പിഎഫ് പണം ഇനി യുപിഐ വഴി ഒറ്റ ക്ലിക്കിൽ കിട്ടുമോ? പ്രചരിക്കുന്ന വാർത്തകളുടെ സത്യാവസ്ഥ ഇതാണ്
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ കൊണ്ടുവരാൻ പോകുന്ന ഏറ്റവും പുതിയ പരിഷ്കരണമായ ഇപിഎഫ്ഒ 3.0 യെക്കുറിച്ച് രാജ്യത്തെ ശമ്പളക്കാരായ ജീവനക്കാർക്കിടയിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. യുപിഐ വഴിയും എടിഎം പോലെയുള്ള സംവിധാനങ്ങളിലൂടെയും പിഎഫ് അക്കൗണ്ടിലെ പണം "ഉടൻ തന്നെ" കൈകളിൽ എത്തും എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 30 കോടിയിലധികം വരുന്ന ഇപിഎഫ് അംഗങ്ങൾക്ക് സേവനങ്ങൾ കൂടുതൽ വേഗത്തിലാക്കാൻ ഈ പുതിയ അപ്‌ഗ്രേഡ് സഹായിക്കുമെന്നത് സത്യമാണെങ്കിലും, നിലവിൽ പ്രചരിക്കുന്ന പല വാർത്തകളും തെറ്റായ വിവരങ്ങൾ അടങ്ങിയതോ കൃത്യമായ വ്യക്തതയില്ലാത്തതോ ആണ്.
ഈ പുതിയ സംവിധാനം പണം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറുന്നതിനുള്ള വേഗത കൂട്ടുക മാത്രമാണ് ചെയ്യുന്നത്; അല്ലാതെ പണം പിൻവലിക്കാനുള്ള യോഗ്യതകളിലോ നിയമങ്ങളിലോ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. കൃത്യമായ രേഖകൾ ഉണ്ടെങ്കിൽ മാത്രമേ നിങ്ങളുടെ ക്ലെയിമുകൾ പാസാവുകയുള്ളൂ. ഇപിഎഫ്ഒ 3.0 യെക്കുറിച്ച് പ്രചരിക്കുന്ന പ്രധാനപ്പെട്ട ചില തെറ്റായ ധാരണകളും അവയുടെ യഥാർത്ഥ വസ്തുതകളും അറിയാം.
യുപിഐ വഴിയുള്ള പിഎഫ് പിൻവലിക്കൽ ഇപ്പോൾ ലഭ്യമാണ്
വസ്തുത: യുപിഐ, എടിഎം ചാനലുകൾ വഴി ഭാവിയിൽ വരിക്കാർക്ക് പണം പിൻവലിക്കാൻ സാധിക്കുമെന്ന് ഇപിഎഫ്ഒ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഈ സംവിധാനം നിലവിൽ ലൈവ് ആയിട്ടില്ല. ഇതിന്റെ ഔദ്യോഗിക ലോഞ്ച് തീയതി ഇപിഎഫ്ഒ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലാത്തതിനാൽ, നിലവിലുള്ള ക്ലെയിം രീതികൾ വഴി മാത്രമേ ഇപ്പോൾ പണം പിൻവലിക്കാൻ സാധിക്കൂ.
നിങ്ങളുടെ മുഴുവൻ പിഎഫ് തുകയും പെട്ടെന്ന് പിൻവലിക്കാം
വസ്തുത: പുതിയ യുപിഐ സംവിധാനം പണം കൈമാറുന്ന രീതി മാത്രമാണ് മാറ്റുന്നത്. നിലവിലുള്ള പിഎഫ് നിയമങ്ങൾ അനുസരിച്ച് നിങ്ങൾക്ക് എത്ര തുകയ്ക്കാണ് ഭാഗികമായി അർഹതയുണ്ടോ അത് മാത്രമേ പിൻവലിക്കാൻ സാധിക്കൂ. യുപിഐ ഇടപാടുകൾക്കായി പ്രത്യേക പരിധികളൊന്നും നിശ്ചയിച്ചിട്ടില്ല.

