കോയമ്പത്തൂരില്‍ കാര്‍ പൊട്ടിത്തെറിച്ച് യുവാവ് കൊല്ലപ്പെട്ടു; ദുരൂഹത, സുരക്ഷ ശക്തമാക്കി പൊലീസ്
കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ ഓടുന്ന കാറിനുള്ളിലുണ്ടായ സ്‌ഫോടനത്തില്‍ യുവാവ് കൊല്ലപ്പെട്ടു. കോട്ടമേട് സംഗമേശ്വര്‍ ക്ഷേത്രത്തിന് മുന്നിലുണ്ടായ കാര്‍ സ്‌ഫോടനത്തിലാണ് യുവാവ് മരിച്ചത്. കാറിനുള്ളിലുണ്ടായിരുന്ന എല്‍ പി ജി സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഉക്കടം ജി എം നഗറില്‍ താമസിക്കുന്ന എന്‍ജിനിയറിംഗ് ബിരുദധാരിയായ ജമേഷ മുബിന്‍ ( 25 ) ആണ് മരിച്ചത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

യുവാവിന്റെ മരണം ചാവേറാക്രമണമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇപ്പോള്‍ മരിച്ച യുവാവിനെ 2019ല്‍ ഐ എസ് ബന്ധം സംശയിച്ച് എന്‍ ഐ എ ചോദ്യം ചെയ്തിരുന്നു. സ്‌ഫോടനത്തിന് ശേഷവും പൊലീസ് ഇയാളുടെ വീട്ടില്‍ പരിശോധന നടത്തി. പരിശോധനയില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കോട്ടായി ഈശ്വരന്‍ ക്ഷേത്രത്തിന് സമീപത്തെ കടകളെല്ലാം അടച്ചിട്ടിരിക്കുകയാണ്.
എഡിജിപി പി താമരൈ കണ്ണന്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. തെളിവെടുപ്പ് നടപടികള്‍ പുരോഗമിക്കുകയാണെന്നും വൈകുന്നേരത്തോടെ വ്യക്തമായ ചിത്രം പുറത്തുവരുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ കാര്‍ രണ്ടായി തകര്‍ന്നു. കാറില്‍ പൊട്ടാത്ത മറ്റൊരു എല്‍ പി ജി സിലിണ്ടര്‍, സ്റ്റീല്‍ ബോളുകള്‍, ഗ്ലാസ് കല്ലുകള്‍, അലൂമിനിയം, ഇരുമ്പ് എന്നിവയും കണ്ടെടുത്തിട്ടു്ണ്ട്. സ്‌ഫോടത്തിന്റെ ആഘാതത്തില്‍ ക്ഷേത്രത്തിലെ കവാടത്തിലെ താല്‍ക്കാലിക ഷെല്‍ട്ടര്‍ തകര്‍ന്നു.
സംഭവം അപകടമാണോ ഗൂഡാലോചനയാണോ എന്നറിയാന്‍ അന്വേഷണം നടക്കുകയാണ്. ചെന്നൈയില്‍ നിന്നുള്ള ഫോറന്‍സിക് വിദഗ്ദരുടെ ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്‌പോസല്‍ സ്‌ക്വാഡ് സ്ഥലത്തെത്തിയിട്ടുണ്ട്. ഗ്യാസ് സിലിണ്ടറുകളുടെ ഉറവിടം കണ്ടെത്താന്‍ പൊലീസ് ശ്രമിക്കുന്നുണ്ട്. പൊള്ളാച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത കാറാണ് പൊട്ടിത്തെറിച്ചത്. ക്ഷേത്രത്തിന് സമീപം മില്‍ക്ക് ബൂത്ത് നടത്തുന്ന പ്രദേശവാസിയായ സെന്തില്‍ കണ്ണന്‍ പുലര്‍ച്ചെ നാല് മണിയോടെ കട തുറക്കാന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോഴാണ് കാര്‍ പൊട്ടിത്തെറിക്കുന്നത് കണ്ടതെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications