ഇലക്ടറൽ ബോണ്ട് കേസ്: നിർമല സീതാരാമനെതിരെയുള്ള അന്വേഷണം കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു
ഡൽഹി: ഇലക്ടറൽ ബോണ്ട് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് എതിരായ അന്വേഷണം കർണാടക ഹൈക്കോടതി നിർത്തിവെച്ചതായി റിപ്പോർട്ട്. ബി ജെ പി നേതാവ് നളിൻ കുമാർ കട്ടീൽ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എം
നാഗപ്രസന്നയുടെ സിംഗിൾ ജഡ്ജ് ബെഞ്ചിന്റെ ഉത്തരവ്.
ഈ സ്റ്റേ ഒക്ടോബർ 22 വരെ പ്രാബല്യത്തിൽ തുടരും, ഇത് ആരോപണങ്ങളെക്കുറിച്ചുള്ള കൂടുതൽ അന്വേഷണങ്ങൾ നിർത്തിവയ്ക്കും. കർണാടക മുൻ ബി ജെ പി അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ ഉൾപ്പെടെയുള്ള പ്രതികൾക്ക് കോടതിയുടെ തീരുമാനം ഇളവ് നൽകുമെന്നാണ് വിവരം.

തട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയെ തുടർന്ന് പ്രത്യേക കോടതിയുടെ നിർദ്ദേശ പ്രകാരം ശനിയാഴ്ചയാണ് നിർമല സീതാരാമനും മറ്റുള്ളവർക്കുമെതിരെ കേസെടുത്തത്. നിർമല സീതാരാമൻ, എൻഫോഴ്സ്മെന്റ് ഉദ്യഗസ്ഥർ. സംസ്ഥാന തലത്തിലും ദേശിയ തലത്തിലുമുള്ള ബി ജെ പി ഭാരവാഹികൾ എന്നിവർക്കെതിരെയാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ബി ജെ പി കർണാടക അധ്യക്ഷൻ ബി വൈ വിജയേന്ദ്രയും എഫ് ഐ ആറിലുണ്ട്.
പ്രതികൾ ഇലക്ടറൽ ബോണ്ടുകളുടെ മറവിൽ കൊള്ളയിടിക്കുകയും 8000 കോടി രൂപയോലം ലാഭം നേടിയതായും ചെയ്തുവെന്ന് ആരോപിച്ച് ജന അധികാര സംഘർഷ പരിഷത്ത് ( ജെ എസ് പി ) സഹപ്രസിഡന്റ് ആദർശ് ആർ അയ്യരാണ് പരാതി നൽകിയത്. ഇ ഡി ഉദ്യോഗസ്ഥരുടെ രഹസ്യ സഹായത്തിലൂടെയും പിന്തുണയിലൂടെയും നിർമല സീതാരാമൻ സംസ്ഥാന തലത്തിലും ദേശീയ തലത്തിലും മറ്റുള്ളവർക്ക് വേണ്ടി ആയിരക്കണക്കിന് കോടി രൂപ തട്ടിയെടുക്കാൻ സൗകര്യമൊരുക്കിയെന്നും പരാതിക്കാരൻ ആരോപിച്ചു.
വിവരാവകാശവും ഭരണഘടന പ്രകാരമുള്ള അഭിപ്രായ പ്രകടന സ്വാതന്ത്ര്യവും ലംഘിക്കുന്നതായി ചൂണ്ടിക്കാട്ടി ഫെബ്രുവരിയിൽ സുപ്രീം കോടതി ഇലക്ടറൽ ബോണ്ട് പദ്ധതി റദ്ദാക്കിയിരുന്നു.












Click it and Unblock the Notifications