ഇപിഎഫ്ഒ 3.0 എന്നത് വെറും വേഗത്തിലുള്ള പിൻവലിക്കൽ മാത്രമാണ്
വസ്തുത: ഇതൊരു സാങ്കേതിക നവീകരണമാണ്. ബാങ്കിംഗ് മാതൃകയിലുള്ള അത്യാധുനിക ഐടി പ്ലാറ്റ്‌ഫോമിലേക്കാണ് ഇപിഎഫ്ഒ മാറുന്നത്. ഓട്ടോ സെറ്റിൽമെന്റ് പരിധി 5 ലക്ഷം രൂപയായി ഉയർത്തുക, കേന്ദ്രീകൃത പെൻഷൻ പേയ്‌മെന്റ് സിസ്റ്റം, തൊഴിലുടമകൾക്ക് റിട്ടേൺ സമർപ്പിക്കുന്നത് എളുപ്പമാക്കുക എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്.
നിലവിലുള്ള പിഎഫ് അംഗങ്ങൾ പുതിയ അക്കൗണ്ട് തുറക്കണം
വസ്തുത: പുതിയ ഇപിഎഫ് സ്കീം 2026 നിലവിൽ വരുമ്പോൾ നിലവിലുള്ള അക്കൗണ്ടുകൾക്ക് യാതൊരു തടസ്സവും ഉണ്ടാകില്ല. 1952-ലെ പഴയ സ്കീമിന് കീഴിലുള്ള ജീവനക്കാരുടെ അക്കൗണ്ടുകളും അവരുടെ സമ്പാദ്യങ്ങളും സുരക്ഷിതമായി പുതിയ സംവിധാനത്തിലേക്ക് തനിയെ മാറിക്കൊള്ളും.
നിർബന്ധിത പിഎഫ് വിഹിതത്തിൽ മാറ്റമുണ്ട്
വസ്തുത: മാസ ശമ്പളത്തിന്റെ 12 ശതമാനം വീതം ജീവനക്കാരനും തൊഴിലുടമയും പിഎഫിലേക്ക് നൽകണം എന്ന നിയമത്തിൽ മാറ്റമില്ല. കൂടുതൽ തുക സമ്പാദിക്കാൻ ആഗ്രഹിക്കുന്നവർക്ക് വോളന്ററി പ്രൊവിഡന്റ് ഫണ്ട് (VPF) വഴി കൂടുതൽ വിഹിതം നൽകാം.
പുതിയ സിസ്റ്റം വന്നാൽ ക്ലെയിമുകൾ റിജക്റ്റ് ആകില്ല
വസ്തുത: നിങ്ങളുടെ കെവൈസി രേഖകളിലെ തെറ്റുകളാണ് ക്ലെയിമുകൾ നിരസിക്കപ്പെടാനുള്ള പ്രധാന കാരണം. ആധാർ, പാൻ, യു.എ.എൻ , ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, പേര്, ജനനത്തീയതി എന്നിവയിലെ അക്ഷരത്തെറ്റുകൾ കാരണം 2024-25 കാലയളവിൽ അഞ്ചിൽ ഒന്ന് ക്ലെയിമുകൾ വീതം തള്ളിക്കളഞ്ഞിട്ടുണ്ട്. സാങ്കേതികവിദ്യ മാറിയാലും നിങ്ങളുടെ രേഖകൾ കൃത്യമല്ലെങ്കിൽ ക്ലെയിം നിരസിക്കപ്പെടും.
ചുരുക്കത്തിൽ, ഇപിഎഫ്ഒ 3.0 സേവനങ്ങൾ കൂടുതൽ വേഗത്തിലാക്കുമെങ്കിലും, രേഖകളിലെ കൃത്യത തന്നെയാണ് ഏറ്റവും പ്രധാനം. പുതിയ യുപിഐ സൗകര്യം വരുന്നതിന് മുൻപ് നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും വ്യക്തിഗത രേഖകളും കൃത്യമായി അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.












Click it and Unblock the Notifications