രണ്ട് ഭീകരര്‍ ഒളിഞ്ഞിരിക്കുന്നതായി വിവരം, ശ്രീനഗറില്‍ ഏറ്റുമുട്ടല്‍; പ്രദേശം വളഞ്ഞ് സൈന്യം
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഹര്‍വാന്‍ മേഖലയില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. സൈന്യത്തിന്റെ പതിവ് പരിശോധനയ്ക്കിടെ രണ്ട് ഭീകരര്‍ ഒളിഞ്ഞിരിക്കുന്നു എന്ന് വ്യക്തമായതിന് പിന്നാലെയാണ് ഏറ്റുമുട്ടലുണ്ടായത് എന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പ്രദേശത്ത് അജ്ഞാത സംഘത്തിന്റെ സാന്നിധ്യമുണ്ടെന്ന രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് സൈന്യം തിരച്ചില്‍ ആരംഭിച്ചത്.
ജമ്മു കശ്മീര്‍ പൊലീസിന്റെയും സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സിന്റെയും (സി ആര്‍ പി എഫ്) സംയുക്ത സംഘം തിരച്ചില്‍ ആരംഭിച്ചതിന് പിന്നാലെയാണ് വെടിവയ്പ്പുണ്ടാകുകയായിരുന്നു എന്നാണ് വിവരം. ഹര്‍വാന്‍ ട്രാല്‍ ആക്‌സിസിന്റെ മുകളിലെ പര്‍വതനിരയില്‍ ആണ് സൈന്യം ഓപ്പറേഷന്‍ ആരംഭിച്ചിരിക്കുന്നത്. ഇതുവരെ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല.

ഈ മാസം ആദ്യം ശ്രീനഗര്‍ ഖന്യാറില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടിരുന്നു. അതിനിടെ, നവംബര്‍ മൂന്നിന് ശ്രീനഗറിലെ ലാല്‍ ചൗക്കിന് സമീപമുള്ള പ്രദേശമായ ടിആര്‍സിക്ക് സമീപം അജ്ഞാതര്‍ ഗ്രനേഡ് എറിഞ്ഞ സംഭവത്തില്‍ 12 സാധാരണക്കാര്‍ക്ക് പരിക്കേറ്റിരുന്നു. കനത്ത സുരക്ഷയുള്ള ടൂറിസ്റ്റ് റിസപ്ഷന്‍ സെന്ററിന് (ടി ആര്‍ സി) സമീപമായിരുന്നു ആക്രമണം.
പ്രദേശം പൂര്‍ണ്ണമായും സൈന്യം വളഞ്ഞിരിക്കുകയാണ് എന്നും എല്ലാ പ്രവേശന മാര്‍ഗങ്ങളും അടച്ചിരിക്കുകയാണ് എന്നുമാണ് ഔദ്യോഗിക വൃത്തങ്ങള്‍ ഉദ്ധരിച്ച് ദി ഗ്രേറ്റര്‍ കാശ്മീര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.












Click it and Unblock the Notifications