PF അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ പുതിയ ആപ്പ്; പഴയ സൗകര്യം നിര്‍ത്തിയോ? അറിയാം
യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (UPI) വഴി പ്രോവിഡന്റ് ഫണ്ട് തൽക്ഷണം പിൻവലിക്കാൻ സഹായിക്കുന്ന ഒരു പുതിയ മൊബൈൽ ആപ്പ് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO) അവതരിപ്പിക്കുന്നു. ഇത് പിൻവലിക്കൽ പ്രക്രിയ വേഗത്തിലാക്കാനും ലളിതമാക്കാനും ഫണ്ടുകളിലേക്ക് എളുപ്പത്തിൽ പ്രവേശനം സാധ്യമാക്കാനും വഴിയൊരുക്കും.
പുതിയ പിൻവലിക്കൽ സൗകര്യം ഉടൻ ലഭ്യമാവുമെന്ന് സിഎൻബിസി-ടിവി18 റിപ്പോർട്ട് ചെയ്തു. ഇതിലൂടെ, പിഎഫ് ബാലൻസിന്റെ 75 ശതമാനം വരെ UPI ഉപയോഗിച്ച് പിൻവലിക്കാം. ആപ്ലിക്കേഷൻ ഏപ്രിലിൽ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ. പുതിയ മൊബൈൽ ആപ്പിലൂടെയും ഇപിഎഫ്ഒ പോർട്ടൽ വിൻഡോ വഴിയും ഈ സേവനം ലഭ്യമാകും.

നിലവിലെ ഇപിഎഫ് നിയമങ്ങൾ പ്രകാരം, ലഭ്യമായ ബാലൻസിന്റെ 75 ശതമാനം തുക ഉടനടി പിൻവലിക്കാം. എന്നാൽ, ഒരു വർഷത്തിൽ കൂടുതൽ തൊഴിലില്ലാത്തവർക്ക് മാത്രം മുഴുവൻ ഫണ്ടും പിൻവലിക്കാൻ അനുമതിയുള്ളൂ. മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ ജോലി ഇല്ലാതായാല്‍ പെന്‍ഷന്‍ ഫണ്ടും പിന്‍വലിക്കാം. പുതിയ ആപ്പ് ഈ പ്രക്രിയ എളുപ്പമാക്കും, നിലവിലെ നിയമങ്ങളിൽ മാറ്റം വരുത്തില്ല.
രോഗം, വിദ്യാഭ്യാസം, വിവാഹം, ഭവന നിർമ്മാണം പോലുള്ള കാരണങ്ങൾ പണം പിൻവലിക്കാൻ അനുമതി നല്കുന്നതാണ്. ഓരോ കാരണത്തിനും അനുവദിക്കുന്ന തുക വ്യത്യാസമയിരിക്കും. തുക പിഎഫ് അക്കൗണ്ടുമായി ബന്ധിപ്പിച്ച സേവിംഗ്‌സ് ബാങ്കിലേക്ക് കൈമാറും. യുപിഐ പിൻ ഉപയോഗിച്ച് ഇടപാട് ആധികാരികമാക്കും; യുപിഐ പേയ്‌മെന്റ് ഗേറ്റ്‌വേ വഴി തൽക്ഷണ തീർപ്പാക്കൽ സാധ്യമാകും.
പൊതുജനങ്ങൾക്ക് ലഭ്യമാക്കും മുമ്പ് ഇപിഎഫ്ഒ നൂറോളം ഡമ്മി അക്കൗണ്ടുകൾ ഉപയോഗിച്ച് മൊബൈൽ ആപ്പ് പരിശോധിക്കുകയാണ്. സാങ്കേതിക തകരാറുകൾ കണ്ടെത്താനും സ്ഥിരത മെച്ചപ്പെടുത്താനുമാണിത്. UAN പോർട്ടലും UMANG ആപ്പും നിലവിൽ പ്രവർത്തിക്കുന്നത് തുടരും. പുതിയ ആപ്പ് ഈ പ്ലാറ്റ്‌ഫോമുകൾക്ക് പകരമല്ല.
പിൻവലിക്കലിന് പുറമെ, പുതിയ ആപ്പിലൂടെയും പോർട്ടൽ വിൻഡോയിലൂടെയും അംഗങ്ങൾക്ക് ഇപിഎഫ് പാസ്ബുക്ക് ബാലൻസ് പരിശോധിക്കാനും മറ്റ് അക്കൗണ്ട് സംബന്ധമായ സേവനങ്ങൾ പ്രയോജനപ്പെടുത്താനും കഴിയും.
പിഎഫിലെ പണം എടിഎം വഴി പിന്‍വലിക്കാന്‍ ഏപ്രില്‍ മുതല്‍ അവസരമുണ്ടാകും. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ബാങ്കുകളുമായി ചര്‍ച്ച നടത്തി. പിഎഫില്‍ നിന്ന് പണം പിന്‍വലിക്കുന്നത് നേരത്തെ സങ്കീര്‍ണമായ നടപടിയായിരുന്നു. ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം ലഭിച്ചതോടെ അടുത്ത കാലത്ത് പ്രയാസങ്ങള്‍ നീങ്ങിയിട്ടുണ്ട്. ഇനിയും കൂടുതല്‍ ലഘൂകരണം ലക്ഷ്യമിട്ടാണ് എടിഎം വഴിയുള്ള പിന്‍വലിക്കല്‍ വരുന്നത്.












Click it and Unblock the Notifications