനും ഹൈന്ദവ വോട്ടുകള്‍ ഏകീകരിക്കാനും ബിജെപി വര്‍ഗീയ കലാപങ്ങള്‍ വരെ സൃഷ്ടിച്ചുവെന്ന് ലോക്‌സഭാ തിരഞ്ഞൈടുപ്പ് കാലത്ത് ആരോപണമുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ അത്തരം ആരോപണങ്ങള്‍ ഇല്ലാതെ തന്നെ വിജയം ബിജെപി ഉറപ്പിച്ചു. മുസ്ലിം സ്ഥാനാര്‍ഥികളെ നിര്‍ത്തിയില്ലെന്ന് മാത്രമല്ല, യാദവര്‍ക്ക് അത്രയധികം സീറ്റുകളും നല്‍കിയില്ല.

യാദവരുടെ പിന്നാലെ സമയം കളഞ്ഞില്ല

യാദവരല്ലാത്ത മറ്റു പിന്നാക്ക വിഭാഗക്കാര്‍ക്കാണ് ബിജെപി ഇത്തവണ മുന്‍തൂക്കം നല്‍കിയത്. കിട്ടാത്ത മുസ്ലിം, യാദവ വോട്ടുകള്‍ക്ക് പിന്നാലെ പോയി സമയം കളയേണ്ടെന്ന് ബിജെപി നേരത്തെ തീരുമാനിച്ചിരുന്നു. മറ്റു വോട്ടുകള്‍ ഏകീകരിക്കുകയായിരുന്നു പാര്‍ട്ടിയുടെ ലക്ഷ്യം. അതു വിജയിക്കുകയും ചെയ്തു.

വര്‍ഗീയത വളര്‍ത്തി പ്രസംഗങ്ങള്‍

ഹിന്ദുക്കളെയും ദളിതരെയും ആകര്‍ഷിക്കാന്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിച്ചു. മുസ്ലിം വോട്ടുകള്‍ ഭിന്നിപ്പിക്കാനും ശ്രമിച്ചു. ഖബര്‍സ്ഥാന്‍, ദീപാവലി, വൈദ്യുതി വിതരണം തുടങ്ങിയ കാര്യങ്ങള്‍ വര്‍ഗീയ വിദ്വേഷം പരത്തി മോദിയടക്കമുള്ള ബിജെപി നേതാക്കള്‍ അവസരത്തിനൊത്ത് ഉപയോഗിച്ചു. ഇതൊന്നും പ്രതിരോധിക്കാന്‍ പക്ഷേ, മറ്റു പാര്‍ട്ടി നേതാക്കള്‍ക്ക് സാധിച്ചില്ല.

ദളിതരെ കൂടെനിര്‍ത്താന്‍ ചെയ്തത്

മുസ്ലിം, ദളിത് വോട്ടുകള്‍ ലക്ഷ്യമിട്ട് മാത്രമായിരുന്നു ബിഎസ്പി നേതാവ് മായാവതിയുടെ നീക്കം. കൂടെ ഉന്നത ജാതിക്കാരെ ചാക്കിലാക്കാനും അവര്‍ ശ്രമിച്ചു. ഇത്തരത്തിലായിരുന്നു അവര്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയതും. പക്ഷേ മായാവതി സ്വന്തം ദളിത് വിഭാഗമായ ജാടവ് സമുദായത്തിന് മാത്രമേ എന്തെങ്കിലും ചെയ്തിട്ടുള്ളൂവെന്ന് ബിജെപി പ്രചരിപ്പിച്ചു. ജാടവ് ഇതര ദളിത് വിഭാഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ ബിജെപിക്കാണ് വിജയം.

