എല്‍ഗാര്‍ പരിഷത്ത്-ഭീമ കൊറേഗാവ് കേസ്: അഞ്ചര വര്‍ഷത്തിന് ശേഷം ഹാനി ബാബു പുറത്തേക്ക്
മുംബൈ: എല്‍ഗാര്‍ പരിഷത്ത്-ഭീമ കൊറേഗാവ് കേസില്‍ പ്രതിയായ ഡല്‍ഹി സര്‍വകലാശാലയിലെ മുന്‍ പ്രൊഫസര്‍ ഹാനി ബാബുവിന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. അഞ്ച് വര്‍ഷവും ഏഴ് മാസവും നീണ്ട വിചാരണയ്ക്ക് മുമ്പുള്ള തടവ് ശിക്ഷ ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. ഇംഗ്ലീഷ് സാഹിത്യ പ്രൊഫസറായ ഹാനി ബാബു 2020 ഏപ്രില്‍ 14 നാണ് അറസ്റ്റിലാകുന്നത്.
അന്ന് മുതല്‍ കസ്റ്റഡിയില്‍ തുടരുകയാണ്. 2024 ജൂണില്‍ അദ്ദേഹം മുന്‍ ഉത്തരവുകളെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചു, ആദ്യം 2022 ല്‍ എന്‍ഐഎ കോടതി ജാമ്യം നിഷേധിച്ചു, തുടര്‍ന്ന് ഹൈക്കോടതി നടപടി ശരിവച്ചു. ഭരണഘടനാ വിരുദ്ധമായി ദീര്‍ഘകാലത്തേക്ക് വിചാരണ കൂടാതെ തന്നെ തടങ്കലില്‍ വച്ചിരിക്കുകയാണെന്നായിരുന്നു ബാബുവിന്റെ വാദം. അഭിഭാഷകന്‍ യുഗ് മോഹിത് ചൗധരി വഴിയാണ് അദ്ദേഹത്തിന്റെ ഹര്‍ജി സമര്‍പ്പിച്ചത്.

2017 ഡിസംബര്‍ 31 ന് നടന്ന എല്‍ഗാര്‍ പരിഷത്ത് പരിപാടിയുമായി ബന്ധപ്പെട്ട ഒരു വലിയ ഗൂഢാലോചനയില്‍ ബാബു പങ്കാളിയാണെന്നാണ് എന്‍ഐഎ ആരോപണം. എല്‍ഗാര്‍ പരിഷത്ത് പരിപാടിയില്‍ ഹാനി ബാബു പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയതായി ആരോപിക്കപ്പെടുന്നു. പിറ്റേന്ന് കൊറേഗാവ് ഭീമ യുദ്ധ സ്മാരകത്തിന് സമീപം അക്രമമുണ്ടാകുകയും ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
അതേസമയം ബാബുവിന് മുമ്പ് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും, പ്രോസിക്യൂഷനില്‍ നിന്ന് മറുപടി ലഭിക്കാതെ മൂന്ന് വര്‍ഷത്തിലേറെയായി അദ്ദേഹത്തിന്റെ വിടുതല്‍ അപേക്ഷ കെട്ടിക്കിടക്കുകയാണെന്നും ചൗധരി വാദിച്ചു. തെളിവുകളും നടപടിക്രമങ്ങളുടെ മന്ദഗതിയും കണക്കിലെടുത്ത്, വിചാരണ വര്‍ഷങ്ങളോളം അവസാനിക്കാന്‍ സാധ്യതയില്ലെന്ന് അദ്ദേഹം വാദിച്ചു.
ദീര്‍ഘകാല ജയില്‍വാസം തന്നെ ജാമ്യത്തിനുള്ള കാരണമായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത്, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സി സിംഗും അഭിഭാഷകന്‍ ചിന്തന്‍ ഷായും വാദിച്ചത് കസ്റ്റഡി കാലാവധി മാത്രം ജാമ്യം നല്‍കുന്നതിന് കാരണമാകില്ല എന്നായിരുന്നു.
കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ബാധകമായ ശിക്ഷയുടെ 50% ബാബു ഇതുവരെ അനുഭവിച്ചിട്ടില്ലെന്നും ജാമ്യം ലഭിച്ച മറ്റ് കൂട്ടുപ്രതികള്‍ ആറ് വര്‍ഷത്തിലധികം ജയിലില്‍ കഴിഞ്ഞതിനാല്‍ തുല്യത അവകാശപ്പെടാന്‍ കഴിയില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നിരുന്നാലും, ജസ്റ്റിസുമാരായ എ.എസ്. ഗഡ്കരി, രഞ്ജിത്സിംഹ ആര്‍. ഭോണ്‍സാലെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഇതിനോട് വിയോജിച്ചു.
