Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്ധ്രാപ്പോര്: ജഗന് ഈസി വാക്കോവറില്ല, പടകൂട്ടി ടിഡിപി, കോണ്‍ഗ്രസിന്റെ ഒറ്റയാള്‍ പോരാളിയായി ശർമ്മിള

ആന്ധ്രയുടെ മണ്ണില്‍ ആര് വിജയക്കൊടി പാറിക്കും? നായിഡുവോ? റെഡ്ഡിയോ?. ലോക്സഭയ്ക്കൊപ്പം നിയമസഭയിലേക്കും ആന്ധ്രാ പ്രദേശ് നാളെ ജനവിധി എഴുതുമ്പോള്‍ കൃത്യമായ മേല്‍ക്കൈ ആർക്കും അവകാശപ്പെടാനില്ല. നേരിയ മുന്‍തൂക്കം ജഗന്‍ മോഹന്‍ റെഡ്ഡിക്കും വൈഎസ്ആർ കോണ്‍ഗ്രസിനും ചില സർവ്വേകള്‍ പ്രവചിക്കുന്നുണ്ടെങ്കിലും ടിഡിപി-ജനസേന-ബിജെപി സഖ്യത്തിനും ശക്തമായ സാധ്യത സംസ്ഥാനത്തുണ്ട്.

വൈഎസ്ആർ കോണ്‍ഗ്രസ് ഇത്തവണയും തനിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. മറുവശത്ത് ടിഡിപിയാകട്ടെ അവസാന നിമിഷം ബിജെപിയുമായും പവന്‍ കല്യാണിന്റെ ജനസേനയുമായി സഖ്യമുണ്ടാക്കിയാണ് പോരാട്ടം. രാജശേഖര റെഡ്ഡിയുടെ മകളും ജഗന്‍മോഹന്‍ റെഡ്ഡിയുടെ സഹോദരിയുമായ ശർമ്മിള റെഡ്ഡിയെ മുന്‍നിർത്തിയാണ് പാർട്ടിയുടെ പഴയ കോട്ടയില്‍ കോണ്‍ഗ്രസ് ഇത്തവണ ജനവിധി തേടുന്നത്. സിപിഎമ്മും സിപിഎമ്മുമായും കോണ്‍ഗ്രസ് സംസ്ഥാനത്ത് സഖ്യം രൂപീകരിച്ചിട്ടുണ്ട്.

ap-politics

ലോക്സഭ

2019 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ആന്ധ്രാപ്രദേശ് വൈഎസ്ആർ കോണ്‍ഗ്രസ് തൂത്തുവാരുകയായിരുന്നു. സംസ്ഥാനത്ത് ആകെയുള്ള 25 ല്‍ 22 സീറ്റിലും ജഗന്‍മോഹന്‍റെ പാർട്ടി വിജയിച്ചു. ടിഡിപിയുടെ വിജയം മൂന്ന് സീറ്റില്‍ ഒതുങ്ങി. ജനസേന പാർട്ടിക്ക് 5.9 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ ഒരു ശതമാനം വോട്ട് മാത്രമായിരുന്നു ബി ജെ പിക്ക് ലഭിച്ചത്.

ജഗന് കാര്യങ്ങള്‍ അത്ര സുഖകരമല്ല

വൈഎസ്ആർ കോണ്‍ഗ്രസിനെ സംബന്ധിച്ച് കാര്യങ്ങള്‍ 2019 ലേത് പോലെ അത്ര സുഖകരമല്ല. ഭരണ വിരുദ്ധ വികാരം അത്ര ശക്തമല്ലെങ്കിലും തീരെ ഇല്ലെന്ന് പറയാന്‍ സാധിക്കില്ല. തൊഴിലില്ലായ്മ അടക്കമുള്ള വിഷയങ്ങളിലും സംസ്ഥാനത്ത് പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. ഇതൊന്നും വൈഎസ്ആർ കോണ്‍ഗ്രസിന്റെ വിജയത്തെ ബാധിക്കില്ലെന്ന ആത്മവിശ്വാസത്തിലാണ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ പ്രചരണം. ദളിത്, ന്യൂനപക്ഷ വോട്ടുകളെ ഒപ്പം നിർത്താനായി കൂടുതല്‍ ശ്രമങ്ങള്‍ മുഖ്യമന്ത്രി എന്ന നിലയില്‍ ജഗന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നു എന്നതും ശ്രദ്ധേയമാണ്.

എന്‍ഡിഎ സഖ്യം

ലോക്സഭയില്‍ 400 സീറ്റുകളെന്ന സ്വപ്നം നിറവേറ്റുന്നതിനായി ആന്ധ്ര പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നും ബി ജെ പി കൂടുതല്‍ സീറ്റുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. ആന്ധ്രാപ്രദേശില്‍ 18 സീറ്റുവരെ സഖ്യത്തിന് ലഭിച്ചേക്കാമെന്നാണ് അമിത് ഷാ കഴിഞ്ഞ ദിവസവും പറഞ്ഞത്. ടിഡിപിയുമായി സഖ്യത്തില്‍ മത്സരിച്ച 2014 ല്‍ ആന്ധ്രയില്‍ നാല് നിയമസഭാ സീറ്റുകളും രണ്ട് ലോക്‌സഭ സീറ്റുകളും ബിജെപി സ്വന്തമാക്കിയിരുന്നു. 2018 ല്‍ ടിഡിപി സഖ്യം വിട്ടതോടെയാണ് 2019 ലെ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് തനിച്ച് മത്സരിക്കേണ്ടി വന്നത്. എന്‍ഡിഎ സഖ്യത്തില്‍ ടിഡിപി 17 സീറ്റില്‍ മത്സരിക്കുമ്പോള്‍ ബി ജെ പി 6 സീറ്റിലും ജനസേന പാർട്ടി രണ്ട് സീറ്റിലും മത്സരിക്കുന്നു.

