ഏറ്റുമുട്ടല്‍ കൊലപാതകം; 43 യുപി പൊലീസുകാര്‍ക്ക് ഏഴ് വര്‍ഷം കഠിനതടവ്, ജീവപര്യന്തം ഒഴിവാക്കി
ലഖ്‌നൗ: പിലിബിത്തില്‍ 10 പേരെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ 43 യു പി പൊലീസുകാര്‍ കുറ്റക്കാര്‍ തന്നെ എന്ന് അലഹാബാദ് ഹൈക്കോടതി. അതേസമയം നേരത്തെ ഇവര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച ലഖ്നൗ സി ബി ഐ കോടതിയുടെ 2016 ലെ ഉത്തരവ് റദ്ദാക്കി അലഹാബാദ് ഹൈക്കോടതി ശിക്ഷ ഏഴ് വര്‍ഷത്തെ കഠിന തടവാക്കി ഇളവ് ചെയ്തു. 1991 ല്‍ ആണ് 10 സിഖുകാരെ പിലിഭിത്തില്‍ യു പി പൊലീസ് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത്.
പ്രതികള്‍ വലിയ കുറ്റവാളി ആണ് എന്നത് കൊണ്ട് മാത്രം അവരെ കൊല്ലുക എന്നത് പൊലീസ് ഉദ്യോഗസ്ഥരുടെ കടമയല്ല എന്നും പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്ത് വിചാരണയ്ക്ക് വിടണം എന്നും ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസ് രമേഷ് സിന്‍ഹ, ജസ്റ്റിസ് സരോജ് യാദവ് എന്നിവരടങ്ങിയ ബെഞ്ച് ആണ് കേസ് പരിഗണിച്ചത്. അതേസമയം ഇവരുടേത് കൊലപാതകത്തിന് തുല്യമല്ലാത്ത നരഹത്യയാണ് എന്നും കോടതി നിരീക്ഷിച്ചു.

നിയമാനുസൃതവും കര്‍ത്തവ്യ നിര്‍വഹണത്തിന് ആവശ്യവുമാണെന്ന് വിശ്വസിച്ച് ചെയ്ത പ്രവൃത്തിയാണ് മരണത്തിന് കാരണമായത്. അത്തരം സാഹചര്യങ്ങളില്‍, പരാതിക്കാര്‍ ചെയ്ത കുറ്റം കൊലപാതകത്തിന് തുല്യമല്ലാത്ത മനഃപൂര്‍വമായ നരഹത്യയാണ് എന്നാണ് ഹൈക്കോടതി പറഞ്ഞത്. സിബിഐ കോടതി 47 പൊലീസുകാരെ ആണ് കുറ്റക്കാരായി കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇതിനെതിരെ പൊലീസുകാര്‍ അപ്പീല്‍ നല്‍കുകയായിരുന്നു. ഇതിനിടെ നാല് പൊലീസുകാര്‍ മരിച്ചു.
സുപ്രീംകോടതിയുടെ ഉത്തരവ് അനുസരിച്ച് ആണ് സിബിഐ കേസ് അന്വേഷിച്ചത്. 'തീവ്രവാദികളെ' കൊന്നതിന് അവാര്‍ഡും അംഗീകാരവും നേടാനായിരുന്നു കൊലപാതകം എന്നായിരുന്നു സി ബി ഐ കണ്ടെത്തല്‍. സംസ്ഥാനത്തെ തെരായ് മേഖലയില്‍ തീവ്രവാദവുമായി ബന്ധപ്പെട്ട കേസുകളുടെ വര്‍ധനവിന് സാക്ഷ്യം വഹിച്ച കാലത്തായിരുന്നു ഈ കേസ് ആരംഭിക്കുന്നത്.
1991 ജൂലായ് 12നായിരുന്നു കേസിനാസ്പദമായ സംഭവം. ബസില്‍ യാത്ര ചെയ്യുകയായിരുന്ന സിഖ് തീര്‍ഥാടകരെ ഖലിസ്ഥാനി ഭീകരരെന്ന് ആരോപിച്ച് യു പി പൊലീസ് കൊലപ്പെടുത്തി എന്നായിരുന്നു കേസ്. സിഖ് തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് തടഞ്ഞ് നിര്‍ത്തിയ പൊലീസ് സംഘം 10 പേരെ ബലം പ്രയോഗിച്ച് പുറത്തേക്കിറക്കുകയായിരുന്നു. ബസിലുണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയും പിലിഭിത്തിലെ ഗുരുദ്വാരയിലേക്ക് കൊണ്ടുപോയി.
പുരുഷന്മാരെ മറ്റൊരു വാഹനത്തിലാക്കുകയും ചെയ്തു. പിന്നീട് കൂടുതല്‍ പൊലീസ് എത്തിയശേഷം ഇവരെ വനത്തിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് ജൂലായ് 12, 13 ദിവസങ്ങളില്‍ ഇവരെ വെടിവെച്ചുകൊല്ലുകയായിരുന്നു എന്നാണ് സി ബി ഐ കണ്ടെത്തിയിരുന്നത്. 10 പേരില്‍ നിന്ും ഇവരുടെ പക്കല്‍ നിന്ന് ആയുധങ്ങളും മറ്റും കണ്ടെടുത്തതായി പൊലീസ് അവകാശപ്പെട്ടിരുന്നു.












Click it and Unblock the Notifications