അംബേദ്കര്‍ ജന്‍മദിനാഘോഷം

മുസ്ലിംകളെയും യാദവരെയും കൈയൊഴിഞ്ഞ ബിജെപി ദളിതരെ കൈയിലെടുക്കാന്‍ ഇത്തവണ 125ാം അംബേദ്കര്‍ ജന്‍മദിനാഘോഷം വിപുലമായി ആഘോഷിച്ചിരുന്നു. ജാടവിന് ശേഷം കൂടുതലുള്ള ദളിത് വിഭാഗമായ പാസി സമുദായത്തില്‍പ്പെട്ടവരെ കൂടെ നിര്‍ത്താന്‍ ബിജെപി ചില വ്യാജ പ്രചാരണങ്ങളും നടത്തി. മുസ്ലിം രാജാവിന്റെ ആക്രമണവും പാസി വിഭാഗക്കാര്‍ നടത്തിയ ചെറുത്തുനില്‍പ്പും സംബന്ധിച്ച കഥ അവര്‍ പ്രചരിപ്പിച്ചു.

ദളിതരെ മായാവതിക്കും മുസ്ലിംകള്‍ക്കുമെതിരാക്കി

തങ്ങളുടെ വാദം ശരിവയ്ക്കുന്ന കാര്യങ്ങള്‍ നിരത്തി ബിജെപി ലഘുലേഖകള്‍ വിതരണം ചെയ്തിരുന്നു. പാസികളെ ഒരേസമയം മായാവതിക്കും മുസ്ലിംകള്‍ക്കുമെതിരേ തിരിക്കാന്‍ അതുവഴി ബിജെപിക്ക് സാധിച്ചു. കൂടാതെ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ചില ഹിന്ദുത്വ സംഘങ്ങളെ ഓരോ മേഖലയിലും ബിജെപി വളര്‍ത്തിയിരുന്നു. അതും തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്തു.

തീവ്ര ചെറുസംഘങ്ങള്‍ രൂപീകരിച്ചു

നരേന്ദ്രമോദി സേന, ഹിന്ദു ബഹു ബേട്ടി ബച്ചാവോ സമിതി തുടങ്ങിയ സംഘങ്ങളെല്ലാം വര്‍ഗീയത പരത്തുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ചതായിരുന്നു. ഇവയുടെ രൂപീകരണത്തിന് പിന്നിലെല്ലാം ബജറംഗ്ദള്‍, ആര്‍എസ്എസ്, വിശ്വഹിന്ദു പരിഷത്ത് എന്നിവരാണ്. ദൡ് വോട്ടുകള്‍ ബിജെപിക്ക് അനുകൂലമാക്കുകയായിരുന്നു ഇത്തരം തട്ടിക്കൂട്ട് സംഘങ്ങളുടെ ദൗത്യം.

മുസ്ലിം വോട്ടുകളില്‍ സംഭവിച്ചത് ഇതാണ്

ഇതോടെ സംഭവിച്ചത് മറ്റൊന്നാണ്. മുസ്ലിം വോട്ടുകള്‍ ഭിന്നിച്ചു. ബിജെപിയുടെ വരവില്‍ ഭയന്ന മുസ്ലിംകള്‍ എസ്പിക്കും ബിഎസ്പിക്കും വോട്ട് ചെയ്തു. എങ്കിലും ഈ രണ്ട് പാര്‍ട്ടികളെയും വിശ്വാസത്തിലെടുക്കാത്ത വലിയൊരു വിഭാഗം മുസ്ലിംകളുമുണ്ടായിരുന്നു. വിദ്യാസമ്പന്നരായ മുസ്ലിംകള്‍ ബിഎസ്പിയെ പിന്തുണച്ചിട്ടില്ല. അവര്‍ എസ്പിക്കൊപ്പമായിരുന്നു. എന്നാല്‍ സാധാരണ മുസ്ലിംകള്‍ ബിഎസ്പിക്കും മറ്റു ചില ചെറുപാര്‍ട്ടികള്‍ക്കും വോട്ട് നല്‍കി. ഇതെല്ലാം ബിജെപിക്ക് ഗുണമാവുകയാണ് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+