കോണ്‍ഗ്രസിന്റെ പ്രതീക്ഷ

രാജശേഖര റെഡ്ഡിയുടെ മരണത്തോടെ ആന്ധ്രയിലെ കോണ്‍ഗ്രസ് ആധിപത്യവും തകർന്നതാണ്. മകന്‍ ജഗന്‍ മോഹന്‍ റെഡ്ഡി വൈഎസ്ആർ കോണ്‍ഗ്രസ് രൂപീകരിച്ചതോടെ പാർട്ടി പ്രവർത്തകർ ഒന്നടക്കം രാജശേഖര റെഡ്ഡിയുടെ മകന്‍ പിന്നില്‍ അണിനിരക്കുകയായിരുന്നു. അന്ന് ജഗനൊപ്പം നിലയുറപ്പിച്ച ശർമ്മിള പിന്നീട് തെലങ്കാന കേന്ദ്രീകരിച്ച് സ്വന്തമായി പാർട്ടി രൂപീകരിക്കുകയായിരുന്നു.

ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ തെലങ്കാനയില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച ശർമ്മിള പിന്നാലെ തന്റെ പാർട്ടിയെ കോണ്‍ഗ്രസില്‍ ലയിപ്പിക്കുകയായിരുന്നു. പിന്നാലെ ശർമ്മിള്ളയെ പാർട്ടി സംസ്ഥാന അധ്യക്ഷയുമാക്കി. ജഗനെ നേരിടാന്‍ ഏറ്റവും ശക്തയായ നേതാവ് എന്ന നിലയിലാണ് ശർമ്മിളയെ അവതരിപ്പിക്കുന്നത്. കോണ്‍ഗ്രസിന് കാര്യമായ സംഘടന സംവിധാനമില്ലെങ്കിലും പാർട്ടി പരിപാടികളില്‍ ആളെക്കൂട്ടാന്‍ ശർമ്മിളയ്ക്ക് സാധിക്കുന്നുണ്ട്. ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് 23 സീറ്റിലും സിപിഎം, സിപിഐ എന്നീ കക്ഷികള്‍ ഒരോ സീറ്റിലും ലോക്സഭയിലേക്ക് മത്സരിക്കുന്നു.

നിയമസഭ

എന്‍ഡിഎ സഖ്യം ശക്തമായ വെല്ലുവിളി ഉയർത്തുന്നുണ്ടെങ്കിലും ജഗന്‍ രണ്ടാമതും ആന്ധയില്‍ അധികാരത്തിലേക്ക് എത്തിയേക്കാമെന്നാണ് വിലയിരുത്തല്‍. അധികാരം പിടിക്കുമെങ്കിലും കഴിഞ്ഞ തവണത്തെ മൃഗീയ ഭൂരിപക്ഷം ജഗന് ലഭിച്ചേക്കില്ല. 2019 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 175 ല്‍ 151 സീറ്റുകളും നേടിയായിരുന്നു ജഗന്‍ ആന്ധയുടെ മുഖ്യമന്ത്രിക്കസേര ഉറപ്പിച്ചത്. ടിഡിപി 23 സീറ്റിലേക്ക് ഒതുങ്ങിയപ്പോള്‍ ജനസേന പാർട്ടിക്ക് 1 സീറ്റും ലഭിച്ചും.

നിയമസഭ തിരഞ്ഞെടുപ്പിലും വൈഎസ്ആർ കോണ്‍ഗ്രസ് തനിച്ചാണ് മത്സരിക്കുന്നത്. എന്‍ഡിഎ സഖ്യത്തിലേക്ക് വരുമ്പോള്‍ ഏറ്റവും കൂടുതല്‍ സീറ്റില്‍ ടിഡിപിയാണ് മത്സരിക്കുന്നത് - 144 സീറ്റ്. പവന്‍ കല്യാണിന്റെ ജനസേന പാർട്ടി 21 സീറ്റിലും ബിജെപി 10 സീറ്റിലും മത്സരിക്കുന്നു. ഇന്ത്യ സഖ്യത്തില്‍ കോണ്‍ഗ്രസ് 159 സീറ്റില്‍ മത്സരിക്കുമ്പോള്‍ സിപിഎം, സിപിഐ കക്ഷികള്‍ എട്ടുവീതം സീറ്റിലും മത്സരിക്കുന്നു.

വോട്ടെടുപ്പിന് ഒരുങ്ങി ജനം

പരമാവധി ആളുകളെ പോളിങ് ബൂത്തില്‍ എത്തിക്കാനുള്ള ശ്രമം എല്ലാ കക്ഷികളും തുടങ്ങിക്കഴിഞ്ഞു. ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് തങ്ങളുടെ വോട്ടർമാരെ അവരുടെ ഗ്രാമത്തിലേക്ക് എത്തിക്കാന്‍ കക്ഷികള്‍ പ്രത്യേക വാഹനങ്ങള്‍ ഏർപ്പാട് ചെയ്തിട്ടുണ്ട്. ഞായർ ആയതും പോളിങ് ശതമാനം കൂട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആളുകള്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാനായി ഇന്നലെ തന്നെ സ്വന്തം നാടുകളിലേക്ക് മടങ്ങിയിട്ടുണ്ട്. ഇതോടെ തിരക്കേറിയ ഹൈദരബാദ് നഗരത്തില്‍ ആളൊഴിഞ്ഞ പ്രതീതിയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+