വിചാരണയ്ക്ക് മുമ്പുള്ള ദീര്‍ഘകാല തടങ്കലിന്റെ പേരില്‍ സഹപ്രതികളായ സുധീര്‍ ധവാലെ, റോണ വില്‍സണ്‍ എന്നിവര്‍ക്ക് ജാമ്യം ലഭിച്ചതായി ചൂണ്ടിക്കാട്ടിയ കോടതി, ബാബുവിന് സമാനമായ അര്‍ഹതയുണ്ടെന്ന് വിധിച്ചു. കേസിലെ ഒമ്പതിലധികം പ്രതികളെ ഇപ്പോള്‍ ജാമ്യത്തില്‍ വിട്ടയച്ചിട്ടുണ്ടെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
നിയമസഹായ സമിതി (വിചാരണ തടവുകാരെ പ്രതിനിധീകരിക്കുന്ന സമിതി) vs യൂണിയന്‍ ഓഫ് ഇന്ത്യ എന്ന കേസില്‍ സുപ്രീം കോടതിയുടെ വിധിയെ ആശ്രയിച്ച്, വിചാരണത്തടവുകാരെ അനിശ്ചിതമായി കസ്റ്റഡിയില്‍ വയ്ക്കാന്‍ കഴിയില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു. സമയബന്ധിതമായ വിചാരണ അസാധ്യമാണെന്നും പ്രതി ഇതിനകം തന്നെ ഗണ്യമായ കാലയളവ് ജയിലില്‍ കഴിഞ്ഞിട്ടുണ്ടെന്നും വ്യക്തമായിക്കഴിഞ്ഞാല്‍, 'കോടതികള്‍ സാധാരണയായി അവരെ ജാമ്യത്തില്‍ വിടാന്‍ ബാധ്യസ്ഥരാണ്' എന്നാണ് സുപ്രീംകോടതി വിധി.
വിചാരണ കൂടാതെ ദീര്‍ഘകാലം തടവില്‍ വയ്ക്കുന്നത് ആര്‍ട്ടിക്കിള്‍ 21 പ്രകാരം ഉറപ്പുനല്‍കുന്ന മൗലികാവകാശത്തിന്റെ ലംഘനമാണ് എന്ന് ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടി. ഒരു ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടില്‍ ആണ് കോടതി ബാബുവിന് ജാമ്യം അനുവദിച്ചത്. ജയില്‍ മോചിതനാകുന്നതിനുമുമ്പ് അദ്ദേഹം എന്‍ഐഎയെയും വിചാരണ കോടതിയെയും തന്റെ താമസ വിവരങ്ങള്‍ അറിയിക്കുകയും പാസ്പോര്‍ട്ട് സമര്‍പ്പിക്കുകയും വേണം.
എന്താണ് ഭീമ കൊറേഗവ് കേസ്?
2018 ജനുവരി 1-ന് മഹാരാഷ്ട്രയിലെ പൂനെക്കടുത്ത് ഭീമ കൊറേഗാവില്‍ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ് ഭീമ കൊറേഗാവ് കേസ്. ഭീമ കൊറേഗാവ് യുദ്ധത്തിന്റെ 200-ാം വാര്‍ഷികം ആഘോഷിക്കുന്നതിനിടെ സംഘര്‍ഷമുണ്ടാകുകയായിരുന്നു. പൂനെയില്‍ നടന്ന 'എല്‍ഗാര്‍ പരിഷത്ത്' സമ്മേളനത്തില്‍ നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങളാണ് അക്രമത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്.
മാവോയിസ്റ്റ് പിന്തുണയോടെയാണ് ഈ യോഗം നടന്നത് എന്നും മാവോയിസ്റ്റുകള്‍ സാമ്പത്തിക സഹായം നല്‍കി എന്നും ആരോപിച്ചാണ് 16 സാമൂഹിക പ്രവര്‍ത്തകരെയും ബുദ്ധിജീവികളെയും പൊലീസ് അറസ്റ്റു ചെയ്തത്. കവിയും എഴുത്തുകാരനുമായ വരവര റാവു, അഭിഭാഷകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ സുധ ഭരദ്വാജ്, സ്റ്റാന്‍ സ്വാമി എന്നിവരേയും ഈ സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
യുഎപിഎ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. പാര്‍ക്കിന്‍സണ്‍ രോഗവും പ്രായാധിക്യവും ഉണ്ടായിരുന്ന സ്റ്റാന്‍ സ്വാമി കസ്റ്റഡിയില്‍ ഇരിക്കെ മരണപ്പെട്ടിരുന്നു. അത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായി.












Click it and Unblock the Notifications