ജമ്മു കാശ്മീരില്‍ സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; ഏഴു വയസുകാരിക്ക് പരിക്കേറ്റു; തിരച്ചില്‍
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ കത്വ ജില്ലയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഭീകരരും സൈനികരും തമ്മില്‍ ഏറ്റുമുട്ടല്‍. ഇന്ത്യ - പാക് അതിര്‍ത്തിയിലെ സന്യാല്‍ ഗ്രാമത്തിലാണ് ഞായറാഴ്ച്ച വൈകുന്നേരത്തോടെ തീവ്രവാദികളും സൈനികരും തമ്മില്‍ ശക്തമായ ഏറ്റുമുട്ടലുണ്ടായത്. ആയുധധാരികളായ ഭീകരര്‍ക്കെതിരെ സുരക്ഷാ സേന വെടിയുതിര്‍ത്തു.
വെടിവയ്പ്പില്‍ പ്രദേശത്തെ ഏഴ് വയസുള്ള ഒരു പെണ്‍കുട്ടിക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

ഹിരാനഗര്‍ സെക്ടര്‍ മേഖലയില്‍ അതിര്‍ത്തിക്ക് സമീപമാണ് ഏറ്റുമുട്ടല്‍ നടന്നത്. തീവ്രവാദികളുടെ സാന്നിധ്യം സംബന്ധിച്ച് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സിആര്‍പിഎഫ്, ജമ്മു കശ്മീര്‍ പൊലീസ് പ്രത്യേക ഓപ്പറേഷന്‍ വിഭാഗം, സൈന്യം എന്നിവര്‍ സംയുക്ത ഓപ്പറേഷന്‍ നടത്തിയത്. നാല് മുതല്‍ അഞ്ച് വരെ തീവ്രവാദികളുടെ സാന്നിധ്യം വനപ്രദേശത്ത് ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റുമുട്ടലിനു ശേഷം രക്ഷപ്പെട്ട ഭീകരര്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി അധികൃതര്‍ പറഞ്ഞു. കൂടുതല്‍ സേനയെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഉണ്ടാകുമെന്ന ഇന്റലിജന്‍സ് വിവരങ്ങളെ തുടര്‍ന്ന് സുരക്ഷാ സേന അതീവ ജാഗ്രതയിലാണ്. ജമ്മുവില്‍ അടുത്തിടെ നിരവധി തീവ്രവാദികളാണ് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നത്. മാര്‍ച്ച് 17 ന് കുപ്‌വാര ജില്ലയില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു പാകിസ്ഥാന്‍ ഭീകരന്‍ കൊല്ലപ്പെട്ടിരുന്നു.












Click it and Unblock the Notifications