തെരഞ്ഞെടുപ്പ് ക്രീസിലും സിദ്ദു തിളങ്ങി!! ഉപമുഖ്യ മന്ത്രി സ്ഥാനത്തിലേക്കോ...?
തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മാത്രം പാര്‍ട്ടിയില്‍ ചേര്‍ന്ന സിദ്ദുവിനോട് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് വലിയ മതിപ്പ് ഉണ്ടായിരുന്നില്ല.
ചണ്ഡീഗഡ്: പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ സെലിബ്രറ്റി സ്ഥാനാര്‍ത്ഥിയായിരുന്നു നവ്‌ജോത് സിംഗ് സിദ്ദു. അമൃത്സര്‍ ഈസ്റ്റ് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയ സിദ്ധു വിജയം ഉറപ്പിച്ച് കഴിഞ്ഞു. തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മാത്രം പാര്‍ട്ടിയില്‍ ചേര്‍ന്ന സിദ്ദുവിനോട് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് വലിയ മതിപ്പ് ഉണ്ടായിരുന്നില്ല. എന്നാല്‍ തന്റെ ക്രിക്കറ്റ് താരമെന്ന പ്രശസ്തയും, കമന്റേന്റര്‍ ആയും, അവതാരകന്‍ ആയും ടിവി ഷോകളില്‍ തിളങ്ങിയതും സിദ്ദുവിന് അനുഗ്രഹമായി.

എക്‌സിറ്റ് പോള്‍ പ്രവചനത്തിന് പിന്നാലെ കോണ്‍ഗ്രസ് വിജയിയ്ക്കുമെന്നും, എഎപി രണ്ടാം സ്ഥാനത്ത എത്തുമെന്ന സിദ്ദുവിന്റെ പ്രവചനവും സത്യമായിരിയ്ക്കുകയാണ്. കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷം നേടിയപ്പോള്‍, എഎപി മുഖ്യപ്രതിപക്ഷമാവും.

ബിജെപി-അകാലിദള്‍ സഖ്യം ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്.എഎപിയ്ക്കും പിന്നാലെ മൂന്നാം സ്ഥാനത്ത് മാത്രമാണ് ഇവര്‍ എത്തിയത്. കഴിഞ്ഞ 10 വര്‍ഷത്തെ ശിരോമണി അകാലിദള്‍ ഭരണത്തിനെതിരായ ജനവികാരമാണ് ഇപ്പോഴത്തേതെന്ന് സിദ്ദു പറയുന്നു.

ബിജെപിയില്‍ പ്രവര്‍ത്തിച്ചിരുന്ന സിദ്ദുവും ഭാര്യയും എഎപിയില്‍ ചേരാനും ശ്രമം നടത്തിയിരുന്നു. സിദ്ദുവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ അരവിന്ദ് കെജ്രിവാള്‍ തയ്യാറാവാതിരുന്നതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസില്‍ എത്തിയത്.

വിജയത്തിന് ശേഷം ഉപമുഖ്യമന്ത്രി സ്ഥാനത്തിന് സിദ്ദു അവകാശം ഉന്നയിയ്ക്കും എന്ന് ഉറപ്പാണ്. ഇതിനായുള്ള ചര്‍ച്ചകളാണ് ഇനി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗുമായി നടത്തുക.












Click it and Unblock the Notifications