തുല്യതയും സ്ത്രീ സുരക്ഷയും ഔദാര്യമല്ല, നിർഭയയ്ക്ക് ശേഷം രാജ്യ തലസ്ഥാനം എത്തി നിൽക്കുന്നതെവിടെ?

2012ലാണ് രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെ തെരുവില്‍ ഓടുന്ന ബസ്സില്‍ വെച്ച് നിര്‍ഭയ എന്ന പെണ്‍കുട്ടി അതിക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. രാജ്യമൊട്ടാകെ പ്രതിഷേധമിരമ്പി. ഇന്ത്യാഗേറ്റില്‍ നൂറായിരം മെഴുകുതിരികള്‍ കത്തിയെരിഞ്ഞു. രാജ്യം സ്വാതന്ത്ര്യം നേടി അരനൂറ്റാണ്ടിലധികം പിന്നിട്ടിട്ടും സ്ത്രീ സുരക്ഷ എന്നതൊരു സങ്കൽപ്പം മാത്രമാണെന്ന് അടിവരയിട്ടതായിരുന്നു നിര്‍ഭയ സംഭവം.

അതിന് ശേഷം സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ രാജ്യത്തെ നിയമങ്ങളില്‍ മാറ്റങ്ങള്‍ വന്നു, കുറ്റകൃത്യങ്ങള്‍ക്കുളള ശിക്ഷ കൂട്ടി, വിചാരണയ്ക്ക് ഫാസ്റ്റ് ട്രാക്ക് കോടതികള്‍ വന്നു. എന്നിട്ടെന്തുണ്ടായി? നിര്‍ഭയയ്ക്ക് ശേഷമുളള ഈ 14 വര്‍ഷക്കാലം സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ എന്ത് മാറ്റമാണ് ഉണ്ടായിട്ടുളളത് എന്നറിയണമെങ്കില്‍ ഡല്‍ഹിയിലെ തെരുവുകളിലേക്ക് നോക്കിയാല്‍ മതി.

പോസ്റ്ററുകളും പ്ലക്കാര്‍ഡുകളുമേന്തി, മുദ്രാവാക്യം വിളികളോടെ 'രാജ്യത്തിന്റെ പെണ്‍മക്കള്‍' തെരുവില്‍ സമരത്തിലാണ്. ഭരണഘടന ഉറപ്പ് നല്‍കുന്ന അടിസ്ഥാന അവകാശങ്ങള്‍ക്ക് വേണ്ടിയാണ് ഈ പെണ്‍കുട്ടികള്‍ക്ക് ഈ 2026ലും തെരുവിലേക്ക് ഇറങ്ങേണ്ടി വരുന്നത് എന്നതാണ് ദയനീയം. ഇഷ്ടമുളള വസ്ത്രം ധരിക്കാനും ഇഷ്ടമുളള ഇടത്തേക്ക് ഇഷ്ടമുളള സമയത്ത് യാത്ര ചെയ്യാനുമുളള സ്വാതന്ത്ര്യം പെണ്‍കുട്ടികളെ സംബന്ധിച്ച് ഇന്നും സമരം ചെയ്ത് നേടിയെടുക്കേണ്ട അവകാശങ്ങളാണോ എന്നത് വലിയൊരു ചോദ്യ ചിഹ്നമായി ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന് മുന്നില്‍ നില്‍ക്കുന്നു.

സ്ത്രീ പീഡനങ്ങളുടെ എണ്ണം പെരുകുമ്പോള്‍ ഇന്നും ഉയര്‍ന്ന് കേള്‍ക്കുന്ന ചോദ്യങ്ങളിലൊന്ന് പെണ്‍കുട്ടി ധരിച്ചിരിക്കുന്ന വസ്ത്രത്തെ കുറിച്ചും പുറത്തിറങ്ങിയ സമയത്തെ കുറിച്ചുമൊക്കെയാണ് എന്നത് 2012ല്‍ നിന്നും നാം ഒരു സമൂഹമെന്ന നിലയില്‍ ഏറെയൊന്നും മെച്ചപ്പെട്ടിട്ടില്ലെന്ന് തന്നെയാണ് തെളിയിക്കുന്നതെന്നതിൽ സംശയമില്ല. അതിലും പരിഹാസ്യം, രാത്രി 7 മണിക്ക് ശേഷം പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റലുകളില്‍ നിന്ന് പുറത്തിറങ്ങാനുളള അനുവാദം നിഷേധിക്കുകയും പാര്‍ക്കുകളില്‍ പ്രവേശനം വിലക്കുകയും ചെയ്യുന്ന ഭരണാധികാരികളുടെ നീക്കങ്ങളാണ്. സ്ത്രീകള്‍ സുരക്ഷിതരല്ല എന്നത് സ്ത്രീകളുടെ തന്നെ കുറ്റമാകുന്ന വിരോധാഭാസം! ഇത് അനുവദിക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നൂറ് കണക്കിന് പെണ്‍കുട്ടികള്‍ സമരവുമായി റോഡിലിറങ്ങിയത്.

