എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ മഹാശ്വേതാ ദേവി അന്തരിച്ചു
കൊല്‍ക്കത്ത: പ്രമുഖ എഴുത്തുകാരിയും പൊതുപ്രവര്‍ത്തകയുമായിരുന്ന മഹാശ്വേതാദേവി അന്തരിച്ചു. 90 വയസ്സായിരുന്നു. ഹൃദയസ്ഥംഭനം മൂലം വ്യാഴാഴ്ച 3.16ഓടെയായിരുന്നു മരണം സംഭവിച്ചത്. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മകന്റെ മരണത്തെ തുടര്‍ന്ന് മരുമകള്‍ക്കും ചെറുമകനുമൊപ്പമായിരുന്നു താമസം.
1996ല്‍ ജ്ഞാനപീഠവും 1997ല്‍ രമണ്‍ മാഗ്‌സസെ പുരസ്‌കാരവും പത്മവിഭൂഷണും ലഭിച്ചിട്ടുണ്ട്. 1926ല്‍ ധാക്കയില്‍ ജനിച്ച മഹാശ്വേതത സാഹിത്യത്തിലും സാമൂഹ്യപ്രവര്‍ത്തന രംഗത്തും ഒഴിവാക്കാനാവാത്ത സാന്നിധ്യമായി പില്‍ക്കാലത്ത് മാറുകയായിരുന്നു. സാഹിത്യ, സംഗീത പാരമ്പര്യമുള്ള കുടുംബത്തിലെ അറിയപ്പെടുന്ന കവിയായ മനീഷ്ഘട്ടക്കാണ് മഹേശ്വതാ ദേവിയുടെ അച്ഛന്‍. എഴുത്തുകാരിയും പേരെടുത്ത സാമൂഹിക പ്രവര്‍ത്തകയുമായിരുന്ന ധരിത്രീദേവിയായിരുന്നു അമ്മ. പ്രശസ്ത ചലച്ചിത്രകാരന്‍ ഋത്വിക്ക് ഘട്ടക്ക് പിതാവിന്റെ സഹോദരനായിരുന്നു.

ബംഗാള്‍ വിഭജനത്തിന് ശേഷം ഇന്ത്യയിലെത്തിയ മഹാശ്വേത വിശ്വഭാരതി സര്‍വ്വകലാശാലയില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദവും കല്‍ക്കട്ട സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി. പ്രശസ്ത നാടകകൃത്തായിരുന്ന ബിജോണ്‍ ഭട്ടാചാര്യയുടെ പത്‌നിയായിരുന്നെങ്കിലും 1959ല്‍ ഇരുവരും വിവാഹമോചിതരായി. നോവലിസ്റ്റായ നബാരുണ്‍ ഭട്ടാചാര്യ ഏകമകനാണ്.
ഇന്ത്യയില്‍ ബ്രിട്ടീഷ് കൊളോണിയിലസത്തിന്റെ തേര്‍വാഴ്ചകള്‍ കണ്ടും, കൊണ്ടും വളര്‍ന്ന അവരുടെ ജീവിതത്തില്‍ നിര്‍ണ്ണായക വഴിത്തിരിവായത് രവീന്ദ്ര നാഥ് ടാഗോറിന്റെ ശാന്തിനികേതനില്‍ എത്തിയതാണ്. ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചിരുന്ന അ വര്‍ 1964ല്‍ ബിജോയ്ഗര്‍ കോളേജില്‍ അധ്യാപികയായി ചേരുകയും ചെയ്തു. ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ബീഹാര്‍ എന്നിവിടങ്ങളിലെ ആദിവാസി വിഭാഗങ്ങള്‍ക്കിടയിലും സ്ത്രീകള്‍ക്കിടയിലും പ്രവര്‍ത്തിച്ച മഹാശ്വേത എഴുത്തും പിന്തുടര്‍ന്നിരുന്നു.
ബംഗാളിന്റെ മണ്ണില്‍ സാമൂഹ്യപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ച മഹാശ്വേത ഭൂരിപക്ഷത്തിനൊപ്പമായിരുന്നു നിലകൊണ്ടത്. ഇക്കാരണംകൊണ്ടുതന്നെ ബംഗാളില്‍ അധികാരം കയ്യാളിയ ഇടതുപക്ഷത്തോട് കലഹിക്കേണ്ടിവന്നിരുന്നു. കേരളവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അവര്‍ ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്റെ മരണത്തെ തുടര്‍ന്നാണ് ഒടുവില്‍ കേരളത്തിലെത്തിയത്. കാതികൂടത്തെ നീറ്റ ജലാറ്റിന്‍ സമരത്തിലും കടമക്കുടി കുടിയൊഴിപ്പിക്കലിനുമെതിരെയുള്ള സമരങ്ങള്‍ക്ക് പിന്തുണയുമായി അതിനുമുമ്പും അവര്‍ കേരളത്തിലെത്തിയിരുന്നു.












Click it and Unblock the Notifications