താജ്മഹലിന് മുന്നില്‍ നിന്ന് ജെഡി വാന്‍സിന്റെ കുടുംബചിത്രം; ഇലോണ്‍ മസ്‌ക് കമന്റിട്ടത് ഇങ്ങനെ
ന്യൂഡല്‍ഹി: യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സിന്റെ ഇന്ത്യാ സന്ദര്‍ശനം അമേരിക്കയുമായുള്ള വ്യാപാര പങ്കാളിത്തം ശക്തമാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു. ഇന്ത്യ-യുഎസ് വ്യാപാര കരാറില്‍ നിര്‍ണായക പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞതായി ജെഡി വാന്‍സ് തന്നെ വ്യക്തമാക്കിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച താരിഫ് യുദ്ധത്തില്‍ ഇന്ത്യയോടുള്ള മൃദുസമീപനം തുടരുമെന്ന സൂചനകളാണ് വാന്‍സിന്റെ ഇന്ത്യാ സന്ദര്‍ശനം നല്‍കുന്നത്. ഇരു രാജ്യങ്ങളിലെയും സംരംഭകര്‍ ഏറെ പ്രതീക്ഷയോടെയാണ് വാന്‍സിന്റെ സന്ദര്‍ശനത്തെ ഉറ്റുനോക്കിയത്.
ഇന്ത്യ സന്ദര്‍ശിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നു പറഞ്ഞ വാന്‍സ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആഗോള തലത്തിലുള്ള സ്വീകാര്യതയില്‍ അസൂയയുണ്ടെന്നും പ്രതികരിച്ചിരുന്നു. ഔദോഗിക സന്ദര്‍ശനത്തിനു പുറമേ ആഗ്ര, ജയ്പൂര്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാനും വാന്‍സും കുടുംബവും സമയം കണ്ടെത്തിയിരുന്നു.
അതേസമയം വാന്‍സിന്റെ ഇന്ത്യാ സന്ദര്‍ശന വേളയിലുണ്ടായ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം പങ്കെടുക്കാനിരുന്ന സാംസ്‌കാരിക പരിപാടികള്‍ റദ്ദാക്കിയിരുന്നു. ഭീകരതയ്ക്ക് എതിരേയുള്ള ഇന്ത്യയുടെ എല്ലാ നടപടികള്‍ക്കും അമേരിക്ക പൂര്‍ണ പിന്തുണ നല്‍കുമെന്ന് വാന്‍സ് പ്രഖ്യാപിക്കുകയും ചെയ്തു.

ഇന്ത്യന്‍ വംശജയായ ഭാര്യ ഉഷയ്ക്കും മൂന്നു മക്കള്‍ക്കും ഒപ്പം നാലു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ ജെഡി വാന്‍സ് കഴിഞ്ഞ ദിവസമാണ് അമേരിക്കയിലേക്കു മടങ്ങിയത്. അതിനിടെ ജെഡി വാന്‍സും കുടുംബവും ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹലിന്റെ മുന്നില്‍ നിന്ന് എടുത്ത ചിത്രം സമൂഹ മാധ്യമങ്ങളില്‍ ഏറെ വൈറലായിരുന്നു. പരമ്പരാഗത ഇന്ത്യന്‍ വസ്ത്രങ്ങളായ കുര്‍ത്തയും പൈജാമയും അണിഞ്ഞാണ് കുട്ടികള്‍ താജ്മഹലിനു മുന്നില്‍ നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തത്.
ഇളം നീല വസ്ത്രങ്ങളാണ് എല്ലാവരും അണിഞ്ഞിരുന്നത്. താജ്മഹലിനു മുന്നില്‍ നിന്ന് പകര്‍ത്തിയ ചിത്രങ്ങള്‍ വാന്‍സ് തന്റെ എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുണ്ട്. അതിമനോഹരമായ ഒരു ചരിത്ര സ്ഥലമാണിത്. അവിടെ ഞങ്ങള്‍ക്ക് ലഭിച്ച ഊഷ്മളമായ സ്വീകരണത്തിന് നന്ദിയുണ്ടെന്ന് ചിത്രത്തിന് അടിക്കുറിപ്പായി വാന്‍സ് കുറിച്ചു. ഒരു മണിക്കൂറോളം ദമ്പതികള്‍ താജ്മഹലില്‍ ചെലവഴിച്ചു.
ഈ ചിത്രങ്ങള്‍ക്ക് അമേരിക്കന്‍ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് നല്‍കിയ മറുപടി അന്താരാഷ്ട്ര മാധ്യമങ്ങളുടെ ശ്രദ്ധ നേടി. 'ലോകത്തിലെ ഏറ്റവും മനോഹരമായ അത്ഭുതങ്ങളില്‍ ഒന്ന്' എന്നാണ് ഇലോണ്‍ മസ്‌ക് വാന്‍സിന്റെ ചിത്രങ്ങള്‍ക്ക് പ്രതികരിച്ചത്. നിരവധി പേരാണ് മസ്‌ക്കിന്റെ കമന്റിന് ലൈക്ക് നല്‍കിയിരിക്കുന്നത്.
അമേരിക്കന്‍ ഭരണകൂടത്തില്‍ നിര്‍ണായക സ്വാധീനമുള്ള ഇലോണ്‍ മസ്‌ക് ട്രംപുമായും വാന്‍സുമായും അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്. അടുത്തിടെ മോഡിയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിനിടെ ഇന്ത്യ വീണ്ടും സന്ദര്‍ശിക്കാന്‍ ആഗ്രഹമുണ്ടെന്ന് മസ്‌ക് പറയുകയും ചെയ്തിരുന്നു. സ്‌പേസ് എക്‌സിന്റെയും ടെസ്‌ലയുടെയും മേധാവിയായ മസ്‌ക് തന്റെ ബിസിനസ് ശൃംഖല ഇന്ത്യയില്‍ വിപുലീകരിക്കാനുള്ള ശ്രമത്തിലാണ്. അതിന്റെ ഭാഗമായി ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ ടെസ്ല ഷോറൂമുകള്‍ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ്.
സന്ദര്‍ശനത്തിന്റെ ആദ്യ ദിനത്തില്‍ വാന്‍സും കുടുംബവും ഡല്‍ഹിയിലെ അക്ഷര്‍ധാം ക്ഷേത്രം സന്ദര്‍ശിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുക്കിയ അത്താഴ വിരുന്നില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ ആതിഥേയത്വം ഏറെ ഇഷ്ടപ്പെട്ട ഏഴ് വയസുകാരന്‍ മകന് ഇന്ത്യയില്‍ ജീവിക്കാന്‍ ആഗ്രഹമുണ്ടെന്ന് തന്നോട് പറഞ്ഞതായി വാന്‍സ് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
അമേരിക്ക, ഇന്ത്യ, ജപ്പാന്‍, ഓസ്‌ട്രേലിയ എന്ന രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ക്വാഡ് സഖ്യത്തിന്റെ ഉച്ചകോടി ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതില്‍ പങ്കെടുക്കാന്‍ ഡൊണാള്‍ഡ് ട്രംപ് എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതിനു മുന്നോടിയായിട്ടായിരുന്നു വാന്‍സിന്റെ സന്ദര്‍ശനം.












Click it and Unblock the Notifications