Equality

ഡല്‍ഹിയില്‍ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് 13ലധികം പീഡന, ലൈംഗികാതിക്രമ കേസുകളാണ്. നോര്‍ത്ത് ഡല്‍ഹിയില്‍ കൗമാരക്കാരി കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം മുതല്‍ ഏറ്റവും ഒടുലില്‍ ആസ്ത കുഞ്ച് പാര്‍ക്കില്‍ തന്റെ 17ാം ജന്മദിനത്തില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായത് വരെ നീളുന്നു ഡല്‍ഹിയില്‍ ഒരു മാസത്തിനിടെ ഉണ്ടായ പീഡന പരമ്പരകള്‍.

ഈ കേസുകളില്‍ കൂടുതലിലും പീഡനത്തിന് ഇരയായിരിക്കുന്നത് കുട്ടികളും കൗമാരക്കാരും ആണെന്നത് ഞെട്ടിക്കുന്നതാണ്. വീടുകളില്‍, അയല്‍പക്കങ്ങളില്‍, പാര്‍ക്കുകളില്‍, ഹോട്ടലുകളില്‍.. എവിടെ ആര്‍ക്കൊപ്പമാണ് ഒരു പെണ്‍കുട്ടി സുരക്ഷിത എന്ന അതിശയോക്തി കലര്‍ന്നതെന്ന് ചിലര്‍ക്കെങ്കിലും തോന്നാവുന്ന ചോദ്യമാണ് ഡല്‍ഹിയില്‍ നടക്കുന്ന സംഭവ വികാസങ്ങള്‍ ഉയര്‍ത്തുന്നത്. സെപ്റ്റംബര്‍ മാസം തുടങ്ങിയത് തന്നെ 5 വയസ്സുകാരിയായ പെണ്‍കുട്ടിയുടെ പീഡനവാര്‍ത്തയോടെയാണ്.

സെപ്റ്റംബര്‍ 2, ഗുഡ്ഗാവ്- ഉർദു പഠിക്കാൻ പോയ അഞ്ചുവയസ്സുകാരിയെ വീട്ടിനുള്ളിൽ വെച്ച് പീഡിപ്പിച്ച കേസില് 61കാരൻ അറസ്റ്റിലായി. സെക്ടർ 28-ലാണ് ഈ സംഭവം. കുട്ടി വീട്ടിൽ തിരിച്ചെത്തിയത് രക്തസ്രാവത്തോടെയാണെന്നാണ് പോലീസ് പറഞ്ഞത്.

സെപ്റ്റംബർ 2, ഗാസിയാബാദ്: ലോണിയിലെ ട്രോണിക സിറ്റിയിലുള്ള വിജനമായ ഒരു വീട്ടിലേക്ക് പ്രലോഭിപ്പിച്ചു കൂട്ടിക്കൊണ്ടുപോയി 14ഉം 15ഉം വയസ്സുള്ള രണ്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കൂട്ടമാനഭംഗത്തിന് ഇരയാക്കി. പോലീസുമായുള്ള ഏറ്റുമുട്ടലിനൊടുവിൽ രണ്ട് പ്രതികൾ പിടിയിലായി.

സെപ്റ്റംബർ 3, ഗാസിയാബാദ്: ജോലി വാഗ്ദാനം ചെയ്ത് ഹോട്ടലിലെത്തിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

സെപ്റ്റംബർ 6, ഡൽഹി: മയക്കുമരുന്ന് നൽകി പീഡിപ്പിക്കപ്പെട്ടു എന്ന് ആരോപിച്ച് ഒരു യുവതി പോലീസിനെ സമീപിച്ചു. സംഭവവുമായി ബന്ധപ്പെട്ട വീഡിയോ ഇന്റർനെറ്റിൽ പ്രചരിച്ചിരുന്നു.

സെപ്റ്റംബർ 10, വെസ്റ്റ് ഡൽഹി: രൻഹോളയിൽ വെച്ച് സ്‌കൂൾ ക്യാബ് ഡ്രൈവർ നാല് വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. പെൺകുട്ടി തന്നെയാണ് അമ്മയോട് വിവരം പറഞ്ഞത്. സംഭവത്തിൽ പൊലീസ്‌ പോക്‌സോ കേസെടുത്തു.

