ഒരാളും പട്ടിണി കിടക്കരുത്, ഉത്തരവാദിത്തം കേന്ദ്രത്തിന്; നിര്‍ദേശവുമായി സുപ്രീംകോടതി
ന്യൂദല്‍ഹി: രാജ്യത്ത് ആരും പട്ടിണി കിടക്കുന്നില്ല എന്ന് ഉറപ്പാക്കേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ് എന്ന് സുപ്രീംകോടതി. ആരും ഒഴിഞ്ഞ വയറുമായി ഉറങ്ങുന്നില്ല എന്ന് ഉറപ്പാക്കേണ്ടത് നമ്മുടെ സംസ്‌കാരമാണെന്നും ദേശീയ ഭക്ഷ്യസുരക്ഷാ നിയമം പ്രകാരമുള്ള ഭക്ഷ്യധാന്യങ്ങള്‍ അവസാനമനുഷ്യനിലേക്കും എത്തുന്നുണ്ടോ എന്ന് പരിശോധിക്കണം എന്ന് സുപ്രീം കോടതി പറഞ്ഞു.
ജസ്റ്റിസുമാരായ എം ആര്‍ ഷാ, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദേശം. ഇഷ്റാം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത കുടിയേറ്റക്കാരുടെയും അസംഘടിത മേഖലയിലെ തൊഴിലാളികളുടെയും പുതിയ പട്ടിക സമര്‍പ്പിക്കാനും സുപ്രീംകോടതി കേന്ദ്രത്തോട് നിര്‍ദ്ദേശിച്ചു.

ഭക്ഷ്യസുരക്ഷാ നിയമത്തിന് കീഴിലുള്ള ഭക്ഷ്യധാന്യങ്ങള്‍ അവസാനത്തെ മനുഷ്യരിലും എത്തുന്നുവെന്ന് ഉറപ്പാക്കേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ കടമയാണ്. കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്ന് ഞങ്ങള്‍ പറയുന്നില്ല, കൊവിഡ് കാലത്ത് ജനങ്ങള്‍ക്ക് ഭക്ഷ്യധാന്യം ഉറപ്പാക്കിയത് കേന്ദ്രമാണ്. അത് തുടരുന്നത് കാണണം, സുപ്രീംകോടതി പറഞ്ഞു. 2011 ലെ സെന്‍സസിന് ശേഷം രാജ്യത്തെ ജനസംഖ്യ വര്‍ധിച്ചുവെന്നും എന്‍ എഫ് എസ് എയുടെ പരിധിയില്‍ വരുന്ന ഗുണഭോക്താക്കളുടെ എണ്ണവും വര്‍ദ്ധിച്ചു എന്ന് അഡ്വ. പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

നിയമം ഫലപ്രദമായി നടപ്പാക്കിയില്ലെങ്കില്‍ യോഗ്യരായ ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം നഷ്ടപ്പെടും. സമീപ വര്‍ഷങ്ങളില്‍ ആളുകളുടെ പ്രതിശീര്‍ഷ വരുമാനം വര്‍ധിച്ചതായാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നത് എന്നും എന്നാല്‍ ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ അതിവേഗം പിന്നിലാണ് എന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. 14 സംസ്ഥാനങ്ങള്‍ തങ്ങളുടെ ഭക്ഷ്യധാന്യ വിഹിതം തീര്‍ന്നുവെന്ന് കാണിച്ച് സത്യവാങ്മൂലം സമര്‍പ്പിച്ചതായി അദ്ദേഹം പറഞ്ഞു.

അതേസമയം എന്‍ എഫ് എസ് എയ്ക്ക് കീഴില്‍ 81.35 കോടി ഗുണഭോക്താക്കള്‍ ഉണ്ടെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി പറഞ്ഞു. 2013ല്‍ ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നിലവില്‍ വന്നതിന് ശേഷം ഇന്ത്യയിലെ ആളോഹരി വരുമാനം യഥാര്‍ത്ഥത്തില്‍ 33.4 ശതമാനം വര്‍ധിച്ചതായി കേന്ദ്രം നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

എന്നാല്‍ വികസനം ഉണ്ടായിട്ടും പൗരന്മാര്‍ പട്ടിണി മൂലം മരിക്കുന്നുവെന്നും കുടിയേറ്റ തൊഴിലാളികള്‍ക്ക് പരമാവധി റേഷന്‍ നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ മാര്‍ഗങ്ങള്‍ രൂപീകരിക്കണമെന്നും സുപ്രീംകോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. കേസ് ഡിസംബര്‍ എട്ടിന് വീണ്ടും പരിഗണിക്കും.












Click it and Unblock the Notifications