ജമ്മു കാശ്മീരിൽ ഏറ്റുമുട്ടൽ; തീവ്രവാദികളെ വളഞ്ഞ് സുരക്ഷ സേന..മൂന്ന് പേർ ഒളിഞ്ഞിരിക്കുന്നതായി സൂചന
ജമ്മു കശ്മീരിലെ ഉധംപൂർ ജില്ലയിൽ തീവ്രവാദികളും സുരക്ഷ സേനയും തമ്മിൽ ഏറ്റുമുട്ടൽ. വൈകീട്ടോടെയാണ് ഏറ്റുമുട്ടൽ നടന്നത്. പ്രദേശത്ത് മൂന്നു തീവ്രവാദികൾ ഒളിച്ചിരിപ്പുണ്ടെന്നാണ് സൂചന.
മജൽട്ട തഹ്‌സിലിലെ സോൺ-മാർത്ത പ്രദേശത്ത് ഇന്ന് വൈകീട്ടോടെയാണ് ഏറ്റുമുട്ടൽ നടന്നത്. ജമ്മു കശ്മീർ പോലീസ്, അർദ്ധസൈനിക വിഭാഗങ്ങൾ എന്നിവരുടെ സംയുക്ത സംഘം പ്രത്യേക രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് തീവ്രവാദികളുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്.

പോലീസിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പിന്റെ സംയുക്ത സംഘം സൈന്യത്തിനും സിആര്‍പിഎഫിനുമൊപ്പം ചേർന്നാണ് തിരച്ചിൽ നടത്തുന്നതെന്ന് ജമ്മു പോലീസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. പ്രദേശത്തേക്ക് കൂടുതൽ സേനയെ നിയോഗിച്ചതായി അധികൃതർ അറിയിച്ചു. തീവ്രവാദികൾക്ക് രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും അടച്ചതായും സേന വ്യക്തമാക്കി.
കഴിഞ്ഞ സെപ്റ്റംബറിൽ കുൽഗാം ജില്ലയിലെ ഗുഡ്ഡാർ വനത്തിൽ നടന്ന 'ഓപ്പറേഷൻ ഗുഡ്ഡാർ' ഏറ്റുമുട്ടലിൽ സുരക്ഷാ സേന രണ്ട് തീവ്രവാദികളെ വധിച്ചിരുന്നു. ലഷ്കർ-ഇ-ത്വയ്ബയുടെ പാകിസ്ഥാനി ഉന്നതൻ റഹ്മാൻ ഭായി ഉൾപ്പെടെയാണ് കൊല്ലപ്പെട്ടത്. ഇയാളുടെ മൃതദേഹം വനത്തിൽ നിന്നായിരുന്നു കണ്ടെടുത്തത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് തീവ്രവാദികളെ കണ്ടെത്തിയത്. ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു സംഭവിച്ചിരുന്നു.
ഈ വർഷത്തെ ഏറ്റവും വലിയ ഭീകരവിരുദ്ധ ഓപ്പറേഷനുകളിലൊന്നായ 'ഓപ്പറേഷൻ അഖൽ' ഒക്ടോബറിലാണ് നടന്നത്. അന്ന് ജമ്മു കശ്മീരിൽ ആറ് തീവ്രവാദികളെ സൈന്യം വധിച്ചു.
നിരോധിത ലഷ്കർ-ഇ-ത്വയ്ബയുടെ ഉപസംഘടനയായ ടിആർഎഫ് (TRF) അംഗങ്ങളെയാണ് സൈന്യം കൊലപ്പെടുത്തിയത്. 26 സാധാരണക്കാർ മരിച്ച പഹൽഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഈ സംഘടന ഏറ്റെടുത്തിരുന്നു.












Click it and Unblock the Notifications