സെപ്റ്റംബർ 10, പശ്ചിമ ഡൽഹി: നിഹാൽ വിഹാറിൽ ഏഴ് വയസ്സുകാരനായ ആൺകുട്ടിയെ അയൽവാസി ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. തുടർന്ന് പോക്സോ ചുമത്തി കേസ് രജിസ്റ്റർ ചെയ്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

സെപ്റ്റംബർ 10, വടക്കൻ ഡൽഹി: സ്വരൂപ് നഗറിൽ 12 വയസ്സുള്ള പെൺകുട്ടിയെ 33 വയസ്സുള്ള ബന്ധു പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

സെപ്റ്റംബർ 10, നരേല: എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ 13 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പ്രായപൂർത്തിയാകാത്ത ആൺകുട്ടി പീഡിപ്പിച്ചതായി പരാതി. അക്രമം ചിത്രീകരിച്ച ശേഷം സംഭവം പുറത്തുപറഞ്ഞാൽ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ആൺകുട്ടിയുടെ കൂട്ടുകാർ പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

സെപ്റ്റംബർ 12, സ്വരൂപ് നഗർ: സുഹൃത്തിനെ കാണാൻ പോയ 16കാരിയെ മൂന്ന് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ നാല് യുവാക്കൾ ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. പെൺകുട്ടിയെ പലതവണ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം മൃതദേഹം പാടത്ത് തള്ളുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

സെപ്റ്റംബർ 14, സ്വരൂപ് നഗർ: ഉറങ്ങിക്കിടക്കുകയായിരുന്ന ഒൻപത് വയസ്സുള്ള പെൺകുട്ടിയെ തട്ടിയെടുത്ത് പീഡിപ്പിച്ച കേസിൽ അയൽക്കാരനും അകന്ന ബന്ധുവുമായ 40-കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

സെപ്റ്റംബർ 16, സദർ ബസാർ: പത്തുവയസ്സുള്ള പെൺകുട്ടിയെ തയ്യൽക്കടയിലേക്ക് വിളിച്ചുവരുത്തി, കൈകാലുകൾ കൂട്ടിക്കെട്ടി ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തിൽ 56കാരനായ തയ്യൽക്കാരനെ അറസ്റ്റ് ചെയ്തു.

സെപ്റ്റംബർ 15, ഗാസിയാബാദ്: രാജ് നഗർ എക്സ്റ്റൻഷനിൽ വസ്ത്രങ്ങൾ കീറിയ നിലയിൽ ഒരു യുവതി ഹൗസിങ് സൊസൈറ്റിയിലൂടെ നടന്നുനീങ്ങുന്നതും, പ്രദേശവാസികളോട് വസ്ത്രങ്ങൾ ചോദിക്കുന്നതും കണ്ടതിനെത്തുടർന്ന് കൂട്ടബലാത്സംഗത്തിനിരയായതായി സംശയം ഉയർന്നു. എന്നാൽ ബലാത്സംഗം നടന്നിട്ടുണ്ടോ എന്ന് പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

സെപ്റ്റംബർ 21, കൽക്കാജി: കൽക്കാജി ക്ഷേത്ര സന്ദർശനത്തിനെത്തിയ 17കാരിയായ പെൺകുട്ടിയെയും സുഹൃത്തിനെയും മൂന്നംഗ സംഘം തോക്കും കത്തിയും കാട്ടി ഭീഷണിപ്പെടുത്തി. പോലീസുകാരെന്ന് നടിച്ചായിരുന്നു ആക്രമണം. ആസ്ത കുഞ്ചാ പാർക്കിൽ വെച്ച് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു.

സെപ്റ്റംബര്‍ 15 വരെയുളള ഡല്‍ഹി പോലീസിന്റെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം പോക്‌സോ അടക്കം 1020 ലൈംഗികാതിക്രമ കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ 653 കേസുകളും പോക്‌സോയുടെ പരിധിയില്‍ വരുന്നതാണ്.

നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഓരോ ദിവസവും 80തിന് മുകളില്‍ പീഡന കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. എന്നാല്‍ യഥാര്‍ത്ഥ കണക്കുകള്‍ അതിലും എത്രയോ മുകളില്‍ ആണെന്നാണ് പീപ്പിള്‍ എഗെയ്ന്‍സ്റ്റ് റേപ് ഇന്‍ ഇന്ത്യ പോലുളള സ്ത്രീകളുടെ സംഘടനകള്‍ പറയുന്നത്. ഭൂരിപക്ഷം കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് പോലുമില്ലെന്നത് ഭയാനകമാണ്.

നിയമങ്ങൾ മാറ്റിയത് കൊണ്ട് മാത്രം സ്ത്രീ സുരക്ഷ ഉറപ്പാക്കാനാകില്ലെന്നും ഈ മാറ്റങ്ങൾ ലൈംഗിക അതിക്രമങ്ങൾ കുറയ്ക്കുന്നതിൽ കാര്യമായ സ്വാധീനമൊന്നും ഉണ്ടാക്കിയിട്ടില്ലെന്നും സ്ത്രീപക്ഷ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു. കുടുംബങ്ങളിൽ മുതലിങ്ങോട്ട് ആഴത്തിൽ വേരൂന്നിയ പുരുഷാധിപത്യ മനോഭാവവും, ആവശ്യത്തിന് പൊലീസുകാരുടെ കുറവും, നീതി നടപ്പാക്കുന്നതിലെ കാലതാമസവും കുറ്റവാളികളിൽ പലർക്കും തങ്ങൾക്ക് ശിക്ഷയിൽ നിന്ന് രക്ഷപ്പെടാം എന്ന ബോധം ഉണ്ടാക്കുന്നുവെന്നാണ് സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma